2017ല്‍ പുറത്തിറങ്ങിയ സണ്‍ഡേ ഹോളിഡേ എന്ന ചിത്രത്തിലൂടെ സിനിമാകരിയര്‍ ആരംഭിച്ച നടിയാണ് ആല്‍ഫി പഞ്ഞിക്കാരന്‍. ചിത്രത്തില്‍ ആസിഫ് അലിയുടെ സഹോദരി ആയിട്ടാണ് നടി അഭിനയിച്ചത്. എന്നാല്‍ 2018ല്‍ പുറത്തിറങ്ങിയ ശിക്കാരി ശംഭുവെന്ന കുഞ്ചാക്കോ ബോബന്‍ ചിത്രത്തിലെ രേവതി എന്ന കഥാപാത്രത്തിലൂടെയായിരുന്നു ആല്‍ഫി ശ്രദ്ധിക്കപ്പെട്ടത്.
ശേഷം വള്ളിക്കുടിലിലെ വെള്ളക്കാരന്‍, മാര്‍ക്കോണി മത്തായി, ഇളയരാജ, സിഗ്‌നേച്ചര്‍, മാളികപ്പുറം തുടങ്ങിയ സിനിമകളിലും നടി അഭിനയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഹോട്ട്‌സ്റ്റാറില്‍ ഇറങ്ങിയ നാഗേന്ദ്രന്‍സ് ഹണിമൂണ്‍സ് എന്ന സീരീസില്‍ ജാനകിയായും ആല്‍ഫി അഭിനയിച്ചിരുന്നു.
ഇപ്പോള്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയില്‍ നിന്ന് തന്നെ ഒഴിവാക്കിയതിനെ കുറിച്ച് പറയുകയാണ് ആല്‍ഫി പഞ്ഞിക്കാരന്‍. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി. ചിത്രത്തില്‍ മീന, കല്യാണി പ്രിയദര്‍ശന്‍, പൃഥ്വിരാജ്, മോഹന്‍ലാല്‍, കനിഹ എന്നിവരായിരുന്നു പ്രധാനവേഷത്തില്‍ എത്തിയത്.
‘അന്ന് ആ സിനിമയിലെ റോള്‍ കട്ടായിട്ട് ഞാന്‍ കരഞ്ഞുകൊണ്ടാണ് ആ ലൊക്കേഷനില്‍ നിന്നും ഇറങ്ങുന്നത്. പക്ഷെ എന്നാല്‍ പോലും എനിക്ക് അവരുടെ കൂടെ വര്‍ക്ക് ചെയ്യണമെന്ന് വലിയ ആഗ്രഹമാണ്. ചിലപ്പോള്‍ അതൊരു വാശിയാകും.
ഒന്നാമത് നമ്മള്‍ ആ സിനിമയില്‍ നിന്നും ഒട്ടും പ്രതീക്ഷിക്കാതെ കട്ടായി പോയതാണ്. ഞാന്‍ ഹൈദരാബാദ് വരെ പോയിട്ട് വെറും വേസ്റ്റായിരുന്നു. നമുക്ക് തന്നെ അത് തോന്നിപോകും. കാരണം ഓണമൊക്കെ ആയിരുന്ന സമയത്താണ് ഞാന്‍ ആ സിനിമക്ക് വേണ്ടി ഹൈദരാബാദ് വരെ പോയത്.
ഓണം പോലും സെലിബ്രേറ്റ് ചെയ്യാതെ ബ്രോ ഡാഡിയെന്നും പറഞ്ഞ് പോകുകയായിരുന്നു. പൃഥ്വിരാജ് സുകുമാരന്റെ ഡയറക്ഷനില്‍ വരുന്ന സിനിമയാണ്. അങ്ങനെയൊക്കെ പറഞ്ഞ് പോയ ഞാനാണ്. പക്ഷെ ഒന്നും നടന്നില്ല, വെറുതെയായി പോയി.
ശരിക്കും വിഷമം തോന്നിയ സമയമായിരുന്നു. ഓണം കളഞ്ഞിട്ടാണ് പോയതെന്ന് ഓര്‍ക്കണം. കൃത്യം ഓണത്തിന്റെ ദിവസമാണ് ഷൂട്ടെന്ന് പറഞ്ഞ് പോകുന്നത്. അന്ന് സങ്കടപ്പെട്ട് കരഞ്ഞിട്ടാണ് ഞാന്‍ കാരവാനിലേക്ക് പോയത്. സിനിമയില്‍ സ്‌പോട്ടില്‍ കട്ട് ചെയ്യുന്ന ഒരു പരിപാടിയുണ്ട്.
അതിന് ശേഷം എനിക്ക് വാശിയായി. വാശിയെന്ന് പറയാന്‍ ആവില്ല. ഒരു ആഗ്രഹമെന്ന് വേണമെങ്കില്‍ പറയാം. വാശിപ്പുറത്തുള്ള ആഗ്രഹമാണ്. അതായത് പൃഥ്വിരാജിന്റെ സിനിമയില്‍ അഭിനയിക്കണം. അദ്ദേഹത്തിന്റെ ഡയറക്ഷനില്‍ വരുന്ന സിനിമ വേണമെന്നില്ല. അദ്ദേഹം അഭിനയിക്കുന്ന സിനിമയില്‍ കൂടെ അഭിനയിച്ചാല്‍ മതി,’ ആല്‍ഫി പഞ്ഞിക്കാരന്‍ പറഞ്ഞു.
Content Highlight: Alphy Panjikaran Talks About Prithviraj Sukumaran’s Bro Daddy Movie