അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം സിനിമ അന്നും ഇന്നും മലയാളികൾ മറക്കില്ല. ഗിരി രാജൻ കോഴി എന്ന ഷറഫുദ്ദീൻ കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് നടനും സംവിധായകനുമായ അൽത്താഫ് സലിം.
ചിത്രത്തിൽ ലൈറ്റ് അപ്പിന് അഞ്ചുമിനിറ്റ് മുൻപാണ് ഗിരിരാജൻ കോഴി എന്ന കഥാപാത്രത്തിന്റെ സീൻ ഉണ്ടാക്കിയെടുത്തതെന്നും ഡയലോഗുകൾ അഭിനയിക്കുമ്പോൾ അറിയാതെ പറഞ്ഞ് പോയതാണെന്നും അൽത്താഫ് പറഞ്ഞു. ദി ഫോർത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പ്രേമത്തിൽ ഞാൻ ആദ്യം ചെയ്ത സീൻ ഷറഫൂന്റെ (ഷറഫുദ്ദീൻ) കൂടെയാണ്. പാലത്തിൽ വെച്ചുള്ള സീനിൽ ആണ് എന്നെ ആദ്യമായി കാണിക്കുന്നത്. അത് ഞങ്ങൾ ലൈറ്റ് അപ്പിന് അഞ്ചുമിനിറ്റ് മുൻപ് ഉണ്ടാക്കിയതാണ്. ചെറിയൊരു കണ്ടന്റ് ഉണ്ടായിരുന്നു. പക്ഷെ എന്താ ചെയ്യേണ്ടതെന്നൊന്നും പറഞ്ഞില്ല, ഷറഫൂ വരുമ്പോൾ ബ്ലോക്ക് ചെയ്യണമെന്ന് പറഞ്ഞു. ആദ്യം ഒരു ഡയലോഗ് പറഞ്ഞു, പിന്നെ അതിൽ പിടിച്ച് കേറി പോയി.
‘റാസൽ ഖൈമയിലെ വീട്ടിൽ ആ രാജകുമാരൻ ഒറ്റക്കായിരുന്നു’ എന്ന് പറയുമ്പോൾ ‘ഏത് രാജകുമാരനാ ചേട്ടാ’ എന്ന് ചോദിക്കുന്നുണ്ട്. അതൊക്കെ അവിടെ നിന്ന് സ്പോട്ടിൽ പറഞ്ഞ ഡയലോഗാണ്. ഞങ്ങൾ രണ്ടുപേരും അപ്പോൾ തന്നെ ഉണ്ടാക്കിയ ഡയലോഗാണത്. അതൊരു കംഫർട്ടബിൾസ്പോട്ട് ആയതുകൊണ്ടാണ്.
പ്രേമത്തിൽ ഞങ്ങൾ ട്യൂഷൻ സെന്ററിൽ നിന്ന് വരുന്ന സീൻ ഒക്കെ അങ്ങനെ ആണ്. ഒട്ടുമിക്ക സീനും ജസ്റ്റ് അൽഫോൻസ് പറഞ്ഞിട്ടുണ്ടാകും, ഡയലോഗോക്കെ ഞങ്ങൾ സ്പോട്ടിൽ പറയും,’ അൽത്താഫ് സലിം പറഞ്ഞു.
കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യർ ആദ്യമായി സംവിധാനം ചെയ്ത മധുര മനോഹര മോഹം ആണ് അൽത്താഫിന്റെ ഏറ്റവും പുതിയ ചിത്രം. ഷറഫുദ്ദീന്‍, രജിഷ വിജയന്‍, ബിന്ദു പണിക്കര്‍, സൈജു കുറുപ്പ്, ആര്‍ഷ ബൈജു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Content Highlights: Althaf Salim on Premam movie