ജീവിതശൈലിക്രമം മാറ്റി മറവിരോഗത്തെ ചെറുക്കാം
Health
ജീവിതശൈലിക്രമം മാറ്റി മറവിരോഗത്തെ ചെറുക്കാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd January 2018, 9:18 am

കേരളത്തില്‍ അല്‍ഷിമേഴ്‌സ് രോഗബാധിതര്‍ കൂടിക്കൊണ്ടിരികുകയാണ്. ഡിമന്‍ഷ്യ രോഗത്തിന്റെ തിവ്രമായ അവസ്ഥയാണ് അല്‍ഷിമേഴ്‌സ്. തലച്ചോറിലെ മസ്തിഷ്‌ക കോശങ്ങളെ ബാധിക്കുന്ന രോഗമാണിത്.

ഈ രോഗത്തിന് ഫലപ്രദമായ ചികിത്സ ഇന്നും ലഭ്യമല്ല. പ്രമേഹ രോഗികളിലും, രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിത ശൈലിരോഗങ്ങളും അല്‍ഷിമേഴ്‌സ് രോഗസാധ്യത വര്‍ധിപ്പിക്കാനുള്ള പ്രധാന കാരണങ്ങളാണ്.

ചെറിയ ഓര്‍മ്മക്കുറവില്‍ നിന്നാണ് ഈ രോഗത്തിന്റ ആരംഭം. പിന്നീട് പതിയെ ചിന്തിക്കാനുള്ള ശേഷി, കാര്യകാരണശേഷി, ഓര്‍മ്മശക്തി എന്നിവ നഷ്ടമാകുന്നു.

പറയുന്നതും കാണുന്നതും മറക്കുക, നമുക്ക് ഒരിക്കലും ചിന്തിക്കാനാകാത്ത സ്ഥലങ്ങളില്‍ സാധനങ്ങള്‍ സ്ഥാനം തെറ്റി വയ്ക്കുക, വിഷാദം, ഉല്‍ക്കണ്ഠ, ദൈനംദിന കാര്യങ്ങള്‍ പോലും ചെയ്യാന്‍ കഴിയാത്ത അവസ്ഥയുണ്ടാകുക എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. ഇവയിലെ പല ലക്ഷണങ്ങളും മറ്റ് പലരോഗങ്ങളുടെയും ലക്ഷണങ്ങള്‍ കൂടിയായതുകൊണ്ട് കൃത്യമായ പരിശോധനയിലൂടെ മാത്രമേ രോഗനിര്‍ണ്ണയം നടത്താന്‍ കഴിയുകയുള്ളു.

കൃത്യമായ സ്‌കാനിംഗ്, ന്യൂറോളജിക്കല്‍ ടെസ്റ്റ്, രക്തസാമ്പിളുകളുടെ പരിശോധന എന്നിവയിലൂടെ മാത്രമേ രോഗനിര്‍ണ്ണയം നടത്താന്‍ സാധിക്കുകയുള്ളു. ജീവിതശൈലിയിലെ മാറ്റങ്ങള്‍, പാരിസ്ഥിതിക ഘടകങ്ങള്‍, ജനിതക മാറ്റങ്ങള്‍ എന്നിവ രോഗകാരണങ്ങളാകാമെന്ന് പഠനങ്ങള്‍ പറയുന്നു. ഇതുമൂലം മസ്തിഷ്‌ക കോശങ്ങള്‍ നശിക്കുകയും അല്‍ഷിമേഴ്‌സിലേക്ക് നയിക്കുകയും ചെയ്യുന്നു.

ലിംഗപരമായി സ്ത്രീകളിലാണ് രോഗം കൂടുതലായി കാണുന്നത്. അറുപത്തഞ്ചു വയസ്സിനുമേല്‍ പ്രായമുള്ളവരില്‍ രോഗത്തിനുള്ള സാധ്യത വളരെയേറെയാണ്. രോഗം പൂര്‍ണ്ണമായി ഭേദമാക്കാനുള്ള ചികിത്സകള്‍ ഇന്ന് ലഭ്യമല്ല. എന്നാല്‍ അവയുടെ തീവ്രത കുറയ്ക്കാനുള്ള ചികിത്സകളാണ് ഇന്ന് നല്‍കപ്പെടുന്നത്.

അല്‍ഷിമേഴ്‌സ് രോഗത്തെ പ്രതിരോധിക്കുകയാണ് രോഗത്തെ തടയാനുള്ള എക പോംവഴി. ആരോഗ്യകരമായ ജീവിതശൈലിയിലൂടെ രോഗത്തെ തടഞ്ഞുനിര്‍ത്താന്‍ കഴിയുന്നു. വ്യായാമം പതിവാക്കുക, പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക, ബുദ്ധിക്ക് വ്യായാമമേകുന്ന വിനോദങ്ങളില്‍ ഏര്‍പ്പെടുക, തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ രോഗത്തെ പ്രതിരോധിക്കാന്‍ സാധിക്കുന്നു.