പാരീസ്: ഫ്രാന്‍സിലെ പുരാതന ദേവാലയമായ നോട്രഡാം കത്തീഡ്രലിലെ തീപിടുത്തത്തെ ഇസ്‌ലാമോഫോബിയ വളര്‍ത്താനുള്ള അവസരമാക്കി തീവ്രവലതുപക്ഷം. പള്ളിയിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് തീപിടുത്തമുണ്ടായതെന്ന് അധികൃതര്‍ പറയുമ്പോഴാണ് ഇത്തരത്തില്‍ പ്രചരണം നടക്കുന്നത്.
രണ്ട് യുവാക്കളുടെ ചിത്രം പങ്കുവെച്ചുകൊണ്ട് നോട്ര ഡാം തീപിടുത്തത്തില്‍ സന്തോഷിക്കുന്ന ജിഹാദിസ്റ്റുകള്‍ എന്നു കുറിച്ചാണ് മുസ്‌ലിം വിരോധിയായ പൊതുപ്രവര്‍ത്തക പമേല ഗെല്ലര്‍ ഇസ്‌ലാമോഫോബിയ പടര്‍ത്തുന്നത്.
‘ഫ്രാന്‍സിലെ പാരീസിലെ നോഡ്രഡാം കത്തീഡ്രലില്‍ വിഴുങ്ങിയ തീപിടുത്തത്തിനു പിന്നിലെ ജിഹാദിസ്റ്റുകള്‍ മാധ്യമങ്ങളില്‍ തീപിടുത്തത്തിന്റെ ഫോട്ടോകള്‍ ഷെയര്‍ ചെയ്ത് സന്തോഷം പ്രകടിപ്പിക്കുന്നു’ എന്നു കുറിച്ചുകൊണ്ടാണ് പമേല രണ്ടു യുവാക്കളുടെ ചിത്രം പങ്കുവെച്ചത്.
വെള്ളക്കാര്‍ക്ക് പൊരുതാനുള്ള ഊര്‍ജം നല്‍കുന്നതാണ് ഈ തീപിടുത്തമെന്നാണ് തീവ്രവലതുപക്ഷ നേതാവും വെളുത്തവര്‍ഗക്കാരനുമായ റിച്ചാര്‍ഡ് സ്‌പെന്‍സര്‍ കുറിച്ചത്.
യൂറോപ്പിലെ തീവ്ര വലതുപക്ഷ രാഷ്ട്രീയക്കാരും നോട്രഡാം തീപിടുത്തത്തെ ക്രിസ്ത്യാനികള്‍ക്കെതിരായ അസഹിഷ്ണുതയുമായി ബന്ധപ്പെടുത്തി പ്രചരണം നടത്തുന്നുണ്ട്.
ഫ്രാന്‍സില്‍ മുമ്പ് നടന്ന ആക്രമണങ്ങളോട് ഈ സംഭവത്തെ ബന്ധപ്പെടുത്തിയാണ് ജര്‍മ്മനിയിലെ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയായ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മ്മനിയുടെ നേതാവ് ആലിസ് വീഡല്‍ ട്വീറ്റു ചെയ്തത്.
Jihadists reveled in the fire engulfing the Notre Dame Cathedral in #Paris, France, sharing media photos of the flames and billowing smoke, and comments expressing their joy https://t.co/uSbhBKwCrv pic.twitter.com/xsnZrTtrlz
— Pamela Geller (@PamelaGeller) April 15, 2019
‘പരിശുദ്ധ വാരത്തില്‍ നോട്ര ഡാം കത്തുന്നു. മാര്‍ച്ചില്‍ രണ്ടാമത്തെ ഏറ്റവും വലിയ പള്ളി സെയ്ന്റ് സള്‍പിസ് കത്തുന്നു. ഫെബ്രുവരിയില്‍ ഫ്രാന്‍സില്‍ നടന്നത് 47 ആക്രമങ്ങള്‍’ എന്നാണ് വീഡല്‍ ട്വീറ്റു ചെയ്തത്.
യൂറോപ്പില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ വിവേചനവും അസഹിഷ്ണുതയും വലിയ തോതില്‍ വര്‍ധിച്ചിരിക്കുകയാണെന്നും അവര്‍ കുറിച്ചു.
മാര്‍ച്ച് 17ന് സെയ്ന്റ് സള്‍പിസ് പള്ളിയിലുണ്ടായ ചെറിയ അഗ്നിബാധയില്‍ ആര്‍ക്കും പരിക്കു പറ്റിയിരുന്നില്ല. ചെറിയ ചില കേടുപാടുകള്‍ പള്ളിക്കു സംഭവിച്ചിരുന്നു.