അർഷ്ദീപ് സിങ്ങിനെ സുബൈർ അപകീർത്തിപ്പെടുത്തിയെന്ന് ബി.ജെ.പി, തെളിവുകൾ നിരത്തി വാദം പൊളിച്ചടുക്കി ആൾട്ട് ന്യൂസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അര്‍ഷ്ദീപ് സിങ്ങിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന് കാണിച്ച് ബി.ജെ.പി നേതാവ് നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ക്ക് കനത്ത മറുപടിയുമായി ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍. ദുബൈയില്‍ നടന്ന ഏഷ്യാകപ്പില്‍ പാകിസ്ഥാനുമായുള്ള മത്സരത്തില്‍ അര്‍ഷ്ദീപ് സിങ് ക്യാച്ച് പാഴാക്കിയിരുന്നു. ഇതിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ അര്‍ഷ്ദീപിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരുന്നത്. അര്‍ഷ്ദീപിനെ ട്രോളിയും അതിരൂക്ഷമായി വിമര്‍ശിച്ചും നിരവധി സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളും രംഗത്തെത്തിയിരുന്നു.

സംഭവം ഏറെ ചര്‍ച്ചയായതോടെ ആള്‍ട്ട് ന്യൂസ് സഹസ്ഥാപകനായ മുഹമ്മദ് സുബൈര്‍ ഇതുമായി ബന്ധപ്പെട്ട് ട്വീറ്റ് പങ്കുവെച്ചിരുന്നു. വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ അര്‍ഷ്ദീപിനെതിരെ വന്ന പോസ്റ്റുകളും കമന്റുകളും ചേര്‍ത്തിണക്കിയ ഏതാനും ചിത്രങ്ങളായിരുന്നു സുബൈര്‍ തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ പങ്കുവെച്ചത് . എന്നാല്‍ ഇതിന് പിന്നാലെ വിമര്‍ശനവുമായി ബി.ജെ.പി രംഗത്തെത്തുകയായിരുന്നു.

സുബൈര്‍ ഉദ്ദേശിച്ച അര്‍ത്ഥത്തിന് നേര്‍വിപരീതമായായിരുന്നു ബി.ജെ.പി നേതാവിന്റെ പരാമര്‍ശങ്ങള്‍. ഒരൊറ്റ ക്യാച്ച് നഷ്ടപ്പെടുത്തിയതിന്റെ പേരില്‍ അര്‍ഷ്ദീപിനെ വിമര്‍ശിക്കുന്ന സംഭവത്തെ അപലപിച്ചായിരുന്നു സുബൈര്‍ പോസ്റ്റിട്ടത്. എന്നാല്‍ അതിനെ വളച്ചൊടിച്ച് സുബൈര്‍ അര്‍ഷ്ദീപിനെ അപകീര്‍ത്തിപ്പെടുത്തിയെന്നായിരുന്നു ബി.ജെ.പി നേതാവിന്റെ വാദം.

ബി.ജെ.പി നേതാവ് മഞ്ജീന്ദര്‍ സിങ് സിര്‍സയാണ് ഇത്തരത്തില്‍ വിവാദ പരാമര്‍ശങ്ങളുമായി രംഗത്തെത്തിയത്. സുബൈറിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഇദ്ദേഹം ദല്‍ഹി പൊലീസിനേയും സമീപിച്ചിരുന്നു. സിര്‍സയുടെ വാദങ്ങളെയെല്ലാം പൊളിച്ചടുക്കുകയാണ് ആള്‍ട്ട് ന്യൂസില്‍ പങ്കുവെച്ച കുറിപ്പിലൂടെ മുഹമ്മദ് സുബൈര്‍.

സിര്‍സയുടെ ആരോപണം 1:

സിഖുകാരെ അപകീര്‍ത്തിപ്പെടുത്താനും ഇന്ത്യയില്‍ സിഖുകാര്‍ക്കെതിരെ വിദ്വേഷ പ്രചാരണം നടത്താനുമുള്ള പാക് ഗൂഢാലോചനയുടെ ഭാഗമായാണ് സുബൈര്‍ ട്വിറ്ററില്‍ പ്രചാരണം നടത്തുന്നത്. അര്‍ഷ്ദീപിനെ ‘ഖലിസ്ഥാനി’ എന്ന് വിളിച്ചത് സുബൈറാണ്.

ക്യാച്ച് വിട്ട് രണ്ട് മിനിറ്റിനുള്ളില്‍ തന്നെ സുബൈര്‍ അര്‍ഷ്ദീപിനെ ട്രോളുന്ന ട്വീറ്റുകളുടെ കൊളാഷ് ട്വീറ്റ് ചെയ്തിരുന്നു. അര്‍ഷ്ദീപിനെതിരായ ട്വീറ്റുകളുടെ ലിങ്ക് പാകിസ്ഥാനിലെ സിഖ് വിരുദ്ധ ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ സുബൈറിന് വാട്ട്സ്ആപ്പ് വഴി അയച്ചു. ഇതാണ് സുബൈര്‍ ട്വിറ്ററില്‍ പങ്കുവെച്ചത്.

ആള്‍ട്ട് ന്യൂസിന്റെ മറുപടി:

കളി നടന്ന സെപ്റ്റംബര്‍ നാലിന് രാത്രി 11 മണി കഴിഞ്ഞാണ് അര്‍ഷ്ദീപിന് ക്യാച്ച് മിസ്സായത്. രാത്രി 11:07 ന് ഇതേക്കുറിച്ച് ഇ.എസ്.പി.എന്‍ ക്രിക്കിന്‍ഫോ ട്വീറ്റ് ചെയ്തു. ഇതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ അര്‍ഷ്ദീപിനെതിരെ ട്രോളുകള്‍ പ്രചരിച്ച് തുടങ്ങിയത്. ഈ ട്രോളുകളെ വിമര്‍ശിച്ച് സുബൈര്‍ ട്വീറ്റ് പോസ്റ്റ് ചെയ്തത് 12:05നാണ്. ക്യാച്ച് നഷ്ടമായ ശേഷം കുറഞ്ഞത് 58 മിനിറ്റും മത്സരം അവസാനിച്ച് 40 മിനിറ്റും കഴിഞ്ഞാണ് ട്വീറ്റ് ചെയ്തത് എന്ന് സാരം. സുബൈര്‍ 12:05 നാണ് ട്വീറ്റ് പോസ്റ്റ് ചെയ്തതെന്ന കാര്യം സിര്‍സ തന്നെ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നുമുണ്ട്.

പിന്നെ എങ്ങനെയാണ് ഈ ട്വീറ്റുകളുടെ സ്‌ക്രീന്‍ ഷോട്ട് ‘രണ്ട് മിനിറ്റിനുള്ളില്‍’ താന്‍ ട്വീറ്റ് ചെയ്തുവെന്ന് ചാനല്‍ ചര്‍ച്ചകളില്‍ അടക്കം സിര്‍സ ആരോപിച്ചതെന്ന് സുബൈര്‍ ചോദിച്ചു. ബോധപൂര്‍വം വ്യാജ വാര്‍ത്ത പ്രചരിപ്പിക്കാനുള്ള ബി.ജെ.പി തന്ത്രമാണിതെന്നും ആള്‍ട്ട് ന്യൂസ് പറയുന്നു.

സിര്‍സയുടെ ആരോപണം 2:

അര്‍ഷ്ദീപിനെ ഖലിസ്ഥാനി എന്ന് വിളിച്ച് ട്വീറ്റുകള്‍ പോസ്റ്റ് ചെയ്യാന്‍ പാകിസ്ഥാന്‍ നിയന്ത്രിത ട്വിറ്റര്‍ ബോട്ടുകള്‍ സുബൈര്‍ ഉപയോഗിച്ചിട്ടുണ്ട്.

ആള്‍ട്ട് ന്യൂസിന്റെ മറുപടി:

60,000-ത്തിലധികം ഫോളോവേഴ്സ് ഉള്ള @MrSinha, 8,000ലധികം ഫോളോവേഴ്സ് ഉള്ള @iam_shimorekato തുടങ്ങിയ അക്കൗണ്ടുകളില്‍ നിന്നാണ് അര്‍ഷ്ദീപിനെ ‘ഖലിസ്ഥാനി’ എന്നടക്കം വിളിച്ച് ആക്ഷേപിച്ചത്. ഇതില്‍ @MrSinha എന്ന അക്കൗണ്ടിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ട്വിറ്ററില്‍ ഫോളോ ചെയ്യുന്നുണ്ട്. ഈ അക്കൗണ്ടുകളും ബോട്ടുകളാണോ?
അര്‍ഷ്ദീപിനെ ട്രോളുകയും ഖലിസ്ഥാനി എന്ന് വിളിക്കുകയും ചെയ്ത മറ്റ് അക്കൗണ്ടുകളുടെ വിവരങ്ങളും സുബൈര്‍ പോസ്റ്റ് ചെയ്തിരുന്നു. അവരില്‍ പലരും പിന്നീട് തങ്ങളുടെ ട്വീറ്റുകള്‍ ഡിലീറ്റ് ചെയ്തതായും സുബൈര്‍ വ്യക്തമാക്കി. ഡിലീറ്റിന് പിന്നിലെ കാരണം എന്താണെന്നും അദ്ദേഹം ചോദിക്കുന്നു. അര്‍ഷ്ദീപിനെ ഖലിസ്ഥാനി എന്ന് വിളിക്കുന്ന പല പ്രൊഫൈലുകളും ഇന്ത്യക്കാരാണെന്നും പാകിസ്ഥാനികളല്ലെന്നും സുബൈറും സഹപ്രവര്‍ത്തകനായ അഭിഷേക് കുമാറും ആള്‍ട്ട് ന്യൂസില്‍ എഴുതിയ ലേഖനത്തില്‍ തെളിവുസഹിതം വ്യക്തമാക്കുന്നുണ്ട്.

Content Highlight: Alt news co founder Mohammed Zubair reacts to BJPs claims that he is spreading false news against arshdeep singh