|

സിനിമ എഡിറ്റ് ചെയ്യണമെങ്കില്‍ ജീവിതത്തില്‍ ഏറ്റവും ക്ഷമയുള്ള വ്യക്തിയാവണം; അല്‍ഫോന്‍സ് പുത്രന്റെ ടിപ്‌സ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒമ്പത് വര്‍ഷത്തിനിടയ്ക്ക് കേവലം രണ്ട് സിനിമകള്‍ മാത്രമേ സംവിധാനം ചെയ്തുള്ളുവെങ്കിലും മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്‍.

2013ല്‍ പുറത്തിറങ്ങിയ നേരവും 2015 ല്‍ പുറത്തിറങ്ങിയ പ്രേമവും കേരളത്തിന് പുറത്തേക്കും ശ്രദ്ധിക്കപ്പെട്ടിരുന്നു. കേരളത്തില്‍ തരംഗമായതിന് പുറമേ പ്രേമം തമിഴ്നാട്ടില്‍ 100 ദിവസമാണ് ഓടിയത്.

നേരത്തിനും പ്രേമത്തിനും ശേഷം താന്‍ സംവിധാനം ചെയ്യുന്ന ഗോള്‍ഡ് എന്ന സിനിമയുടെ എഡിറ്റിംഗ് ജോലികള്‍ പുരോഗമിക്കുകയാണെന്ന് അല്‍ഫോണ്‍സ് പുത്രന്‍ നേരത്തെ പറഞ്ഞിരുന്നു. നേരവും പ്രേമവും പോലെയല്ല ഈ സിനിമയെന്നും ഇത് ‘വേറെ ഒരു ടൈപ്പ് സിനിമയാണെന്നും’ അദ്ദേഹം പറഞ്ഞിരുന്നു.

ഇപ്പോഴിതാ, ഒരു സിനിമയിലെ എഡിറ്റിംഗിനെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ പ്രേക്ഷകരുമായി പങ്കുവെക്കുകയാണ് അല്‍ഫോണ്‍സ് പുത്രന്‍. സിനിമ എഡിറ്റ് ചെയ്യണമെങ്കില്‍ ജീവിതത്തില്‍ എറ്റവും ക്ഷമയുള്ള വ്യക്തിയാവണം എന്നാണ് അദ്ദേഹം പറയുന്നത്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘എഡിറ്റിംഗ് മനസിലാക്കാന്‍…. നിങ്ങള്‍ ഒരു എഡിറ്റിംഗ് സോഫ്റ്റ് വെയറിലേക്ക് കുറച്ച് ഫൂട്ടേജ് ഇമ്പോര്‍ട്ട് ചെയ്യണം, തുടര്‍ന്ന് അത് ഫ്രെയിം ബൈ ഫ്രെയിം കാണണം.

സിനിമകളില്‍ ഒരു സെക്കന്‍ഡില്‍ ഫ്രെയിമുകളുടെ എണ്ണം 24 ആണ്. അതായത് ഒരു സെക്കന്‍ഡില്‍ 24 ചിത്രങ്ങള്‍ നീങ്ങും. അതിനാല്‍, ഫ്രെയിം ബൈ ഫ്രെയിമുകള്‍ നിങ്ങളത് മനസിലാക്കേണ്ടതുണ്ട്.

ഫ്രെയിം ബൈ ഫ്രെയിം എന്നാല്‍ സിനിമ കാണുന്നതുപോലെയല്ല. ഒരു സിനിമ എഡിറ്റ് ചെയ്യുമ്പോള്‍ ജീവിതത്തില്‍ ഏറ്റവും ക്ഷമയുള്ള വ്യക്തി നിങ്ങളായിരിക്കണം. ഓരോ കട്ടിലൂടെയും സിനിമയുടെ സ്വഭാവവും താളവും വേഗതയും രൂപകല്‍പ്പന ചെയ്യുന്നത് നിങ്ങളാണ്.

ഒരു സിനിമയിലെ പിഴവുകള്‍ കണ്ടെത്താനുള്ള കഴിവ് നിങ്ങള്‍ക്കുണ്ടെന്ന് കരുതുന്നുവെങ്കില്‍, നിങ്ങള്‍
സിനിമ ഇന്‍ഡസ്ട്രിക്ക് പുറത്ത് ഒരു നിരൂപകനാകുന്നതിന് പകരം സിനിമാ വ്യവസായത്തിലെ ഒരു എഡിറ്റര്‍ ആകാം,’ എന്നാണ് അല്‍ഫോണ്‍സ് പുത്രന്‍ ഫേസ്ബുക്കില്‍ എഴുതിയത്.

CONTENT HIGHLIGHTS: Alphonse Puthren  shares his views on editing a movie with the audience