ഫഹദിനെയും ആ നടനെയും എനിക്ക് ഒരിക്കലും കമ്പയര്‍ ചെയ്യാന്‍ കഴിയില്ല: അല്‍ത്താഫ് സലിം
Entertainment
ഫഹദിനെയും ആ നടനെയും എനിക്ക് ഒരിക്കലും കമ്പയര്‍ ചെയ്യാന്‍ കഴിയില്ല: അല്‍ത്താഫ് സലിം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 10, 12:00 pm
Monday, 10th February 2025, 5:30 pm

പ്രേമത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടനാണ് അല്‍ത്താഫ് സലിം. ചിത്രത്തിലെ ജഹാംഗീര്‍ എന്ന കഥാപാത്രം ചെറുതായിരുന്നെങ്കിലും ശ്രദ്ധിക്കപ്പെട്ടു. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ അല്‍ത്താഫ് അവതരിപ്പിച്ചു. അഭിനയത്തിന് പുറമെ സംവിധാനത്തിലും അല്‍ത്താഫ് തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

നിവിന്‍ പോളി, ലാല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അല്‍ത്താഫ് സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള ആ വര്‍ഷത്തെ ഓണം വിന്നറായിരുന്നു. വീണ്ടും സംവിധായകകുപ്പായണിയുന്ന ചിത്രമാണ് ഓടും കുതിര, ചാടും കുതിര. ആവേശത്തിന് ശേഷം ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രം റോം കോം ഴോണറിലാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് അല്‍ത്താഫ് സലിം.

സംവിധാനം ചെയ്ത രണ്ട് ചിത്രങ്ങളും ആകസ്മികമായി സംഭവിച്ചാതാണെന്ന് അല്‍ത്താഫ് പറഞ്ഞു. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയുടെ കഥ നിവിനോട് പറഞ്ഞപ്പോള്‍ തന്നെ അയാള്‍ ആ കഥയില്‍ കണ്‍വിന്‍സ്ഡ് ആയെന്നും പെട്ടെന്ന് തന്നെ ഷൂട്ട് തുടങ്ങിയെന്നും അല്‍ത്താഫ് കൂട്ടിച്ചേര്‍ത്തു. അതുപോലെ ഫഹദിനോട് കഥ പറഞ്ഞപ്പോളും ഇമ്മീഡിയറ്റായി പ്രൊജക്ട് ഓണായെന്നും അല്‍ത്താഫ് പറഞ്ഞു.

രണ്ടുപേരെയും ഒരിക്കലും കമ്പയര്‍ ചെയ്യാന്‍ സാധിക്കില്ലെന്നും ഫഹദിനെപ്പോലെയല്ല നിവിനെന്നും അല്‍ത്താഫ് കൂട്ടിച്ചേര്‍ത്തു. ഫഹദ് കുറച്ചുകൂടെ ഇന്റന്‍സാണെന്നും നിവിന്‍ വളരെ കൂളാണെന്നും അല്‍ത്താഫ് പറഞ്ഞു. സെറ്റില്‍ രണ്ടുപേരും വളരെ ഫ്രണ്ട്‌ലിയാണെന്നും രണ്ടുപേരുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ തനിക്ക് ഇഷ്ടമാണെന്നും അല്‍ത്താഫ് കൂട്ടിച്ചേര്‍ത്തു. സില്ലി മോങ്ക്‌സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു അല്‍ത്താഫ് സലിം.

‘ഞണ്ടുകളുടെ നാടായാലും ഓടും കുതിരയായാലും വലിയ പ്ലാനിങ്ങൊന്നുമില്ലാതെ ചെയ്തതാണ്. നിവിനോട് കഥ പറഞ്ഞപ്പോള്‍ തന്നെ അയാള്‍ക്ക് അത് ഇഷ്ടമായി. പെട്ടെന്ന് തന്നെ ആ പ്രൊജക്ട് ഓണ്‍ ആയി. അതുപോലെ തന്നെ ഷാനുവിനോട് ഈ പ്രൊജക്ടിനെപ്പറ്റി പറഞ്ഞപ്പോള്‍ പുള്ളിയും ആ കഥയില്‍ ഓക്കെയായി. രണ്ട് പടവും ഇമ്മീഡിയറ്റായി ഓണായ പടങ്ങളാണ്.

ഫഹദിനെയും നിവിനെയും എനിക്ക് ഒരിക്കലും കമ്പയര്‍ ചെയ്യാന്‍ പറ്റില്ല. കാരണം, രണ്ട് പടങ്ങളും രണ്ട് ടൈപ്പാണ്. ഒന്ന് കുറച്ച് ഡ്രാമയാണെങ്കില്‍ മറ്റേത് പക്കാ റോം കോമാണ്. പിന്നെ ഫഹദ് കുറച്ചുകൂടെ ഇന്റന്‍സാണ്. നിവിന്‍ അങ്ങനെയല്ല, നമ്മള്‍ പറയുന്നത് കറക്ടായി ചെയ്ത് നമുക്ക് തന്നെ തരും. രണ്ട് പേരുടെയും സ്റ്റൈല്‍ വ്യത്യസ്തമാണ്,’ അല്‍ത്താഫ് സലിം പറയുന്നു.

Content Highlight: Althaf Salim about Fahadh Faasil and Nivin Pauly