| Sunday, 20th March 2022, 10:01 am

'ഇനി മലയാള സിനിമക്ക് നല്ലോണം കഥ ആലോചിക്കാം'; ഭാവന ഐ.എഫ്.എഫ്.കെ യിലെത്തിയ വാര്‍ത്ത പങ്കുവെച്ച് അല്‍ഫോണ്‍സ് പുത്രന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഴിഞ്ഞ ദിവസം ഐ.എഫ്.എഫ്.കെയ്ക്ക് അപ്രതീക്ഷിത അഥിതിയായിട്ട് ഭാവന എത്തിയത് ശ്രദ്ധ നേടിയിരുന്നു. നിറഞ്ഞ കരഘോഷത്തോടെയാണ് ഭാവനയെ സദസ് സ്വീകരിച്ചത്. തുടര്‍ന്ന് അഭിനേതാക്കളുള്‍പ്പെടെയുള്ള നിരവധി പേരാണ് ഭാവന ഐ.എഫ്.എഫ്.കെ വേദിയിലെത്തിയ വാര്‍ത്ത പങ്കുവെച്ചത്.

ഇപ്പോഴിതാ ഈ വാര്‍ത്ത സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രനും പങ്കുവെച്ചിരിക്കുകയാണ്. ഭാവനയുടെ വാര്‍ത്ത പങ്കുവെച്ച് ‘മലയാള സിനിമയുടെ ഭാവന തിരിച്ചെത്തി ഇനി മലയാള സിനിമക്ക് നല്ലോണം കഥ ആലോചിക്കാം,’ എന്നാണ് അല്‍ഫോണ്‍സ് കുറിച്ചത്. ഇതിന് വ്യക്തത തേടി നിരവധി പേരാണ് കമന്റ് ബോക്‌സിലെത്തിയത്.

ഉദ്ഘാടന വേദിയില്‍ ഭാവനയെ ക്ഷണിച്ചത് സംവിധായകന്‍ രഞ്ജിത്തായിരുന്നു. പോരാട്ടത്തിന്റെ പെണ്‍ പ്രതീകമായ ഭാവനയെ സദസിലേക്ക് ക്ഷണിക്കുന്നു എന്ന് പറഞ്ഞായിരുന്നു രഞ്ജിത് ഭാവനയെ വേദിയിലേക്ക് ക്ഷണിച്ചത്.

ഇതിനുപിന്നാലെ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ കാണാനായി ആലുവ സെന്റര്‍ ജയിലിലെത്തിയ സംവിധായകന്‍ രഞ്ജിത്തിന്റെ നിലപാടും സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഒരേസമയം ഇരയ്‌ക്കൊപ്പവും വേട്ടക്കാരനൊപ്പവും നിലകൊള്ളുന്നു എന്ന വിമര്‍ശനമാണ് രഞ്ജിത്തിനെതിരെ ഉയര്‍ന്നത്.

എന്നാല്‍ യാദൃശ്ചികമായാണ് ദിലീപിനെ കാണാന്‍ ജയിലിലെത്തിയത് എന്നായിരുന്നു രഞ്ജിത്തിന്റെ വിശദീകരണം.

അടുത്തിടെ മലയാള സിനിമയിലേക്ക് തിരിച്ചെത്തുമെന്ന് ബര്‍ക്ക ദത്തുമായുള്ള അഭിമുഖത്തിനിടയില്‍ ഭാവന പറഞ്ഞിരുന്നു. ഇതിനു ശേഷം ആദില്‍ മൈമുനത്ത് സംവിധാനം ചെയ്യുന്ന ന്റിക്കാക്കൊരു പ്രേമണ്ടാര്‍ന്നു എന്ന ചിത്രത്തില്‍ നായികയാവുന്ന വിവരവും താരം പുറത്തു വിട്ടു. ഷറഫുദ്ദീനാണ് ചിത്രത്തില്‍ നായകനാവുന്നത്.


Content highlight: Alphonse’s son shared the news of Bhavana’s arrival at IFFK

We use cookies to give you the best possible experience. Learn more