| Monday, 10th April 2023, 5:26 pm

മുസ്‌ലിം മതവിശ്വാസികളുടെ വീടുകളിലും പോകാന്‍ തയ്യാറാണ്; ഞങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കിടക്കുന്ന എല്ലാ വാതിലുകളിലേക്കും പോകും: എം.ടി. രമേശ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: തെറ്റിദ്ധാരണകള്‍ മാറ്റാന്‍ മുസ്‌ലിം മതവിശ്വാസികളുടെ വീടുകളിലും പോകാന്‍ തയ്യാറാണെന്ന് ബി.ജെ.പി നേതാവ് എം.ടി. രമേശ്. തങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കിടക്കുന്ന എല്ലാ വാതിലുകളിലേക്കും തങ്ങള്‍ പോകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

‘തങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധാരണ മാറ്റാന്‍ ഓരോ വീടുകളിലേക്കും പോകാന്‍ ഇനിയും തയ്യാറാണ്. അത് ക്രിസ്ത്യന്‍ മതവിശ്വാസികളുടെ വീടുകളിലേക്ക് മാത്രമല്ല, മുസ്‌ലിം മത വിശ്വാസികളുടെ വീടുകളിലേക്ക് പോകാനും ബി.ജെ.പി തയ്യാറാണ്.

ഞങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കിടക്കുന്ന എല്ലാ വാതിലുകളിലേക്കും ഞങ്ങള്‍ പോകും. അവിടെയെല്ലാം പോയി കാര്യങ്ങള്‍ സംസാരിക്കും. സി.പി.ഐ.എമ്മിന്റെയും കോണ്‍ഗ്രസിന്റെയും നേതാക്കന്മാരും പ്രവര്‍ത്തകരും ഇക്കാലം വരെ പടച്ച് വിട്ട കള്ളപ്രചരണങ്ങള്‍ ഞങ്ങള്‍ ഓരോ വീടുകളിലും എത്തിക്കും,’ എം.ടി. രമേശ് പറഞ്ഞു.

വീട് സന്ദര്‍ശിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും എല്ലാ മതവിശ്വാസികളുടെയും വീടുകള്‍ സന്ദര്‍ശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘നിങ്ങള്‍ പരിഭ്രമിക്കുക എന്നതല്ലാതെ വേറൊരു വഴിയുമില്ല. അതുവരെ ഈ പ്രവര്‍ത്തനം തുടരാനാണ് ബി.ജെ.പി ആഗ്രഹിക്കുന്നത്. ഇന്നലെ നടത്തിയ സ്‌നേഹ യാത്രകള്‍ ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ സജീവമായി കേരളത്തില്‍ ഞങ്ങള്‍ സംഘടിപ്പിക്കും. എല്ലാ മതവിശ്വാസികളുടെ വീടുകളിലേക്ക് ഞങ്ങള്‍ പോകും.

എല്ലാ ആരാധനാലയങ്ങളും സന്ദര്‍ശിക്കാന്‍ ബി.ജെ.പി നേതൃത്വം തയ്യാറാകും. എല്ലാ പുരോഹിതന്മാരുമായി സംവദിക്കാന്‍ തയ്യാറാകും. അതെല്ലാം രാഷ്ട്രീയത്തിന് അതീതമായിട്ടുള്ള വിഷയമാണ്.

ഇവിടെയൊന്നും രാഷ്ട്രീയം പറയാന്‍ ബി.ജെ.പി ആഗ്രഹിക്കുന്നില്ല. ഇത് വരെ അതിന് തയ്യാറായിട്ടില്ല. രാഷ്ട്രീയത്തിന് അതീതമായിട്ടുള്ള കാര്യങ്ങളാണ് പറയാന്‍ ആഗ്രഹിക്കുന്നത്. ഈ കാര്യങ്ങളുമായി ഞങ്ങള്‍ മുന്നോട്ട് പോകും,’ അദ്ദേഹം പറഞ്ഞു.

മുന്നോട്ട് പോകുമ്പോള്‍ ഭീഷണിയുടെയും വെല്ലുവിളിയുടെയും സ്വരത്തില്‍ സംസാരിക്കുന്നത് സി.പി.ഐ.എമ്മിന്റെയും കോണ്‍ഗ്രസിന്റെയും നേതൃത്വം അവസാനിപ്പിക്കണമെന്നും അതിന്റെ പേരില്‍ ഏതെങ്കിലും മത വിശ്വാസികളെയും സഭാനേതൃത്വത്തെയും ഒറ്റത്തിരിഞ്ഞ് ആക്രമിക്കാനുള്ള പ്രവണത അവസാനിപ്പിക്കുന്നതാണ് നല്ലതെന്നും എം.ടി. രമേശ് പറഞ്ഞു.

വിചാരധാര എഴുതിയത് നാല്‍പതിലും അന്‍പതിലും പറഞ്ഞ കാര്യങ്ങളാണെന്നും ഇപ്പോള്‍ ആ പറഞ്ഞതിന് പ്രസക്തിയില്ലെന്നും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് വിചാരധാര കെട്ടിപിടിച്ച് നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

ക്രിസ്ത്യന്‍ വിഭാഗവും രാജ്യത്തിന്റെ ശത്രുക്കളാണെന്ന് പറയുന്ന ആര്‍.എസ്.എസിന്റെ അടിസ്ഥാന ഗ്രന്ഥമായ വിചാരധാരയെ ബി.ജെ.പി തള്ളിപ്പറയുമോയെന്ന  മുഹമ്മദ് റിയാസിന്റെ പരാമര്‍ശത്തില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

content highlight: Also willing to go to the houses of Muslim believers; Going to all the doors that lie open before us: Mt. Ramesh

We use cookies to give you the best possible experience. Learn more