Advertisement
Mollywood
അല്‍ഫോന്‍സ് പുത്രന്റെ അടുത്ത ചിത്രത്തില്‍ കാളിദാസ് ജയറാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Mar 19, 02:44 pm
Monday, 19th March 2018, 8:14 pm

കൊച്ചി: പൂമരത്തിലെ ഒറ്റപ്പാട്ട് കൊണ്ട് ആരാധകരെ സൃഷ്ടിച്ച നടനാണ് കാളിദാസ് ജയറാം. തന്റെ ആദ്യ ചിത്രം തിയേറ്ററിലെത്തിയതിന്റെ സന്തോഷത്തിലാണ് കാളിദാസ് ജയറാമും ആരാധകരും. ഒരു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് പൂമരം റിലീസ് ചെയ്തത്.

എന്നാല്‍, അടുത്ത ചിത്രത്തിന് വേണ്ടി അധികം കാത്തിരിക്കേണ്ടി വരില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കലിപ്പ് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്റെ അടുത്ത തമിഴ് ചിത്രത്തിലാണ് കാളിദാസ് നായകനാകുന്നത്. കാളിദാസന് പുറമെ സിദ്ദാര്‍ഥും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.


Related: അപ്പോത്തിക്കിരിക്ക് ശേഷം മാധവ് രാമദാസിന്റെ പുതിയ ചിത്രം ‘ഇളയരാജ’; ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി


പ്രേമത്തിന് ശേഷം ചിത്രങ്ങളൊന്നും ചെയ്യാതിരുന്ന അല്‍ഫോന്‍സ് പുത്രന്റെ തിരിച്ചുവരവായിരിക്കും പുതിയ ചിത്രം. നിവിന്‍ പോളിയെ നായകനാക്കി 2015ല്‍ പുറത്തിറങ്ങിയ അല്‍ഫോന്‍സ് പുത്രന്‍ ചിത്രം പ്രേമം മലയാളത്തിലെ എക്കാലത്തെയും ഹിറ്റുകളിലൊന്നാണ്. മലയാളത്തിലും തമിഴിലുമായി പുറത്തിറങ്ങിയ നേരമാണ് സംവിധായകന്റെ ആദ്യ ചിത്രം. ചിത്രം യുവാക്കള്‍ക്കിടയില്‍ വലിയ അഭിപ്രായം നേടിയിരുന്നു. പ്രേമത്തിലും, ചെന്നൈ ഉങ്കളായി അന്‍പുദാന്‍ വരവേര്‍ക്കിരത് എന്നീ ചിത്രങ്ങളില്‍ അഭിനേതാവായും അല്‍ഫോന്‍സ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.


Read Also: ‘ദാമോദര്‍സ് ലോ ഓഫ് സര്‍വൈവല്‍’; റഹ്മാന്‍ രണത്തിന്റെ പുതിയ ടീസറില്‍


അതേസമയം കാളിദാസിന്റെ ആദ്യ ചിത്രത്തിന് ,സമ്മിശ്രഅഭിപ്രായങ്ങളാണ് ലഭിക്കുന്നത്. കാളിദാസന്‍ നായകനായെത്തുന്നു എന്ന വാര്‍ത്ത പുറത്ത് വന്നത് മുതല്‍ മലയാളികള്‍ കാത്തിരുന്ന ചിത്രമാണ് പൂമരം. ചിത്രത്തിലെ “ഞാനും ഞാനുമെന്റാളും” എന്ന പാട്ട് പുറത്ത് വന്നതോടെ പ്രതീക്ഷകള്‍ വാനോളമുയര്‍ന്നു. എന്നാല്‍ ചിത്രീകരണം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞിട്ടും റിലീസ് ചെയ്യാത്തതിനെ തുടര്‍ന്ന് ചിത്രത്തിന് നിരവധി ട്രോളുകള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. “പൂമരം പാട്ടിന്റെ ഒന്നാം വാര്‍ഷികം” എന്ന കുറിപ്പോടെ കേക്കിന്റെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് കാളിദാസ് ജയറാം തന്നെ സെല്‍ഫ് ട്രോളുമായി രംഗത്തെത്തിയിരുന്നു. ഏറെ കാത്തിരിപ്പിന് ശേഷം മാര്‍ച്ച് 15നാണ് ചിത്രം റിലീസ് ചെയ്തത്.