തമിഴ്‌നാട് സര്‍ക്കാരിന്റെ കമ്മ്യൂണല്‍ ഹാര്‍മണി പുരസ്‌കാരം ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന്
ചെന്നൈ: ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന് കമ്മ്യൂണല്‍ ഹാര്‍മണി പുരസ്‌കാരം നല്‍കി ആദരിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് മുഹമ്മദ് സുബൈറിന് 2024ലെ കോട്ടൈ അമീര്‍ കമ്മ്യൂണല്‍ ഹാര്‍മണി പുരസ്‌കാരം നല്‍കി ആദരിച്ചത്.
സാമൂഹിക സൗഹാര്‍ദപരമായ സേവനങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ ദെങ്കണിക്കോട്ട സ്വദേശിയായ മുഹമ്മദ് സുബൈര്‍ മാധ്യമപ്രവര്‍ത്തനം നടത്തുന്നതെന്ന് തമിഴ്‌നാട് സര്‍ക്കര്‍ വ്യക്തമാക്കി. തമിഴ്നാടിനെതിരെയുള്ള കിംവദന്തികള്‍ പ്രചരിപ്പിക്കുന്നത് തടയുന്നതിലും സംസ്ഥാനത്ത് ജാതി, മതം, വംശം, ഭാഷ എന്നിവ മൂലമുണ്ടാകുന്ന അക്രമങ്ങള്‍ പുറത്തുകൊണ്ടുവരുന്നതിലും മുഹമ്മദ് സുബൈര്‍ സുപ്രധാനമായ പങ്ക് വഹിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
പ്രതീക് സിന്‍ഹയുമായി സഹകരിച്ച് സ്ഥാപിച്ച ആള്‍ട്ട് ന്യൂസ് വെബ്സൈറ്റ് സമൂഹ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളുടെ സത്യാവസ്ഥ വിശകലനം ചെയ്യുന്നതിനുള്ള സംവിധാനം സുബൈറിന്റെ നേതൃത്വത്തിൽ സജ്ജമാക്കിയിട്ടുണ്ടന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. തമിഴ്നാട്ടില്‍ കുടിയേറ്റ തൊഴിലാളികള്‍ വ്യാപകമായി ആക്രമിക്കപ്പെടുന്നുവെന്ന വ്യാജ വാര്‍ത്തകള്‍ തടയാന്‍ സുബൈര്‍ വഹിച്ച പങ്ക് സര്‍ക്കാര്‍ ഊന്നിപ്പറയുകയുണ്ടായി.
ഒരു വാർത്താചാനൽ അവതാരകനെതിരെ പരിഹാസകരമായ പരാമർശം നടത്തിയെന്നും ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയെന്നും ആൾദൈവങ്ങളെക്കുറിച്ച് ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്നും പ്രകോപനപരമായ പോസ്റ്റുകൾ അപ്‌ലോഡ് ചെയ്‌തെന്നും ആരോപിച്ച് ഉത്തർപ്രദേശ് പൊലീസ് സുബൈറിനെ അറസ്റ്റ് ചെയ്ത് തടവിലാക്കിയിരുന്നു.
എന്നാൽ തെളിവുകളുടെ അഭാവത്തിൽ ഉത്തർപ്രദേശ് കോടതി സുബൈറിനെതിരെ ചുമത്തപ്പെട്ട കുറ്റങ്ങൾ റദ്ദാക്കി.
വൈറല്‍ ക്ലെയിമുകളും തെറ്റായ വിവരങ്ങളും പരിശോധിച്ചതിന് തീവ്ര വലതുപക്ഷ പ്രവര്‍ത്തകര്‍ പലപ്പോഴും സുബൈറിനെതിരെ സൈബറാക്രമണം നടത്തിയിട്ടുണ്ട്.
ഗവര്‍ണര്‍ ആര്‍.എന്‍. രവിയുള്‍പ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലാണ് മുഹമ്മദ് സുബൈറിന് പുരസ്‌കാരം സമര്‍പ്പിച്ചത്.
Content Highlight: Alt News co-founder Mohammad Zubair has been awarded Communal Harmony Award by the Tamil Nadu governmen