അവതരണത്തിലെ പുതുമ കൊണ്ട് വലിയ രീതിയിൽ ശ്രദ്ധ നേടിയ നിവിൻ പോളി ചിത്രമായിരുന്നു ‘ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള’. അൽത്താഫ് സലിം സംവിധാനം ചെയ്ത ചിത്രത്തിൽ ലാൽ, അഹാന കൃഷ്ണൻ, ശാന്തി കൃഷ്ണ, ഐശ്വര്യ ലക്ഷ്മി തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രങ്ങൾ.
ക്യാൻസർ എന്ന അസുഖത്തിന്റെ തീവ്രത ഹ്യൂമറിലൂടെ അവതരിപ്പിച്ച ചിത്രമായിരുന്നു ഇത്. അന്ന് ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള ചെയ്യുമ്പോൾ സാധ്യതകൾ വളരെ കുറവായിരുന്നുവെന്നും ഡാർക്ക് ഹ്യൂമർ രീതിയിലുള്ള ചിത്രം പ്രേക്ഷകർ സ്വീകരിക്കുമോ എന്നത് സംശയമായിരുന്നുവെന്നും സംവിധായകൻ അൽത്താഫ് സലിം പറയുന്നു. ദി ക്യൂ സ്റ്റുഡിയോട് സംസാരിക്കുകയായിരുന്നു അൽത്താഫ്.
‘അന്ന് ഞാൻ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള ചെയ്യുന്ന സമയത്ത് അത്രയും എക്സ്പോഷർ ഒന്നുമില്ലല്ലോ. ഡാർക്ക് ഹ്യൂമർ പരിപാടിയൊന്നും അധികം മലയാളത്തിൽ വന്നിട്ടില്ല.
ഇപ്പോൾ എട്ട് വർഷമൊക്കെയായി. അത് കഴിഞ്ഞ് കൊവിഡിനൊക്കെ ശേഷമാണ് ഒ.ടി.ടിയൊക്കെ വന്ന് സാധ്യതകൾ കൂടുതൽ തുറക്കപ്പെടുന്നത്. അന്ന് നേരെ അത് റിലീസ് ചെയ്യുകയായിരുന്നു. ഒരാളും അങ്ങനെയൊരു രീതിയിലേക്ക് കടന്നിട്ടില്ല.
സെന്റിമെന്റ്സ് അല്ലേ കൂടുതൽ വരേണ്ടത്, അതിന്റെ കൂടെ ഈ ലൈൻ പറഞ്ഞു കഴിഞ്ഞാൽ വർക്ക് ആവുമോയെന്ന സംശയമൊക്കെ ഉണ്ടായിരുന്നു.
അതിനെ വായ കൊണ്ട് പറഞ്ഞ് മനസിലാക്കാൻ കഴിയില്ല. അങ്ങനെ ഏതെങ്കിലും ഒരു സിനിമ എടുത്ത് കാണിച്ച് കൊടുത്താൽ മാത്രമേ ചിലപ്പോൾ അത് മനസിലാവുകയുള്ളൂ,’അൽത്താഫ് സലിം പറയുന്നു.
Content Highlight: Althaf Salim Talk About Njandukalude Naatil Oridavellayil Movie