ന്യൂദല്‍ഹി: നടിയും ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ കങ്കണ റണാവത്തിനെതിരെ ആള്‍ട്ട് ന്യൂസ് സഹസ്ഥാപകനായ മുഹമ്മദ് സുബൈര്‍. ബീഫുമായി ബന്ധപ്പെട്ട് കങ്കണ നടത്തിയ പരാമര്‍ശത്തെ തെളിവുകള്‍ സഹിതമാണ് മുഹമ്മദ് സുബൈര്‍ വിമര്‍ശിച്ചിരിക്കുന്നത്.
താന്‍ ബീഫ് ഇഷ്ടപ്പെട്ടിരുന്ന വ്യക്തിയാണെന്ന് പലപ്പോഴായി പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ സസ്യാഹാരിയായി മാറിയെന്നും കങ്കണ നിരവധി അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് മുഹമ്മദ് സുബൈര്‍ പറഞ്ഞു. അതേസമയം രാജസ്ഥാനിലെ ‘ലാല്‍ മാസ്’ എന്ന ബീഫ് കറി ഏത് പൗരാണിക വേദത്തിലാണ് ഉള്‍പ്പെട്ടിരിക്കുന്നതെന്ന് കങ്കണയോട് സുബൈര്‍ ചോദിച്ചു.
എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍, ഇതുസംബന്ധിച്ച് കങ്കണ മുമ്പ് നല്‍കിയ അഭിമുഖങ്ങളുടെയും സമൂഹ മാധ്യമങ്ങളില്‍ അപ്ലോഡ് ചെയ്ത ഫോട്ടോകള്‍, കുറിപ്പുകള്‍ തുടങ്ങിയവയുടെയും സ്‌ക്രീന്‍ഷോട്ടുകള്‍ സുബൈര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രസ്തുത അഭിമുഖത്തില്‍ ഹിന്ദു കുടുംബം ആയതിനാല്‍ അമ്മ ബീഫ് കഴിക്കരുതെന്ന് പറയാറുണ്ടെന്നും എന്നാല്‍ അത് വകവെക്കാതെ താന്‍ ബീഫ് കഴിച്ചിട്ടുണ്ടെന്നും ദിവസേന കഴിക്കാറുണ്ടെന്നും പറഞ്ഞിട്ടുണ്ട്.
സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച ഒരു പോസ്റ്റില്‍ രാജസ്ഥാനില്‍ വെച്ച് കഴിച്ച ലാല്‍ മാസിനെ കുറിച്ച് പുകഴ്ത്തി എഴുതിയിട്ടുണ്ട്. രാജസ്ഥാനികളുടെ സ്‌നേഹം ഈ രുചിയില്‍ നിന്ന് അറിയാന്‍ കഴിയുമെന്നും പറയുന്നുണ്ട്. മറ്റൊരു സ്‌ക്രീന്‍ഷോട്ടില്‍ കങ്കണയുടെ സോഷ്യല്‍ മീഡിയ ടീം താരം സസ്യാഹാരിയായി മാറിയത് യാദൃശ്ചികമല്ലെന്ന് പറയുന്നു. ഇതിനുപുറമെ കങ്കണയുടെ സഹോദരന്‍ ബീഫ് കഴിക്കുമെന്നും താരം ഒരു മതത്തില്‍ മാത്രം വിശ്വസിക്കുന്ന ആളല്ലെന്നും കുറിച്ചിട്ടുണ്ട്.
അതേസമയം കങ്കണയുടെ പരാമര്‍ശത്തിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. താരം വിദ്വേഷപരമായ പരാമര്‍ശമാണ് നടത്തിയിരിക്കുന്നതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
താന്‍ ബീഫ് കഴിക്കാറില്ലെന്നും അഭിമാനിയായ ഹിന്ദുവാണെന്നുമാണ് കങ്കണ റണാവത്ത് പറഞ്ഞത്. കങ്കണ ബീഫ് കഴിക്കുമെന്ന് അറിയാതെയാണ് ബി.ജെ.പി അവരെ സ്ഥാനാര്‍ത്ഥിയാക്കിയതെന്ന കോണ്‍ഗ്രസ് നേതാവ് വിജയ് വഡേത്തിവാറിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അവര്‍.
Content Highlight: Alt News co-founder Mohammad Zubair against Kangana Ranaut