അല്‍ത്താഫ് സലീം, അനാര്‍ക്കലി മരക്കാര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനോദ് ലീല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ മന്ദാകിനി’.
ഷിജു .എം ബാസ്‌കര്‍, ശാലു എന്നിവരുടെ കഥയില്‍ ഒരുക്കുന്ന ഈ ചിത്രം ഒരു കോമഡി എന്റര്‍ടെയ്നറാണ്. സംവിധായകന്‍ അല്‍ത്താഫ് സലിമിനോപ്പം മലയാള സിനിമയിലെ പ്രമുഖ സംവിധായകരായ ലാല്‍ ജോസ്, ജൂഡ് ആന്തണി ജോസഫ്, ജിയോ ബേബി, അജയ് വാസുദേവ് എന്നിവരും സുപ്രധാന വേഷങ്ങളിലെത്തുന്ന സിനിമ എന്ന വലിയ പ്രത്യേകതയും ചിത്രത്തിനുണ്ട്.
മന്ദാകിനി സിനിമയിലെ ക്യാരക്ടര്‍ റെഫെറെന്‍സുകളെ കുറിച്ചുള്ള ക്യൂ സ്റ്റുഡിയോയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അല്‍ത്താഫ് സലിം. ‘മന്ദാകിനി വടക്കുനോക്കി യന്ത്രം പോലെയുള്ള ചിത്രങ്ങളുടെ ടെറേനിലുള്ള ഒരു ചിത്രമാണ്. ഇതിലെ നായകന്‍ ചെയ്യുന്ന കാര്യങ്ങളില്‍ ഇത്തിരി ക്ല്യുലെസ്സാണ്. കഥയില്‍ പെട്ടന്ന് കല്യാണം ശരിയാവുന്ന നായകന്‍, അതുമായി പുള്ളി പ്രിപേർഡല്ല.
വടക്കുനോക്കിയന്ത്രത്തിന്റെ അതെ ഫോര്‍മാറ്റിലാണ് ഈ ചിത്രവും തുടങ്ങുന്നത്. അങ്ങനെ നോക്കുമ്പോള്‍ ഈ രണ്ടു സിനിമകളുടെയും മീറ്റര്‍ ഒരുപോലെയാണ്. എന്റെ കഥാപാത്രം ശ്രീനിവാസന്‍ സാറിന്റെതു പോലെ തന്നെയാണ് പോവുന്നത്. തയ്യാറല്ലാത്ത ഒരു കല്യാണത്തിന് നായകന്‍ ഒരുങ്ങുന്നതും അതിനുശേഷം നടക്കുന്ന കോമഡികളും പരിപാടികളുമാണ് കഥ’, അല്‍ത്താഫ് സലിം പറഞ്ഞു
‘ഇതൊരു നീണ്ട ദാമ്പത്യത്തിന്റെ കഥയല്ല. കല്യാണവും അതടുപ്പിച്ചുള്ള രണ്ട് ദിവസത്തെയും കഥയാണ് പറയുന്നത്. കല്യാണത്തില്‍ തുടങ്ങി പിറ്റേന്ന് രാവിലെ അവസാനിക്കുന്ന കഥ ഒരു ടെയിൽ എന്‍ഡില്‍ അവസാനിക്കുന്നു. ഇതിനിടയില്‍ ഒരു ചെറിയ ഫ്‌ലാഷ് ബാക്കും പറയുന്നുണ്ട്. അത്രയേയുള്ളൂ കഥയുടെ ട്രാവല്‍. പക്ഷെ അതിലെ സിറ്റുവേഷന്‍സ് ആണ് സത്യത്തില്‍ സിനിമയെ ഫണ്‍ ആക്കുന്നത്’, അല്‍ത്താഫ് കൂട്ടിച്ചേര്‍ത്തു.
ആരോമല്‍ എന്ന കഥാപാത്രമായി അല്‍ത്താഫ് വേഷമിടുന്ന ചിത്രത്തില്‍ അമ്പിളി എന്ന കഥാപാത്രത്തെയാണ് അനാര്‍ക്കലി അവതരിപ്പിക്കുന്നത്. ഗണപതി, ജാഫര്‍ ഇടുക്കി, സരിത കുക്കു, വിനീത് തട്ടില്‍, അശ്വതി ശ്രീകാന്ത്, കുട്ടി അഖില്‍, അഖില നാഥ്, അല .എസ് നൈന, ഗിന്നസ് വിനോദ്, രശ്മി അനില്‍, ബബിത ബഷീര്‍, പ്രതീഷ് ജേക്കബ്, അമ്പിളി സുനില്‍, അഖില്‍ ഷാ, അജിംഷാ എന്നിവരും ചിത്രത്തിലുണ്ട്.
Content Highlight: Althaf Salim Talk About Mandhakini Movie