| Wednesday, 30th November 2022, 11:02 pm

ഗോള്‍ഡ് ഇംപെര്‍ഫെക്ടാണ്, ആദ്യ സീനിലെ കഥ തുടങ്ങും; റിലീസിന് മണിക്കൂറുകള്‍ ശേഷിക്കേ അല്‍ഫോണ്‍സ് പുത്രന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ ഏറെ നാളായി കാത്തിരിക്കുന്ന അല്‍ഫോണ്‍സ് പുത്രന്‍ ചിത്രം ഗോള്‍ഡ് നാളെ (ഡിസംബര്‍ 1) റിലീസിന് എത്തുകയാണ്. സാങ്കേതിക കാരണങ്ങളാല്‍ നിരവധി തവണ റിലീസ് മാറ്റിവെച്ച ചിത്രം ഒടുവില്‍ തിയേറ്ററുകളിലേക്കെത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍.

ഇപ്പോള്‍ ചിത്രത്തിന്റെ റിലീസിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ഗോള്‍ഡിനെ കുറിച്ചുള്ള പുതിയ ഫേസ്ബുക്ക് പോസ്റ്റുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍.

ഗോള്‍ഡ് ഇംപെര്‍ഫെക്ടാണെന്നും അതുകൊണ്ട് തന്നെ എല്ലാവര്‍ക്കും ഇഷ്ടപ്പെടുമെന്നാണ് കരുതുന്നതെന്നുമാണ് അദ്ദേഹം പറയുന്നത്. പടം കാണുന്നവര്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അഭിപ്രായങ്ങള്‍ പറയണമെന്നും അല്‍ഫോണ്‍സ് പുത്രന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

‘നേരവും പ്രേമവും പോലെ ഗോള്‍ഡും ഇംപെര്‍ഫെക്ടാണ്. അതുകൊണ്ട് മിക്കവാറും നിങ്ങള്‍ക്ക് ഗോള്‍ഡ് ഇഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. നാളെ ഗോള്‍ഡ് റിലീസ് ആണ്. കണ്ടതിന് ശേഷം ഫ്രീ ആണെങ്കില്‍ ഇഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ലെങ്കിലും എന്നോട് നിങ്ങളുടെ ഫീഡ്ബാക്ക് തുറന്നുപറയണേ.

ഫസ്റ്റ് സീനില്‍ തന്നെ കഥ തുടങ്ങും. ബാക്കി ഞാന്‍ പറഞ്ഞ് കുളമാക്കുന്നില്ല. എന്റെ ഭാഗത്ത് നിന്നുമുണ്ടായ കാലതാമസത്തിന് സോറി പറയുന്നു സുഹൃത്തുക്കളേ. ബാക്കി നിങ്ങള്‍ കണ്ടിട്ട് പറ,’ അല്‍ഫോണ്‍സ് പുത്രന്‍ കുറിപ്പില്‍ പറഞ്ഞു.

പ്രേമം ഇറങ്ങി ഏഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷമെത്തുന്ന അല്‍ഫോണ്‍സ് പുത്രന്‍ ചിത്രമാണ് ഗോള്‍ഡ്. പൃഥ്വിരാജും നയന്‍താരയും ഒന്നിച്ചെത്തുന്ന ചിത്രമായതിനാലും ഗോള്‍ഡില്‍ വന്‍ പ്രതീക്ഷകളാണ് ആരാധകര്‍ക്കുള്ളത്.

പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും ഉയര്‍ന്ന പ്രീ റിലീസാണ് ഗോള്‍ഡ് സ്വന്തമാക്കിയിരിക്കുന്നത്. അമ്പത് കോടിയലിധികം രൂപ ആണ് ചിത്രം പ്രീ റിലീസ് ബിസിനസ് വഴി സ്വന്തമാക്കിയതെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.

വേള്‍ഡ് വൈഡായി 1300കളിലധികം സ്‌ക്രീനുകളില്‍ എത്തുന്ന ചിത്രം പൃഥ്വിരാജിന്റെ ഏറ്റവും വലിയ റിലീസാണ്. ആറായിരത്തിലധികം ഷോകളായിരിക്കും ചിത്രത്തിന് ഒരു ദിവസം ഉണ്ടാവുക. ഗോള്‍ഡ് വിവിധ രാജ്യങ്ങളിലെ ചില സെന്ററുകളില്‍ ആദ്യമായി റിലീസ് ചെയ്യുന്നുവെന്ന പ്രത്യേകതയുമുണ്ട്.

Content Highlight: Alphonse Puthren’s latest facebook post about Gold movie

We use cookies to give you the best possible experience. Learn more