| Wednesday, 25th May 2022, 4:16 pm

മമ്മൂട്ടി അല്‍ പാച്ചിനോയെക്കാളും റേഞ്ചുള്ള നടന്‍, ലോകത്തിലെ വിലപിടിപ്പുള്ള വജ്രം; അല്‍ഫോണ്‍സ് പുത്രന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അടച്ചിട്ടിരുന്ന തിയേറ്ററുകള്‍ക്ക് പുത്തന്‍ ഉണര്‍വ് നല്‍കിയ ചിത്രമായിരുന്നു മമ്മൂട്ടി-അമല്‍ നീരദ് കൂട്ടുകെട്ടിലെത്തിയ ഭീഷ്മ പര്‍വ്വം. 100 ശതമാനം കാണികളെ പ്രവേശിപ്പിക്കാന്‍ അനുമതി ലഭിച്ചതിന് പിന്നാലെയെത്തിയ ചിത്രം തിയേറ്ററുകള്‍ക്ക് കൊടുത്ത എക്‌സ്‌പോഷര്‍ ചെറുതൊന്നുമല്ല.

ഭീഷ്മ പര്‍വ്വത്തെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍.
‘ഭീഷ്മ പര്‍വ്വം തകര്‍ത്തു. ഭീഷ്മ പര്‍വ്വം ടീമിന് അഭിനന്ദനങ്ങള്‍. സിനിമക്ക് അടിപൊളി ലുക്കും ഫീലും ഉണ്ടാക്കിയ അമല്‍ നീരദിനോടും ആനന്ദി സി. ചന്ദ്രനോടും പ്രത്യേക സ്‌നേഹം,’ എന്നാണ് അല്‍ഫോണ്‍സ് ഫേസ്ബുക്കില്‍ കുറിച്ചത്.

എല്ലാ ഫേസ്ബുക്ക് പോസ്റ്റിന്റെയും കമന്റ് സെക്ഷനില്‍ ആരാധകരോട് സംവദിക്കാറുള്ള അല്‍ഫോണ്‍സ് ഇപ്രാവിശ്യവും അത് മുടക്കിയില്ല.

‘ലോകസിനിമയിലെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് മമ്മൂട്ടി സാര്‍. ഓരോ സിനിമയിലും കഥാപാത്രത്തിന്റെ ആത്മാവ് കൊണ്ടുവരുന്ന അപൂര്‍വം നടന്മാരില്‍ ഒരാള്‍. സ്റ്റാര്‍ഡം ഇല്ലാത്ത അത്ഭുത മനുഷ്യന്‍. മഹാനായ അദ്ദേഹത്തോട് ഒരുപാട് ബഹുമാനവും സ്‌നേഹവും,’ എന്ന ഒരു കമന്റിന് അല്‍ഫോണ്‍സ് നല്‍കിയ മറുപടി ഇങ്ങനെ.

‘സത്യം. ക്ലിന്റ് ഈസ്റ്റ് വുഡ്, റോബേര്‍ട്ട് ഡി നിറോ, അല്‍ പാച്ചിനോ എന്നിവരെക്കാളും റേഞ്ചുള്ള നടനാണ് അദ്ദേഹം. എന്നെ സംബന്ധിച്ചിടത്തോളം കേരളത്തിലും തമിഴ്‌നാടിലും ലോകത്തിലും തന്നെയുള്ള വിലപിടിപ്പുള്ള രത്‌നമാണ് മമ്മൂട്ടി. ഒരുപാട് സ്‌നേഹവും ബഹുമാനവും,’ എന്നായിരുന്നു അല്‍ഫോണ്‍സിന്റെ മറുപടി. ഇന്നാണ് താന്‍ ഭീഷ്മ പര്‍വ്വം കണ്ടതെന്നും അല്‍ഫോണ്‍സ് കമന്റില്‍ കുറിച്ചു.

മൈക്കിളപ്പനായി മമ്മൂട്ടി നിറഞ്ഞാടിയ ഭീഷ്മ പര്‍വ്വം മാര്‍ച്ച് മൂന്നിനാണ് റിലീസ് ചെയ്തത്. ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് റിലീസിന്റെ ഒരാഴ്ചയ്ക്കുള്ളില്‍ത്തന്നെ 50 കോടി ചിത്രം നേടി. ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം എന്നതുതന്നെ ആയിരുന്നു ചിത്രത്തിന് ലഭിച്ച വലിയ പ്രീ-റിലീസ് ഹൈപ്പിന് കാരണം.

അതേസമയം പൃഥ്വിരാജും നയന്‍താരയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ഗോള്‍ഡാണ് ഇനി റിലീസിനൊരുങ്ങുന്ന് അല്‍ഫോണ്‍സിന്റെ ചിത്രം. ‘പ്രേമം’ കഴിഞ്ഞുള്ള നീണ്ട ഇടവേളയ്ക്കുശേഷമാണ് അല്‍ഫോന്‍സ് പുത്രന്‍ ഗോള്‍ഡുമായി എത്തുന്നത്.

Content Highlight: alphonse puthren says Mammootty is an actor with more range than Al Pacino, the most precious diamond in the world

Latest Stories

We use cookies to give you the best possible experience. Learn more