| Friday, 11th May 2012, 3:25 pm

വ്യാജപരസ്യം നല്‍കി വഞ്ചന; ഇന്ദുലേഖ, ധാത്രി, ശ്രീധരീയം എന്നിവയുടെ ലൈസന്‍സ് റദ്ദാക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വസ്തുതാവിരുദ്ധമായ പരസ്യങ്ങള്‍ നല്‍കി ഉപഭോക്താക്കളെ കബളിപ്പിച്ച കേസില്‍ ഇന്ദുലേഖ, ധാത്രി, ശ്രീധരീയം എന്നീ ഉല്‍പന്നങ്ങളുടെ ലൈസന്‍സ് റദ്ദാക്കും. ഇവര്‍ക്കെതിരെയുള്ള നിയമനടപടികള്‍ ഡ്രഗ്‌സ് കണ്ട്രോള്‍ വിഭാഗം ആരംഭിച്ചുകഴിഞ്ഞു. ഈ ഉല്പനങ്ങളുടെ നിര്‍മാതാക്കള്‍ക്കെതിരെ കേസെടുത്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.[]

ഉപഭോക്താക്കളെ കബളിപ്പിച്ച കുറ്റത്തിന് ഇന്ദുലേഖ, ധാത്രി, ശ്രീധരീയം എന്നിവയുടെ ഓഫീസ് റെയ്ഡ് നടത്തി സാധനങ്ങള്‍ പിടിച്ചെടുത്ത വാര്‍ത്ത ഡൂള്‍ന്യൂസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 52 ലക്ഷം രൂപയുടെ ഉല്പന്നങ്ങളാണ് ധാത്രിയില്‍ നിന്നും ഇന്ദുലേഖയില്‍ നിന്നുംമാത്രം പിടിച്ചെടുത്തത്. ശ്രീധരീയത്തില്‍ നിന്നും 125100രൂപയുടെ സാധനങ്ങളാണ് പിടിച്ചെടുത്തത്. ഇന്ദുലേഖയുടെ കണ്ണൂര്‍, തലശേരി എന്നിവിടങ്ങളിലെ നിര്‍മാണ കേന്ദ്രങ്ങളിലും ധാത്രിയുടെ മൂവാറ്റുപുഴ ഏറണാകുളം കേന്ദ്രങ്ങളിലുമാണ് റെയ്ഡ് നടന്നത്.

ഇന്ദുലേഖ ബ്രിംഗ കംപ്ലീറ്റ് ഹെയര്‍ കെയര്‍ ഓയില്‍, ഇന്ദുലേഖ കംപ്ലീറ്റ് സ്‌കിന്‍ ക്രീം, ശ്രീധരീയം സ്മാര്‍ട്ട്‌ലീന്‍, ധാത്രി ഫെയര്‍ സ്‌കിന്‍ ക്രീം, ധാത്രി ഹെയര്‍ കെയര്‍ ഹെര്‍ബല്‍ ഓയില്‍, ധാത്രി ഹെയര്‍ കെയര്‍ ക്യാപ്‌സ്യൂള്‍സ്, ധാത്രി ദൈവിറ്റ പ്ലസ് ക്യപ്‌സ്യൂള്‍സ്, ഇന്ദുലേഖ സ്‌കിന്‍ കെയര്‍ ഓയില്‍ തുടങ്ങിയ ഉല്പന്നങ്ങളാണ് പിടിച്ചെടുത്തത്.

തലച്ചോറിലെ രക്തപ്രവാഹം വര്‍ധിക്കും, പുതിയ മുടുയിഴകള്‍ വളര്‍ത്തും താരന്‍ അകറ്റും തുടങ്ങിയ പരസ്യവാചകങ്ങളാണ് ഇന്ദുലേഖ ഹെയര്‍കെര്‍ ഓയില്‍ നല്‍കുന്നത്. ഇതിന്റെ ലീഫ്‌ലെറ്റിന്റെ ഇംഗ്ലീഷ് തര്‍ജമയില്‍ താരന്റെ കാര്യം പറയുന്നതേയില്ല. എന്നാല്‍ ഈ ഗുണങ്ങളൊന്നും ലഭിക്കുന്നില്ലെന്നാണ് ഉപഭോക്താക്കളുടെ പരാതി. കൂടാതെ മുഖം വെളുപ്പിക്കുമെന്ന വാഗ്ദാനത്തോടെ വിപണിയിലെത്തിക്കുന്ന ഇന്ദുലേഖ കംപ്ലീറ്റ് സ്‌കിന്‍ ക്രീം വാങ്ങി പലരുടെയും കുടുംബം വെളുത്തു.

തടികുറയ്ക്കുമെന്നും ഫിറ്റ്്‌നസ് നിലനിര്‍ത്തുമെന്നും പറഞ്ഞ് വിപണിയിലെത്തിയ ഉല്പന്നമാണ് സ്മാര്‍ട്ട് ലീന്‍. മുടിവളരുമെന്നും സ്‌ട്രെസും സ്‌ട്രെയിനും മാറുമെന്നുമൊക്കെയാണ് ധാത്രി നല്‍കിയ വാഗ്ദാനങ്ങള്‍. തെറ്റായ പ്രചാരണങ്ങള്‍ മാത്രമല്ല 10 രൂപപോലും മുതല്‍ മുടക്കില്ലാത്ത ഇത്തരം ഉല്പന്നങ്ങള്‍ വന്‍വിലയാണ് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.

വ്യാജപരസ്യം നല്‍കിയതിനും മിസ് ബ്രാന്റിംഗ് നടത്തിയതിനും ഉപഭോക്താക്കളെ വഞ്ചിച്ചതിനും നിര്‍മ്മാതാക്കള്‍ക്കെതിരെ ഡ്രഗ്‌സ് ആന്റ് മാജിക്കല്‍ റെമഡീസ് ആക്ട് പ്രകാരം കേസെടുത്തിയിട്ടുണ്ട്. എഫ്.ഐ.ആര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഉടന്‍ സമര്‍പ്പിക്കും.

ഇത്തരം തെറ്റായ പ്രചരണങ്ങളിലൂടെ ഉല്പന്നങ്ങള്‍ പരസ്യപ്പെടുത്തി ഉപഭോക്താക്കളെ വഞ്ചിക്കുന്നത് തടയാന്‍ കാര്യക്ഷമമായ നിയമം നിലവില്ലാത്തത് ഇതുപോലുള്ള തട്ടിപ്പുകള്‍ പെരുകാന്‍ കാരണമാകുന്നുണ്ടെന്ന് ഡ്രഗ്‌സ് കണ്‍ട്രോള്‍ സതീഷ്‌കുമാര്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു. നിലവില്‍ ഇതുപോലുള്ള കുറ്റകൃത്യങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ 500 രൂപ പിഴയോ ആറ് മാസം തടവോ ആണ് ശിക്ഷ. അതായത് 500 രൂപ നല്‍കിയാല്‍ ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങള്‍ക്ക് ഇവര്‍ക്ക് തിരികെ കൊണ്ടുപോകാം- അദ്ദേഹം പറഞ്ഞു.

ഇതുപോലുള്ള കമ്പനികളുടെ പരസ്യം വരുമാനം നിലയ്ക്കുന്നത് ഭയന്ന് മുഖ്യധാരാ മാധ്യമങ്ങളെല്ലാം ഇവര്‍ക്കെതിരായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാതിരിക്കുകയാണ് പതിവ്. കഴിഞ്ഞദിവസം നടന്ന റെയ്ഡുമായി ബന്ധപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ടര്‍ ചാനലിന്റെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ബ്യൂറോകളില്‍ നിന്നും ഫയല്‍ ചെയ്ത് നല്‍കിയെങ്കിലും ഡസ്‌കിലെത്തിയപ്പോള്‍ ബിസിനസ് വിഭാഗം ഇടപെട്ട് വാര്‍ത്ത പൂഴ്ത്തി. താന്‍ ചാനല്‍ തുടങ്ങിയ വാര്‍ത്തകള്‍ പൂഴ്ത്താന്‍ കഴിയില്ലെന്ന് പ്രഖ്യാപിച്ച നികേഷ് കുമാറിന്റെ റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഒന്നാം വാര്‍ഷികമാണിന്ന് എന്നത് ഏറ്റവും വലിയ വിരോധാഭാസമാണ്. വാര്‍ത്ത എടുക്കേണ്ടെന്ന് മനോരമ വാര്‍ത്താ ചാനലിലെ ബിസിനസ് വിഭാഗം നേരത്തെ തന്നെ റിപ്പോര്‍ട്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇന്ത്യാവിഷന്‍ വൈകുന്നേരത്തെ ഒരു ബുള്ളറ്റില്‍ ഒട്ടും പ്രാധാന്യമില്ലാത്ത രീതിയിലാണ് വാര്‍ത്ത നല്‍കിയത്. പിന്നീട് വന്ന ബുള്ളറ്റിനുകളിലൊന്നും ഈ വാര്‍ത്ത കണ്ടില്ല. ഏഷ്യാനെറ്റും മറ്റുചാനലുകളും വാര്‍ത്ത നല്‍കേണ്ടതില്ലെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.

മാതൃഭൂമി വാര്‍ത്ത നല്‍കിയതാണ് ഏറെ രസകരം. അനാവശ്യ പരസ്യപ്രചാരണത്തിലൂടെ മരുന്ന് വില്പന നടത്തിയ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തിയെന്നാണ് വാര്‍ത്ത തുടങ്ങുന്നത്. എന്നാല്‍ വാര്‍ത്തയില്‍ സ്‌കിന്‍കെയര്‍, ഹെയര്‍ കെയര്‍ ഹെര്‍ബല്‍ ഓയില്‍ എന്നൊക്കെ പറയുന്നതല്ലാതെ ഏത് കമ്പനിയുടേതെന്ന് പറഞ്ഞിട്ടില്ല. ദ ഹിന്ദുവും കമ്പനിയുടെ പേര് പറയാതെയാണ് വാര്‍ത്ത നല്‍കിയത്. നേര് നേരത്തെ അറിയിക്കുന്ന ദേശാഭിമാനിയിലും ഈ വാര്‍ത്തയില്ല. തേജസും സിറാജും വാര്‍ത്ത ഏറെ പ്രാധാന്യത്തോടെ നല്‍കിയിട്ടുണ്ട്.

ഈസ്‌റ്റേണ്‍ മുളകുപൊടിയില്‍ മാരകവിഷം, വാര്‍ത്തയും മുളകുപൊടിയും കുഴിച്ചുമൂടി

വ്യാജപരസ്യം നല്‍കി കബളിപ്പിക്കല്‍ : ഇന്ദുലേഖ, ധാത്രി, ശ്രീധരീയം ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു

ധാത്രിയ്‌ക്കെതിരായ വാര്‍ത്ത തെറ്റെന്ന് പരസ്യം: വാര്‍ത്ത നല്‍കാത്തവരും പരസ്യം പ്രസിദ്ധീകരിച്ചു

വ്യാജ പരസ്യം: ഫെയര്‍ ആന്റ് ലവ്‌ലിയ്‌ക്കെതിരെയും നടപടി, 78 ലക്ഷം രൂപയുടെ ഉല്പന്നങ്ങള്‍ പിടിച്ചെടുത്തു

We use cookies to give you the best possible experience. Learn more