| Monday, 6th June 2022, 1:13 pm

ഗോള്‍ഡ് പോസ്റ്റര്‍; ഹോളിവുഡ് ചിത്രത്തിന്റെ ഛായകാച്ചലല്ലേയെന്ന് കമന്റ്; മറുപടിയുമായി അല്‍ഫോണ്‍സ് പുത്രന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രേമത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗോള്‍ഡ്. ചിത്രത്തിനായുള്ള പ്രതീക്ഷകള്‍ വാനോളമാണ് പ്രേക്ഷകര്‍ക്ക്. സിനിമയുടെ പോസ്റ്റര്‍ ഇന്ന് അല്‍ഫോണ്‍സ് പുത്രന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടിരുന്നു.

കഥാപാത്രങ്ങളെയെല്ലാം ഉള്‍ക്കൊള്ളിച്ചുള്ള കളര്‍ ഫുള്‍ പോസ്റ്റായിരുന്നു പുറത്ത് വിട്ടത്. തലതിരിഞ്ഞ രീതിയിലും ചില കഥാപാത്രങ്ങള്‍ പോസ്റ്ററില്‍ ഉണ്ടായിരുന്നു. പോസ്റ്റര്‍ പുറത്ത് വന്ന് നിമിഷങ്ങള്‍ക്കകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

എന്നാല്‍ പോസ്റ്ററിനോട് സാമ്യമുള്ള ഒരു ഹോളിവുഡ് ചിത്രത്തിന്റെ പോസ്റ്റര്‍ ഒരാള്‍ കമന്റ് ചെയ്തിരുന്നു. 2022 മാര്‍ച്ചില്‍ പുറത്തിറങ്ങിയ എവിരിത്തിങ്ങ് എവിരിവെയര്‍ ഓള്‍ അറ്റ് വണ്‍സ് എന്ന ചിത്രത്തിന്റെ പോസ്റ്ററാണ് കമന്റിലൂടെ പങ്കുവെച്ചത്. ഈ ഹോളിവുഡ് ചിത്രത്തിന്റെ പോസ്റ്ററിലും നേരെയും തലതിരിഞ്ഞുമുള്ള നിരവധി കഥാപാത്രങ്ങളുണ്ടായിരുന്നു.

തന്റെ ആദ്യ ചിത്രമായ നേരത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചാണ് അല്‍ഫോണ്‍സ് ഇതിന് മറുപടി നല്‍കിയത്. ഗോള്‍ഡിന്റെ പോസ്റ്ററിനോട് സമാനമായുള്ള രൂപത്തിലാണ് നേരത്തിന്റെ പോസ്റ്ററും രൂപകല്‍പന ചെയ്തിരുന്നത്. 2013ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ നിവിന്‍ പോളിയും നസ്രിയയുമാണ് കേന്ദ്രകഥാപാത്രങ്ങളായെത്തിയത്.

നയന്‍തായരയും പൃഥ്വിരാജുമാണ് ഗോള്‍ഡില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മല്ലിക സുകുമാരന്‍, ബാബുരാജ്, ഷമ്മി തിലകന്‍, അബു സലീം, അജ്മല്‍ അമീര്‍, റോഷന്‍ മാത്യൂ, ഇടവേള ബാബു എന്നിങ്ങനെ വലിയൊരു താരനിര തന്നെ ഗോള്‍ഡിലെത്തുന്നുണ്ട്.

പൃഥ്വിരാജ് -നയന്‍താര-അല്‍ഫോണ്‍സ് കോംബോയില്‍ ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണ് ഗോള്‍ഡ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മാണം.

Content Highlight: Alphonse responded to comment under gold movie poster by sharing the poster for his first film, Neram

Latest Stories

We use cookies to give you the best possible experience. Learn more