| Monday, 18th June 2018, 1:09 pm

റിപ്പബ്ലിക് ടി.വി.യെപ്പോലെ ചെരുപ്പുനക്കികളാകാന്‍ താല്‍പര്യമില്ല; ആള്‍ട്ട് ന്യൂസിനെതിരെ അര്‍ണബ് ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായി പ്രതിക് സിന്‍ഹ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യുദല്‍ഹി:വ്യാജവാര്‍ത്തകളെ കുറിച്ച് അര്‍ണബ് ഗോസാമി നടത്തിയ ചാനല്‍ ചര്‍ച്ച തന്നെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാനാണെന്ന് ആള്‍ട്ട് ന്യൂസ് സ്ഥാപകന്‍ പ്രതിക് സിന്‍ഹ. ചര്‍ച്ചയില്‍ ആള്‍ട്ട് ന്യൂസിനെതിരെ അര്‍ണബ് ഗോസാമി ഉയര്‍ത്തിയ ആരോപണങ്ങള്‍ തന്നെ വ്യാജവാര്‍ത്തയാണെന്നാണ് പ്രതിക് ചൂണ്ടിക്കാട്ടി.

ചര്‍ച്ചക്ക് വിളിച്ചപ്പോള്‍ ആള്‍ട്ട് ന്യൂസ് ഒഴിഞ്ഞുമാറുകയായിരുന്നു എന്നായിരുന്നു അര്‍ണബ് ഗോസാമിയുടെ ആരോപണം. ഒരു പക്ഷെ ഭയന്നിട്ടായിരിക്കാം അവര്‍ വരാതിരുന്നതെന്നും അദ്ദേഹം പരിഹസിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിക് സിന്‍ഹ വിശദീകരണവുമായി രംഗത്തുവന്നിരിക്കുന്നത്.

വ്യാജവാര്‍ത്തകള്‍ക്കെതിരെയുള്ള ചര്‍ച്ചയില്‍ തന്നെ വ്യാജവാര്‍ത്ത പ്രചരിപ്പിക്കരുതെന്നു പറഞ്ഞുക്കൊണ്ട് ആരംഭിക്കുന്ന കുറിപ്പിനൊപ്പം ചാനല്‍ ചര്‍ച്ചയില്‍ ആള്‍ട്ട് ന്യൂസിനെപ്പറ്റി പറയുന്ന ഭാഗവും ചേര്‍ത്താണ് പ്രദിക് സിന്‍ഹയുടെ ട്വീറ്റ്.


Also Read ദല്‍ഹിയില്‍ ലെഫ്.ഗവര്‍ണറുടെ ഓഫീസില്‍ നിരാഹാര സമരം ചെയ്യുന്ന ആരോഗ്യമന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റി

“ചര്‍ച്ചക്കുള്ള ക്ഷണം കൃത്യമായി നിരസിക്കുകയായിരുന്നു. അല്ലാതെ ഒഴിഞ്ഞുമാറുകയല്ല ചെയ്തത്. ഭയന്നിട്ടാണ് ഞങ്ങള്‍ വരാതിരുന്നതെന്ന ആരോപണം ശരിയാണെങ്കില്‍ ഞങ്ങളും ഒരു എം.പി സ്പോണ്‍സര്‍ ചെയ്ത ചാനലില്‍ ചെരുപ്പുനക്കികളാകുമായിരുന്നു.” – റിപ്പബ്ലിക് ചാനലിനെയും അര്‍ണബിനെയും നിശിതമായി വിമര്‍ശിച്ചുകൊണ്ടുള്ള കുറിപ്പില്‍ പ്രതിക് സിന്‍ഹ പറയുന്നു.

സോഷ്യല്‍ മീഡിയ വഴിയും അല്ലാതെയും പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ കണ്ടെത്തി തെളിവ് സഹിതം പുറത്തുകൊണ്ടു വരുന്നതില്‍ പ്രധാനിയാണ് ആള്‍ട്ട് ന്യൂസ്. മുന്‍പും ആള്‍ട്ട് ന്യൂസിനെതിരെ ആരോപണങ്ങളും പരിഹാസവുമായി റിപ്പബ്ലിക് ടി.വി. രംഗത്തു വന്നിട്ടുണ്ട്.

വ്യാജ വാര്‍ത്തകള്‍ക്കെതിരെ അര്‍ണബ് നയിച്ച ഞായറാഴ്ച ദിന പ്രത്യേക ചര്‍ച്ചയില്‍ പങ്കെടുത്തവരില്‍ പോസ്റ്റ്കാര്‍ഡ് ന്യൂസ് എഡിറ്റര്‍ ഡോ.ഐശ്വര്യയുടെ സാന്നിധ്യം കടുത്ത വിമര്‍ശനമുയര്‍ത്തിയിരുന്നു.

രാജ്യത്തെ ഏറ്റവും വലിയ വ്യാജവാര്‍ത്ത സ്ഥാപനമെന്ന് പേരുള്ള പോസ്റ്റ്കാര്‍ഡ് ന്യൂസിന്റെ സ്ഥാപകന്‍ മഹേഷ് വിക്രം ഹെഗ്ഡേയെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ച കുറ്റത്തിന് ബംഗലൂരു പൊലീസ് മാര്‍ച്ചില്‍ അറസ്റ്റ് ചെയ്തിരുന്നു. ആള്‍ട്ട് ന്യൂസ് തന്നെ പലപ്പോഴും പോസ്റ്റ്കാര്‍ഡ് ന്യൂസ് പ്രസിദ്ധീകരിച്ച വ്യാജവാര്‍ത്തകള്‍ പുറത്തുക്കൊണ്ടുവന്നിരുന്നു.

We use cookies to give you the best possible experience. Learn more