7 വര്‍ഷത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ഗോള്‍ഡ് എന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. അല്‍ഫോണ്‍സിന്റെ സംവിധാനത്തിന് പുറമേ നായികാനായകന്മാരായി തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും പൃഥ്വിരാജും ഒന്നിക്കുന്നു എന്നതും ചിത്രത്തിന്റെ മറ്റൊരു ആകര്‍ഷക ഘടകമാണ്.
കഴിഞ്ഞ ദിവസം പുറത്ത് വന്ന ചിത്രത്തിന്റെ ടീസറും ശ്രദ്ധിക്കപ്പെട്ടിരുന്നു. 24 മണിക്കൂറിനുള്ളില്‍ ഏറ്റവുമധികം കാഴ്ചക്കാരെ ലഭിക്കുന്ന ടീസര്‍ എന്ന റെക്കോര്‍ഡും ഗോള്‍ഡ് സ്വന്തമാക്കി. ഈ വിവരം അറിയിച്ചുകൊണ്ട് അല്‍ഫോണ്‍സ് തന്നെ ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു.
‘കേരള ചരിത്രത്തില്‍ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ എറ്റവും കൂടുതല്‍ വ്യൂസ് ഉള്ള ടീസര്‍ ‘ ഗോള്‍ഡ് ‘. എല്ലാവര്‍ക്കും നന്ദി,’ എന്നാണ് ടീസറിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ച് അല്‍ഫോണ്‍സ് കുറിച്ചത്.
ഈ പോസ്റ്റിനു താഴെ ഇത് പെയ്ഡ് വ്യൂസ് ആണോയെന്ന കമന്റിന് അല്‍ഫോണ്‍സ് തന്നെ മറുപടിയും നല്‍കിയിരിക്കുകയാണ്.
‘സിനിമ റിലീസ് ആവണ ദിവസം നമുക്ക് നോക്കാം ബോട്ട്/പെയ്ഡ് വ്യൂസ് ആണോ എന്ന് ബ്രോ. തിയേറ്ററില്‍ സത്യം അറിയാലോ. ഞാനും റിലീസിനായി കാത്തിരിക്കുകയാണ്,’ എന്നാണ് അല്‍ഫോണ്‍സ് നല്‍കിയ മറുപടി.
അതേസമയം സിനിമയെ കുറിച്ചോ, സിനിമയുടെ പ്ലോട്ടിനെ കുറിച്ചോ യാതൊരു സൂചനയും നല്‍കാത്ത തരത്തിലാണ് അണിയറപ്രവര്‍ത്തകര്‍ ടീസര്‍ ഒരുക്കിയിട്ടുള്ളത്.
സിനിമയിലെ അഞ്ച് കഥാപാത്രങ്ങളെ പരിചയപ്പെടുത്തുക മാത്രമാണ് ടീസര്‍ ചെയ്യുന്നത്. പൃഥ്വിരാജ്, നയന്‍താര, ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജസ്റ്റിന്‍ ജോണ്‍, ഷിയാസ്, മുഹമ്മദ് ഫായിസ് എന്നിവരുടെ കഥാപാത്രങ്ങളുടെ പേര് മാത്രമാണ് ടീസര്‍ പ്രേക്ഷകനെ പരിചയപ്പെടുത്തുന്നത്.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മാണം.
Content Highlight: Alphonse’s comment on his own post