| Friday, 5th October 2018, 8:34 am

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ബി.ജെ.പിയ്‌ക്കെതിരെ ബദല്‍ മുന്നണി; കുമാരസ്വാമിയുമായി ചര്‍ച്ച നടത്തിയെന്ന് ചന്ദ്രബാബു നായിഡുവിന്റെ വെളിപ്പെടുത്തല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ബി.ജെ.പിക്കെതിര ബദല്‍ മുന്നണി രൂപപ്പെടുമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. പി.ടി.ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

“മോദി സര്‍ക്കാരിന്റെ ഭരണത്തിന് കീഴില്‍ ജനങ്ങള്‍ രോഷാകുലരാണ്. അതുകൊണ്ട് തന്നെ പുതിയതായി രൂപം കൊള്ളുന്ന ബദല്‍ മുന്നണിയെ ജനങ്ങള്‍ സ്വീകരിക്കും.”

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടാതെ തന്നെ ബദല്‍ രൂപീകരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യതാത്പര്യത്തിനായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുള്ള എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാവും ബദല്‍ മുന്നണിയെന്നും സഖ്യരൂപീകരണത്തിനായി രാജ്യത്തെ വിവിധ പാര്‍ട്ടികളെ താന്‍ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

ALSO READ: ആരോഗ്യ ഇന്‍ഷുറന്‍സ് പട്ടികയില്‍ മന്ത്രിയും വന്‍ കോര്‍പ്പറേറ്റുകളും; ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ വന്‍ ക്രമക്കേട്

കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുമായി ചര്‍ച്ച നടത്തിയെന്ന് സ്ഥിരീകരിച്ചെങ്കിലും കൂടുതല്‍ വിശദാംശങ്ങള്‍ പറയാന്‍ അദ്ദേഹം തയ്യാറായില്ല.

രാഷ്ട്രീയ സഖ്യങ്ങള്‍ ഒറ്റ രാത്രികൊണ്ട് ഉണ്ടാകുന്നതല്ലെന്നും വ്യത്യസ്ത സാഹചര്യങ്ങളിലും സമയങ്ങളിലും മുന്‍പും സഖ്യങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും നായിഡു ചൂണ്ടിക്കാണിച്ചു. ഇത് തെരഞ്ഞെടുപ്പിന് മുമ്പോ ശേഷമോ ആകാമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവര്‍ക്കും പൊതുസമ്മതിയുള്ള ഒരു നേതാവ് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുന്നത് നല്ലതായിരിക്കും. തെരഞ്ഞെടുപ്പിന് ശേഷവും ഇത് നിര്‍ണയിക്കാമെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more