ബി.ബി.സി ഡോക്യുമെന്ററിക്ക് ബദൽ; ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ കശ്മീർ ഫയൽസ് പ്രദർശിപ്പിച്ച് എ.ബി.വി.പി
national news
ബി.ബി.സി ഡോക്യുമെന്ററിക്ക് ബദൽ; ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ കശ്മീർ ഫയൽസ് പ്രദർശിപ്പിച്ച് എ.ബി.വി.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 27th January 2023, 10:44 am

ഹൈദരാബാദ്: ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ കശ്മീർ ഫയൽസ് പ്രദർശിപ്പിച്ച് ഏ.ബി.വി.പി.
വ്യാഴാഴ്ച എസ്.എഫ്.ഐ ക്യാമ്പസിൽ വിവാദ ഡോക്യുമെന്ററി “ഇന്ത്യ:ദി മോദി ക്വസ്റ്റ്യൻ ”  പ്രദർശിപ്പിച്ചതിന് ബദലായാണ് എ.ബി.വി.പി കശ്മീർ ഫയൽസിന്റെ പ്രദർശനം നടത്തിയത്.

‘ഫ്രട്ടേണിറ്റി മൂവ്മെന്റ്’ ജനുവരി 21ന് ക്യാമ്പസിൽ മുൻ‌കൂർ അനുമതിയില്ലാതെ നേരത്തെ ഡോക്യുമെന്ററി പ്രദർശിപ്പിച്ചിരുന്നു. ഇതിനെ തുടർന്ന് യൂണിവേഴ്സിറ്റി അധികൃതർ സംഘടനയോട് വിശദീകരണം തേടുകയും സംഭവത്തിൽ കുറ്റക്കാരെന്ന് തെളിഞ്ഞാൽ ബന്ധപ്പെട്ട വിദ്യാർത്ഥികൾക്ക് നേരെ നടപടി സ്വീകരിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

2002ലെ ഗുജറാത്ത് കലാപത്തിൽ അന്നത്തെ മുഖ്യ മന്ത്രിയായിരുന്ന മോദിക്ക് വ്യക്തമായ പങ്കുണ്ടെന്ന് ആരോപിക്കുന്ന ഇന്ത്യ:ദി മോദി ക്വസ്റ്റ്യൻ ഇന്ത്യയിൽ പ്രദർശിപ്പിക്കുന്നതിൽ നിന്നും സമൂഹ മാധ്യമങ്ങളെ കേന്ദ്ര സർക്കാർ തടയുകയും ഡോക്യുമെന്ററിയുടെ ലിങ്കുകൾ ബ്ലോക്ക്‌ ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു.

ഇത് അഭിപ്രായ സ്വാതന്ത്രത്തിലേക്കുള്ള കടന്ന് കയറ്റവും അടിയന്തരാവസ്ഥക്ക് സമാനവുമാണ് എന്ന് ആരോപിച്ചാണ് രാജ്യത്ത് ഉടനീളം പ്രതിപക്ഷ പാർട്ടികളും വിദ്യാർത്ഥി സംഘടനകളും ബി.ബി.സി ഡോക്യുമെന്ററിയുടെ പ്രദർശനം നടത്തുന്നത്.

ഹൈദരാബാദ് യൂണിവേഴ്സിറ്റിയിൽ എസ്.എഫ്.ഐ നടത്തിയ ഡോക്യുമെന്ററി പ്രദർശനത്തിൽ ഏകദേശം നാന്നൂറിലധികം വിദ്യാർത്ഥികൾ പങ്കെടുത്തെന്നാണ് എസ്.എഫ്.ഐയുടെ യൂണിറ്റ് കമ്മിറ്റിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ നിന്ന് ട്വീറ്റ്‌ ചെയ്തിരിക്കുന്നത്.

എസ്.എഫ്.ഐ വിദേശ ശക്തികളുടെ അജണ്ടകൾക്ക് ചട്ടുകമാകുന്നു എന്ന് ആരോപിച്ച് എ.ബി.വി. പി യൂണിവേഴ്സിറ്റിയുടെ മെയിൻ ഗേറ്റിൽ പ്രതിഷേധം സംഘടിപ്പിക്കുകയും തങ്ങളെ അകത്ത് കടക്കാൻ അനുവദിക്കാത്തതിൽ യൂണിവേഴ്സിറ്റി അധികൃതർക്കെതിരെ മുദ്രാവാക്യം മുഴക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ക്യാമ്പസിനുള്ളിൽ സംഘടന കശ്മീർ ഫയൽസ് പ്രദർശിപ്പിച്ചത്.

എന്നാൽ ഇരു വിദ്യാർത്ഥി സംഘടനകൾക്കുമെതിരെ യൂണിവേഴ്സിറ്റി രജിസ്ട്രാർ ദേവേശ് നിഗം രംഗത്ത് വന്നിട്ടുണ്ട്. അടുത്ത ആഴ്ച സെമസ്റ്റർ എക്സാം തുടങ്ങുന്ന സാഹചര്യത്തിൽ ക്യാമ്പസിലെ സമാധാന അന്തരീക്ഷം തടസപ്പെടുത്തരുതെന്നും സ്ക്രീനിങ്‌ ഉൾപ്പെടെയുള്ള ഒരു നടപടികളിലേക്കും വിദ്യാർത്ഥികൾ കടക്കരുതെന്നുമാണ് ദേവേശ് നിഗം അഭ്യർത്ഥിച്ചിരിക്കുന്നത്.

അതേസമയം ഇന്ത്യൻ സർക്കാരിന്റെ പ്രതിഷേധങ്ങൾ തുടരുമ്പോഴും ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ബി.ബി. സി പുറത്ത് വിട്ടിരുന്നു.
മോദി ഇന്ത്യയിൽ അധികാരത്തിൽ വന്നതിനെ ശേഷം ഇന്ത്യയിലെ മുസ്‌ലിം ജന വിഭാഗം അനുഭവിക്കുന്ന അരക്ഷിതാവസ്ഥയെക്കുറിച്ചാണ് ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം പ്രതിപാദിക്കുന്നത്.

 

Content Highlights:Alternative to BBC Documentary; ABVP exhibited Kashmir files at Hyderabad Central University