പബ്ജി നിരോധിച്ചാല്‍ എന്തു ചെയ്യും? ഓണ്‍ലൈനില്‍ കളിക്കാന്‍ അഞ്ച് റോയല്‍ ബാറ്റില്‍ ഗെയിമുകള്‍ ഇതാ...
national news
പബ്ജി നിരോധിച്ചാല്‍ എന്തു ചെയ്യും? ഓണ്‍ലൈനില്‍ കളിക്കാന്‍ അഞ്ച് റോയല്‍ ബാറ്റില്‍ ഗെയിമുകള്‍ ഇതാ...
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 28th July 2020, 5:35 pm

തിങ്കളാഴ്ചയാണ് ചൈനയുമായി ബന്ധമുള്ള 47 ആപ്പുകള്‍ ഇന്ത്യ നിരോധിക്കുന്നത്. നേരത്തെ നിരോധിച്ച 59 ആപ്പുകളില്‍ പലതിന്റെയും ക്ലോണ്‍ പതിപ്പുകള്‍ ലഭിക്കുന്നുണ്ടെന്ന് കാരണം കാണിച്ചാണ് 47 ആപ്പുകളെ കൂടി നിരോധിച്ചത്. നിരോധിക്കുന്ന ആപ്പുകളുടെ കൂട്ടത്തില്‍ ഗെയിമിംഗ് ആപ്പ് ആയ പബ്ജി കൂടി ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന വാര്‍ത്ത ഗെയിം പ്രേമികളെ നിരാശരാക്കിയിരിക്കുകയാണ്.

പബ്ജി നിരോധനം ഉണ്ടാകുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഒരു പക്ഷെ നിരോധിക്കപ്പെട്ടാല്‍ അതിന് പകരം മറ്റ് ഗെയിം കണ്ടെത്തണമല്ലോ. അതേ നിലവാരത്തിലുള്ള അഞ്ച് ഓണ്‍ലൈന്‍ ഗെയിമിംഗ് ആപ്പുകളെക്കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്.

ഫോര്‍ട്ട്‌നൈറ്റ് (fortnite)

മൊബൈല്‍, പ്ലേസ്റ്റേഷന്‍ ഫോര്‍, എക്‌സ് ബോക്‌സ് വണ്‍, എന്നിവയില്‍ ലഭ്യമായ ഗെയിമാണിത്. ലോകത്തിലെ ഏറ്റവും വലിയ റോയല്‍ വാര്‍ ഗെയിം എന്ന പേരും ഇതിന് സ്വന്തമാണ്. 100 പേര്‍ യുദ്ധക്കളത്തിലേക്ക് ചാടിവീഴുന്നു. അവസാനം വരെ തുടരുന്ന ആള്‍ വിജയിക്കുന്നു. ഇതാണ് ഗെയിം

കോള്‍ ഓഫ് ഡ്യൂട്ടി

പലരുടെയും കുട്ടിക്കാലത്തെ ഇഷ്ടഗെയിമായ കോള്‍ ഓഫ് ഡ്യൂട്ടിയുടെ മൊബൈല്‍ പതിപ്പ് കഴിഞ്ഞ ഒക്ടോബറിലാണ് ആരംഭിച്ചത്. പബ്ജി ഗെയിമുകള്‍ക്ക് കടുത്ത വെല്ലുവിളിയുയര്‍ത്തിയ ഗെയിമായിരുന്നു കോള്‍ ഓഫ് ഡ്യൂട്ടി. ചരിത്രത്തിലെ ഏറ്റവും വലിയ മൊബൈല്‍ ഗെയിം ലോഞ്ചുകളിലൊന്നായിരുന്നു കോള്‍ ഓഫ് ഡ്യൂട്ടിയുടെത്. 2020 ജൂണ്‍ ആയപ്പോഴേക്കും 250 ദശലക്ഷം ഡൗണ്‍ലോഡുകളുമായി 327 ദശലക്ഷം ഡോളര്‍ ഈ ഗെയിം നേടി. പബ്ജിക്ക് സമാനമായുള്ള ഗെയിം ആണിത്. 100 പേര്‍ തോക്കുകളുമായി യുദ്ധക്കളത്തിലേക്ക് നീങ്ങുന്നത് തന്നെയാണ് ഈ ഗെയിമും പിന്‍തുടരുന്നത്.

 

ബാറ്റില്‍ലാന്റ്‌സ് റോയല്‍

ഒരേ സമയം 35 പേര്‍ക്ക് കളിക്കാന്‍ കഴിയുന്ന ഗെയിമാണിത്. 3-5 മിനിറ്റ് ദൈര്‍ഘ്യമുള്ള ഗെയിം സെക്ഷനില്‍ പങ്കെടുക്കാം. ആന്‍ഡ്രോയിഡ്, ഐ.ഒ.എസുകളില്‍ ഇവ ലഭ്യമാണ്.

 

ഗരേന ഫ്രീ ഫയര്‍: റാമ്പേജ്

ഈ ഗെയിം ഐ.ഒ.എസ്. ആന്‍ഡ്രോയിഡ് എന്നിവയില്‍ ലഭ്യമാണ്. എന്നിരുന്നാലും, ഇത് ഇപ്പോഴും പബ്ജി പോലെ ജനപ്രിയമല്ല. പലരും ഒരു അണ്ടര്‍ഡോഗ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ഗെയിമില്‍ 10 മിനിറ്റ് ദൈര്‍ഘ്യമുള്ള ഗെയിം സെഷനുകളാണ് ഉള്‍ക്കൊള്ളുന്നത്.

ബ്ലാക്ക് സര്‍വൈവല്‍

20 മിനിറ്റ് ദൈര്‍ഘ്യമുള്ള ഗെയിമുകളാണ് ഇവ. പത്ത് കളിക്കാര്‍ക്ക് ഗെയിമില്‍ പങ്കെടുക്കാന്‍ കഴിയുന്നു. ഒരു റിമോട്ട് ഐലന്റ് പശ്ചാത്തലത്തിലാണ് ഈ ഗെയിം ഒരുക്കിയിരിക്കുന്നത്.