| Monday, 5th December 2022, 5:08 pm

'ചായ കൊള്ളില്ലെങ്കില്‍ എന്നോട് പറയാന്‍ പാടില്ലേ? അത് മൈക്ക് വെച്ച് വിളിച്ചു പറയണോ?' നയന്‍താരയുടെ പ്രാധാന്യവും വിശദീകരിച്ച് അല്‍ഫോണ്‍സ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഏറെ നാളത്തെ ഇടവേളക്ക് ശേഷം അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തിലെത്തിയ ഗോള്‍ഡ് ഡിസംബര്‍ ഒന്നിനാണ് റിലീസ് ചെയ്തത്. റിലീസിന് പിന്നാലെ വലിയ വിമര്‍ശനമാണ് ചിത്രത്തിന് ലഭിച്ചത്. എന്നാല്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി അല്‍ഫോണ്‍സ് തന്നെ രംഗത്തെത്തിയിരുന്നു. തന്നോടും സിനിമയോടുമുള്ള കുശുമ്പും പുച്ഛവുമാണ് നെഗറ്റീവ് റിവ്യൂസിലുള്ളതെന്നാണ് അല്‍ഫോണ്‍സിന്റെ വാക്കുകള്‍.

നേരത്തിന്റെയും പ്രേമത്തിന്റെയും രണ്ടാം ഭാഗമല്ല, ഗോള്‍ഡ് എന്ന പേരില്‍ പുതിയ ഒരു ചിത്രമാണ് താന്‍ ചെയ്തിരിക്കുന്നതെന്ന് അല്‍ഫോണ്‍സ് പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അല്‍ഫോണ്‍സിന്റെ പോസ്റ്റിന് നിരവധി കമന്റുകളും വന്നിരുന്നു. നയന്‍താരയെ എന്ത് പറഞ്ഞ് കണ്‍വിന്‍സ് ചെയ്താണ് ഈ ചിത്രത്തിലേക്ക് കൊണ്ടുവന്നതെന്നായിരുന്നു ഇതിലൊരു കമന്റ്. ഇതിന് മറുപടിയായി ചിത്രത്തില്‍ നയന്‍താരയുടെ പ്രാധാന്യം അല്‍ഫോണ്‍സ് കമന്റായി കുറിച്ചിരുന്നു.

‘നയന്‍താര അവതരിപ്പിക്കുന്ന സുമംഗലി എന്ന കഥാപാത്രത്തിന്റെ പ്രാധാന്യം, ജോഷിയുടെ ഷോപ്പ് ഇരിക്കുന്ന സുമംഗലി ഷോപ്പിങ് കോംപ്ലെക്‌സിന്റെ ഓണര്‍ ആരാണ്? ജോഷിയുടെ വീട്ടില്‍ ആര്‍ക്കു വേണ്ടി ആര് കൊടുത്ത സ്വര്‍ണം ആണ് ബ്രോ? അതാണ് പ്രാധാന്യം,’ എന്നാണ് അല്‍ഫോണ്‍സ് മറുപടി നല്‍കിയത്.

‘ഈ ചായ ഉണ്ടാക്കിയത് ഞാന്‍ അല്ലെ. നിങ്ങള്‍ക്കു എന്നോട് പറയാന്‍ പാടില്ലേ? അത് മൈക്ക് വെച്ച് വിളിച്ചു പറയണോ എന്നുള്ളത് നിങ്ങളുടെ വ്യക്തി സ്വാതന്ത്ര്യം,’ എന്നാണ് മറ്റൊരു കമന്റിന് അല്‍ഫോണ്‍സ് കൊടുത്ത മറുപടി.

ഗോള്‍ഡിനെ ചായയോട് ഉപമിച്ചുകൊണ്ടാണ് അല്‍ഫോണ്‍സ് വിമര്‍ശനങ്ങളോട് പ്രതികരിച്ചത്. ചായയുടെ മധുരം കൂടിയോ കുറഞ്ഞോ, പാലില്‍ പ്രശ്നങ്ങളുണ്ടായിരുന്നോ എന്നിങ്ങനെ കൃത്യമായി പറയുന്ന വിമര്‍ശനങ്ങള്‍ തനിക്ക് ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഊള ചായ, വൃത്തികെട്ട ചായ എന്നിങ്ങനെയുള്ള കമന്റുകളിലൂടെ ചിലരുടെ ഈഗോ മാത്രമാണ് ജയിക്കുന്നതെന്നും അല്‍ഫോണ്‍സ് കൂട്ടിച്ചേര്‍ത്തു.

ചായ കൊള്ളൂല്ല എന്ന് പെട്ടെന്ന് പറയാം! കടുപ്പം കൂടിയോ കുറഞ്ഞോ? വെള്ളം കൂടിയോ കുറഞ്ഞോ? പാല്‍ കൂടിയോ കുറഞ്ഞോ? പാല്‍ കേടായോ, കരിഞ്ഞോ? മധുരം കൂടി, മധുരം കുറഞ്ഞു… എന്ന് പറഞ്ഞാല്‍ ചായ ഉണ്ടാക്കുന്ന ആള്‍ക്ക് അടുത്ത ചായ ഉണ്ടാക്കുമ്പോള്‍ ഉപകരിക്കും.

അയ്യേ ഊള ചായ, വൃത്തികെട്ട ചായ, വായേല് വെക്കാന്‍ കൊള്ളാത്ത ചായ എന്ന് പറഞ്ഞാല്‍ നിങ്ങളുടെ ഈഗോ വിജയിക്കും. ഇതുകൊണ്ടു രണ്ടു പേര്‍ക്കും ഉപയോഗം ഇല്ല. നേരം 2, പ്രേമം 2 എന്നല്ല ഞാന്‍ ഈ സിനിമക്ക് പേരിട്ടത്. ഗോള്‍ഡ് എന്നാണ്,’ അല്‍ഫോണ്‍സ് പറയുന്നു.

താനും ഗോള്‍ഡ് സിനിമയില്‍ പ്രവര്‍ത്തിച്ച ആരും പ്രേക്ഷകരെ വെറുപ്പിക്കാനോ, ഉപദ്രവിക്കാനോ, അവരുടെവിലപ്പെട്ട സമയം കളയാനോ ചെയ്തതല്ല ഈ സിനിമയെന്നും ഇനിയും തന്നെയും തന്റെ ടീമിനെയും സംശയിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗോള്‍ഡ് വ്യത്യസ്തമായി എടുക്കാമായിരുന്നു എന്നുള്ള അഭിപ്രായങ്ങളില്‍ അര്‍ത്ഥമില്ലെന്നും അല്‍ഫോണ്‍സ് കൂട്ടിച്ചേര്‍ത്തു.

‘ഗോള്‍ഡ് അങ്ങനെ എടുക്കാമായിരുന്നു, ഇങ്ങനെ എടുക്കാമായിരുന്നു എന്ന് പറയരുത്. കാരണം ഞാനും ഗോള്‍ഡ് എന്ന സിനിമ ആദ്യമായിട്ടാണ് എടുക്കുന്നത്. നേരത്തെ ഗോള്‍ഡ് ചെയ്തു ശീലം ഉണ്ടെങ്കില്‍ നിങ്ങള്‍ പറയുന്നത് ശരിയാണ്,’ അല്‍ഫോണ്‍സ് പറഞ്ഞു.

Content Highlight: alphonse puthren’s reply about the importance of nayanthara’s character in gold movie

We use cookies to give you the best possible experience. Learn more