ന്യൂദല്‍ഹി: മുസ്‌ലിം സ്ത്രീകള്‍ നെയില്‍ പോളിഷ് ഉപയോഗിക്കരുതെന്ന് പറഞ്ഞ് പുറപ്പെടുവിച്ച ഫത്‌വ വ്യാജം. ദാറുല്‍ ഉലൂം ദിയോബന്ധ് , എന്ന പുരോഹിത സമൂഹം മുസ്‌ലിം സമൂഹത്തിലെ സ്ത്രീകള്‍ക്കായി പുതിയ ഫത്‌വ പുറപ്പെടുവിച്ചു എന്ന തരത്തില്‍ എ.എന്‍.ഐ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എ.എന്‍.ഐയുടെ ട്വീറ്റ് ഉദ്ധരിച്ച് ഡൂള്‍ന്യൂസടക്കമുള്ള മാധ്യമങ്ങള്‍ ഈ വാര്‍ത്ത കൊടുത്തിരുന്നു.എന്നാല്‍ ഇത് വസ്തുതാപരമായി ശരിയല്ലെന്ന് ആള്‍ട്ട് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മുസ്‌ലിം സ്ത്രീകള്‍ നഖത്തില്‍ നെയില്‍ പോളീഷ് ഇടുന്നത് നിയമ വിരുദ്ധവും , അനിസ്‌ലാമികവുമാണ്. അവര്‍ക്ക് കൈകളില്‍ മെഹന്ദി ഉപയോഗിക്കാമെന്നും മുഫ്ത്തി ഇഷ്രാര്‍ ഗൗര പറഞ്ഞു- ഇതായിരുന്നു എ.എന്‍.ഐയുടെ ട്വീറ്റ്. എന്നാല്‍ ട്വീറ്റിന് മറുപടിയായി നിരവധി പേര്‍ ഇയാള്‍ക്ക് ദാറുല്‍ ഉലൂം ദിയോബന്ധുമായി ബന്ധമില്ലെന്നും ഭരണപരമായ കാര്യങ്ങളില്‍ യാതൊരു പങ്കുമില്ലെന്നും വ്യക്തമാക്കി.
ഇതിന്റെ ചുവടുപിടിച്ച് ആള്‍ട്ട് ന്യൂസ് നടത്തിയ അന്വേഷണത്തിലാണ് ഫത്‌വ പുറപ്പെടിച്ചിട്ടില്ലെന്ന് വ്യക്തമായത്. സഹരാന്‍പൂര്‍ ജുമാ മസ്ജിദിലെ മുന്‍ ഇമാമിന്റെ മകനും നിലവിലെ ഇമാമിന്റെ സഹോദരനുമായ ഒരാളുടെ ഫോട്ടോ വെച്ചാണ് എ.എന്‍.ഐ ട്വീറ്റ് ചെയ്തത്.
ദാറുല്‍ ഉലൂം ദിയോബന്ധുമായി ബന്ധപ്പെട്ടപ്പോള്‍ ഫത്‌വയുമായി ബന്ധപ്പെട്ട വാര്‍ത്തയില്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. എന്നാല്‍ ചിത്രത്തിലുള്ളയാള്‍ക്ക് ദാറുല്‍ ഉലൂം ദിയോബന്ധുമായി ബന്ധമില്ലെന്ന് അവര്‍ വ്യക്തമാക്കി.
എന്നാല്‍ എ.എന്‍.ഐ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്ത ആളുടെ പേര് യഥാര്‍ത്ഥത്തില്‍ ഇഷ്ഖ ഗൗര എന്നാണെന്നും ഈനാട് ഇന്ത്യ എന്ന ഉറുദു ചാനലില്‍ വന്ന വാര്‍ത്തയുടെ പശ്ചാത്തലത്തിലാണ് ഇയാളുടെ പ്രതികരണം എടുത്തതെന്നും ആള്‍ട്ട് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എ.എന്‍.ഐ തന്റെ വാക്കുകള്‍ തെറ്റ്ദ്ധാരണ പരത്തുംവിധം പ്രസിദ്ധീകരിക്കുകയായിരുന്നുവെന്ന് ഇദ്ദേഹവും പറയുന്നു
യഥാര്‍ത്ഥത്തില്‍ ഇത്തരത്തില്‍ ഒരു ഫത്‌വ നിലവിലുണ്ടൊ എന്ന അന്വേഷണത്തില്‍ ഫത്‌വ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്ന് കണ്ടെത്തി.”സമുദായത്തിലെ പുരുഷന്മാരും സ്ത്രീകളും നെയില്‍ പോളിഷ് ധരിച്ച് നമസ്‌കാരം നടത്തുന്നത്” എന്ന വാചകമാ
ണ് എ.എന്‍.ഐ സ്ത്രീകള്‍ക്ക് മാത്രം ബാധകമാകുന്ന രീതിയില്‍ വാര്‍ത്ത നല്‍കിയത്.
തസ്ലീം ഖുറേഷി എന്ന് ജേര്‍ണലിസ്റ്റ് മനപൂര്‍വ്വം കെട്ടി ചമച്ച വാര്‍ത്തയാണ് എ.എന്‍.ഐ ഉള്‍പ്പടെയുള്ള മാധ്യമങ്ങളെ തെറ്റ്ധരിപ്പിച്ചത്. ഇയാള്‍ ഈനാട് ഇന്ത്യ എന്ന മാധ്യമത്തില്‍ നല്‍കിയ വാര്‍ത്തയെ അടിസ്ഥാനമാക്കിയായിരുന്നു എ.എന്‍. ഐയുടെ വാര്‍ത്ത.
ഇയാള്‍ ഇതിനു മുമ്പും പല തവണ ഫത്‌വകളെ കുറിച്ച് വാര്‍ത്തകള്‍ നല്‍കിയിട്ടുണ്ട്. ഇവയില്‍ കൂടുതലും കെട്ടി ചമച്ചതാണെന്ന ആള്‍ട്ട് ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവിലുള്ള ഒരു ഫത്‌വയെ കുറിച്ച് ചോദ്യം ചെയ്യുകയും , അതിനു നല്‍കുന്ന ഉത്തരത്തില്‍ നിന്ന് പുതിയ ഫത്‌വയായി വാര്‍ത്ത നല്‍കുകയുമാണ് ഇയാളുടെ രീതിയെന്നും ആള്‍ട്ട് ന്യൂസ് ചൂണ്ടികാണിക്കുന്നു.