സിനിമയുടെ എഡിറ്റ് കാണുന്നതിൽ തെറ്റൊന്നുമില്ലെന്നും, എഡിറ്റിങ്ങിൽ ഇടപെടാതിരുന്നാൽ മതിയെന്നും നടനും സംവിധായകനുമായ അൽതാഫ് സലിം പറഞ്ഞു. സിനിമയെ നന്നാക്കാൻ എല്ലാവർക്കും അഭിപ്രായം പറയാമെന്നും ഒരാളുടെ സീൻ മാത്രം എങ്ങനെ ആകണമെന്ന് ആ വ്യക്തി തീരുമാനം എടുക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എന്റെ അനുഭവത്തിൽ ഡബ്ബ് ചെയ്യുമ്പോഴോ ഫസ്റ്റ് കട്ടിന്റെ സമയത്തോ ആണ് ഞാൻ ഷൂട്ട് ചെയ്തതൊക്കെ കാണുന്നത്. എഡിറ്റൊക്കെ കാണിച്ച് കൊടുക്കുന്നതിൽ തെറ്റില്ല. പക്ഷെ എങ്ങനെയൊക്കെ കട്ട് ചെയ്യണം എന്ന് പറയുന്നതിലാണ് തെറ്റ്. അത് തികച്ചും ഡയറക്ടറിന്റെ വിഷനാണ്. ഡയറക്ടറും എഡിറ്ററും കൂടിയാണ് അതൊക്കെ തീരുമാനിക്കുന്നത്.
സിനിമ ഒരു കൂട്ടായ്മയാണ്. അപ്പോൾ അഭിനയിക്കുന്നവർക്ക് വേണമെങ്കിൽ കാണാം. അവരവരുടെ ഷോട്ടിൽ എന്തൊക്കെ വേണമെന്ന് പറഞ്ഞ് വാശിപിടിക്കരുത്. എങ്ങനെയാണ് എഡിറ്റ് ചെയ്യാൻ ഉദ്ദേശിച്ചിരിക്കുന്നതെന്ന് ഡയറക്ടർക്കും എഡിറ്റർക്കും മാത്രമാണ് അറിയുന്നത്. അതുകൊണ്ട് ഹെൽത്തി ആയിട്ടുള്ള അഭിപ്രായങ്ങൾ പറയാവുന്നതാണ്. സിനിമയെ നന്നാക്കാൻ എല്ലാവർക്കും അഭിപ്രായം പറയാവുന്നതാണ്,’ അൽതാഫ് പറഞ്ഞു.
അഭിമുഖത്തിൽ താൻ മറ്റൊരാളുടെ സിനിമയിൽ അഭിനയിക്കുമ്പോൾ തന്റെ ഭാഗത്തുനിന്നുള്ള അഭിപ്രായങ്ങൾ പറയാറില്ലെന്നും അത് തെറ്റായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
‘മറ്റൊരാളുടെ സിനിമയിൽ അഭിനയിക്കുമ്പോൾ ഞാൻ അഭിപ്രായങ്ങൾ പറയാറില്ല. അത് മറ്റൊരാളുടെ സിനിമയാണ്, അയാളുടെ വിഷനുകളുമാണ് അതിൽ വരുന്നത്. അതിൽ കേറി നമ്മൾ അഭിപ്രായം പറയുന്നത് ശരിയല്ല. അഭിനയവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കൂടുതലും സംസാരിക്കുന്നത്. അതിന്റെ ടെക്നിക്കൽ വശങ്ങളിലേക്ക് കടക്കാറില്ല. ഒരു സിനിമയിലും അങ്ങനെ ചെയ്യുന്നത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല. ഏറ്റവും നല്ലത് ആ സിനിമയുടെ തന്നെ സംവിധായകൻ എല്ലാം ചെയ്യുന്നതാണ്,’ അൽതാഫ് പറഞ്ഞു.