കോഴിക്കോട്: കെ. സുധാകരന് മുന്നെ കെ റെയിലിന് ബദല്‍ നിര്‍ദേശിച്ചത് പ്രമുഖ സഹകാരിയും എം.വി.ആര്‍ ക്യാന്‍സര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനും ലാഡര്‍ സഹകരണ സംഘത്തിന്റെ ചെയര്‍മാനുമായ സി.എന്‍. വിജയകൃഷ്ണന്‍. കെ ഫ്‌ളൈറ്റ് എന്ന പേരില്‍ കേരള എയര്‍ലൈന്‍സ് തുടങ്ങണമെന്ന് സി.എന്‍. വിജയകൃഷ്ണന്‍ പറഞ്ഞിരുന്നു.
കെ റെയിലിന് പകരം വിമാനം പോലൊരു ബസ് പോരേയെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. കെ.എസ്.ആര്‍.ടി.സിയുടെ ടൗണ്‍ ടു ടൗണ്‍ പോലെ വിമാന സര്‍വീസ് നടത്തിയാല്‍ ഈ പ്രശ്നം പരിഹരിക്കാന്‍ സാധിക്കില്ലെയെന്നാണ് കെ. സുധാകരന്‍ പറഞ്ഞത്.
എന്നാല്‍ 2021 ഡിസംബര്‍ 28ന് പ്രസിദ്ധീകരിച്ച മാതൃഭൂമി പത്രത്തിലെഴുതിയ ലേഖനത്തിലാണ് വിജയകൃഷ്ണന്‍ കെ റെയില്‍ ബദലിനെ കുറിച്ച് സംസാരിക്കുന്നുണ്ട്.
‘100 കോടി രൂപയുണ്ടെങ്കില്‍ 48 പേര്‍ക്ക് ഇരിക്കാവുന്ന അഞ്ച് ഫ്‌ളൈറ്റുകള്‍ ഒരു കൊല്ലം പറത്താം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ ഇപ്പോഴുണ്ട്, പത്തനംതിട്ട വരികയും ചെയ്യും. ഈ ചെറിയ ഫ്‌ളൈറ്റുകള്‍ ഇറങ്ങാന്‍ ചെറിയ എയര്‍പോര്‍ട്ട് മതി. 2000 മീറ്റര്‍ നീളത്തിലും 160 മീറ്റര്‍ വീതിയിലുമുള്ള ഒരു റണ്‍വേ ഉണ്ടായാല്‍ മതി.
കാഞ്ഞങ്ങാടിന്റെയും കാസര്‍കോടിന്റെയും ഇടയില്‍ ഒരു എയര്‍പോര്‍ട്ടുകൂടി ആലോചിക്കാവുന്നതാണ്. അതുപോലെത്തന്നെ ടൂറിസം വികസനത്തിനായി ഈ എയര്‍ലൈന്‍സിന്റെ കൂടെ ഹെലികോപ്റ്ററും എടുക്കാം. ഒരു വര്‍ഷം ഫ്‌ളൈറ്റ് ഓടിക്കാനുള്ള ചെലവ് ലൈസന്‍സ് ഫീയടക്കം 100 കോടിയില്‍ താഴെയേ വരു. ഇതിനുവരുന്ന വലിയ ചെലവ് കാഞ്ഞങ്ങാടിനും കാസര്‍കോടിനുമിടയിലുള്ള എയര്‍പോര്‍ട്ട് ഉണ്ടാക്കാന്‍ മാത്രമാണ്. അത് സാവധാനം മതി.
കാസര്‍കോട്ടുകാര്‍ക്ക് നിലവില്‍ മംഗലാപുരം എയര്‍പോര്‍ട്ട് ഉപയോഗിക്കാം. മംഗലാപുരം, കോയമ്പത്തൂര്‍, മധുര, ചെന്നൈ, ഗോവ എന്നീ എയര്‍പോര്‍ട്ടുകളുമായി ഇതിനെ ബന്ധിപ്പിച്ച് വലിയൊരു ശൃംഖലയുണ്ടാക്കാന്‍ കഴിയും. ഇപ്പോള്‍ത്തന്നെ കാസര്‍കോട്ടുള്ള ഒരു വ്യക്തിക്ക് മംഗലാപുരം എയര്‍പോര്‍ട്ടിലെത്താന്‍ ഒന്നരമണിക്കൂറും ഫ്‌ളൈറ്റ് കാത്തിരിക്കാന്‍ ഒരു മണിക്കുറും ഫ്‌ളൈറ്റ് തിരുവനന്തപുരത്തെത്താന്‍ ഒരു മണിക്കൂറും വേണം. അതായത്, മൂന്നരമണിക്കുര്‍ കൊണ്ട് എത്താം. പയ്യന്നൂരില്‍നിന്നുള്ള ഒരാള്‍ക്ക് കണ്ണൂര്‍ എയര്‍പോര്‍ട്ടിലെത്താന്‍ ഒരു മണിക്കൂറും ഫ്‌ളൈറ്റ് കാത്തിരിക്കാന്‍ ഒരു മണിക്കൂറും തിരുവനന്തപുരത്തെത്താന്‍ 60 മിനിറ്റും മതിയാകും.
കോഴിക്കോട്ടുകാര്‍ക്കും എറണാകുളത്തുകാര്‍ക്കും ഇതൊരു വലിയ പ്രശ്‌നമേയല്ല, കോയമ്പത്തൂരുമായും ചെന്നൈ, ബെംഗളൂരുവുമായും വാണിജ്യബന്ധം സ്ഥാപിക്കാന്‍ ഇത് സഹായിക്കും. കേന്ദ്രസര്‍ക്കാര്‍ എയര്‍ലൈന്‍സ് വില്‍ക്കുമ്പോള്‍ കേരള സര്‍ക്കാര്‍ എയര്‍ലൈന്‍സ് ആരംഭിക്കുന്നു എന്നുള്ള ഒരു സന്ദേശം കൊടുക്കാനും സാധിക്കും. നമ്മള്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടിന് ടെന്‍ഡര്‍ ചെയ്ത സംസ്ഥാനമാണ്. അതുകൊണ്ടുതന്നെ ഈ പദ്ധതി വലിയ വിജയമായിരിക്കും. വിദഗ്ധരുമായി സംസാരിച്ച് 120 ദിവസം കൊണ്ട് ഇതുതുടങ്ങാന്‍ കഴിയും.
ഒരു കൊല്ലം 100 കോടിരൂപ നഷ്ടം വന്നാല്‍ 10 കൊല്ലത്തേക്ക് 1000 കോടിരൂപമാത്രമാണ് നഷ്ടം വരിക. ഈ പദ്ധതി നടപ്പാക്കാന്‍ മുഖ്യമന്ത്രിയും സര്‍ക്കാരും ഐ.എ.എസ്, ഐ.പി.എസ്. ഉദ്യോഗസ്ഥരും വിദഗ്ധരും തയ്യാറുണ്ടോ എന്നതാണ് ചോദ്യം. പ്രകൃതിക്ക് ഒരു ദോഷവും ഈ പദ്ധതികൊണ്ട് വരുന്നില്ല. ദിവസം 480 യാത്രക്കാര്‍ ഒരു ഫ്‌ളൈറ്റില്‍ 48 ആളുകള്‍. ഒരു ദിവസം ഒരു എയര്‍പോര്‍ട്ടില്‍നിന്ന് 10 ഫ്‌ളൈറ്റുണ്ടെങ്കില്‍ 10 ട്രിപ്പെടുക്കാന്‍ കഴിയും. എങ്കില്‍ ഒരു ദിവസം 480 യാത്രക്കാരെ കൊണ്ടുപോകാന്‍ കഴിയും. ടിക്കറ്റ് ചാര്‍ജായി കുറഞ്ഞത് 2000 രൂപ ഈടാക്കിയാല്‍ സുഖസുന്ദരമായി പദ്ധതി വിജയിപ്പിക്കാം.
480 ആളുകള്‍ക്ക് 2000 രൂപവെച്ച് 10 ട്രിപ്പ് ഓടിക്കുമ്പോള്‍ ഒരു ദിവസം 96 ലക്ഷം രൂപ വരുമാനം ലഭിക്കും. ഒരു മാസം ഏകദേശം 20 കോടിയും ഒരു വര്‍ഷം ഏകദേശം 348 കോടിയും വരുമാനമുണ്ടാക്കാം. എല്ലാ ദിവസവും മുഴുവന്‍ ടിക്കറ്റും ചെലവാകണമെന്നില്ല, എന്നിരുന്നാലും ഒരു വര്‍ഷം വരുമാനത്തിന്റെ 60 ശതമാനം എടുത്താല്‍പ്പോലും വര്‍ഷത്തില്‍ വന്‍ ലാഭമായിരിക്കും. 10 ട്രിപ്പ് എന്നുള്ളത് 12-14 ട്രിപ്പാക്കി സര്‍വീസ് ഉയര്‍ത്താനും കഴിയും. ഓരോ ഫ്‌ളൈറ്റിലും ഒരു ടണ്ണിന് തുല്യമായ പാര്‍സലുകള്‍ കൊണ്ടുപോകാന്‍ കഴിയും. അതില്‍നിന്നും വരുമാനമുണ്ടാക്കാം. വിമാനത്തിന്റെ പുറത്തും വിമാനത്തിനുള്ളിലും സീറ്റുകളിലും പരസ്യംകൊടുക്കാന്‍ അനുവദിച്ചാല്‍ പരസ്യദാതാക്കളില്‍ നിന്നും വരുമാനമുണ്ടാക്കാം. ഇതിനുപുറമേ ബെംഗളൂരു, ചെന്നൈ, ഗോവയിലേക്കുള്ള അഡീഷണല്‍ ചാര്‍ജ് കെ-എയര്‍ലൈന്‍സിന് വാങ്ങാവുന്നതാണ്,’ വിജയകൃഷ്ണന്‍ ലേഖനത്തില്‍ പറയുന്നു.
എല്ലാ ദിശയിലേക്കും ഓരോ വിമാനങ്ങള്‍ ഉണ്ടെന്ന് കരുതുക, അത് തൊട്ടടുത്ത എയര്‍പോര്‍ട്ടില്‍ അരമണിക്കൂര്‍ ലാന്റ് ചെയ്യും. അതായത് മംഗലാപുരത്ത് നിന്നും രാവിലെ ഏഴിന് പുറപ്പെടുന്ന ഒരാള്‍ പത്തരയാകുമ്പോള്‍ തിരുവനന്തപുരത്ത് എത്തുമെന്ന് കെ. സുധാകരന്‍ നേരത്തെ പറഞ്ഞിരുന്നു.
നാല് മണിക്കൂര്‍ കൊണ്ട് കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തെത്താന്‍ നിലവിലുള്ള സംവിധാനങ്ങള്‍ ചെറുതായി പരിഷ്‌കരിച്ചാല്‍ സാധിക്കും. അതും 1000 കോടിക്ക്. അതിന് 1.33 ലക്ഷം കോടി കരിങ്കടം വാങ്ങി, ഭാവി തലമുറയെ അപ്പാടെ കടക്കാരാക്കേണ്ടതുണ്ടോ.
അതുപോലെ തിരുവനന്തപുരത്ത് നിന്ന് വൈകീട്ട് അഞ്ചിന്ന് പുറപ്പെട്ടാല്‍ ഏഴരയാകുമ്പോള്‍ കണ്ണൂരിലെത്താം. നമുക്ക് ഈ പദ്ധതിക്ക് ഫ്ളൈഇന്‍ കേരള എന്ന് പേരിടാം.
കെ. ഫോണും, കെ റെയിലും, കൊക്കോണിക്സുമൊക്കെ നമ്മള്‍ കേട്ട് മടുത്തില്ലെ. പറക്കും കേരളമെന്നും കേരളത്തിലൂടെ പറക്കാമെന്നും അര്‍ത്ഥമാക്കുന്നു ഫ്ളൈഇന്‍ കേരള എന്ന പ്രയോഗമെന്നും കെ. സുധാകരന്‍ പറഞ്ഞിരുന്നു.
ഫ്ളൈഇന്‍ കേരള വിമാനങ്ങളില്‍ റിസര്‍വേഷന്‍ നിര്‍ബന്ധമല്ല. എയര്‍പോര്‍ട്ടില്‍ എത്തിയിട്ട് ടിക്കെറ്റുത്താല്‍ മതി. ഇനി റിസര്‍വേഷന്‍ ഉണ്ടെങ്കിലും അഥവാ ലേറ്റ് ആയാല്‍ പണം നഷ്ടപ്പെടില്ല.
ഒമ്പത് മണിക്കുള്ള ഫ്ളൈറ്റ് കിട്ടിയില്ലെങ്കില്‍ പത്ത് മണിക്കുള്ളതിന് പോകാം. അതുപോലെ നിരക്ക് കൂടുന്നതനുസരിച്ച് ടിക്കറ്റ് വില കൂടുന്ന സമ്പ്രദായം ഉണ്ടാവില്ല. ആദ്യത്തെ ടിക്കറ്റിനും അവസാനത്തെ ടിക്കറ്റിനും ഒരേ വിലയായിരിക്കും. എല്ലാ അര്‍ത്ഥത്തിലും ഒരു എ.സി ബസ് പോലെയെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടിരുന്നു.
Content Highlights: Alternative for K Rail first proposed by C.N. Vijayakrishnan than K. Sudhakaran