|

ഗോള്‍ഡ് ഇനി ഒ.ടി.ടിയിലേക്ക്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് അല്‍ഫോണ്‍സ് പുത്രന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രേമത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ഗോള്‍ഡ് ഡിസംബര്‍ 29 ന് ഒ.ടി.ടിയില്‍ റിലീസ് ചെയ്യുന്നു. അല്‍ഫോണ്‍സ് പുത്രന്‍ തന്റെ ഫേസ്ബുക്കിലൂടെയാണ് വിവരം പങ്കുവെച്ചത്. ആമസോണ്‍ പ്രൈമിലാണ് ചിത്രത്തിന്റെ സ്ട്രീമിങ്ങ് ആരംഭിക്കുന്നത്.

നയന്‍താരയും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമാണെന്നതും പ്രേക്ഷകരില്‍ വലിയ പ്രതീക്ഷയായിരുന്നു ഉണ്ടാക്കിയിരുന്നത്. പൃഥ്വിരാജ് തന്നെയായിരുന്നു ചിത്രത്തിന്റെ നിര്‍മാതാവ്. എട്ട് വര്‍ഷത്തിന് ശേഷമുള്ള അല്‍ഫോണ്‍സ് ചിത്രം എന്ന പ്രതീക്ഷയില്‍ ആരാധകര്‍ കാത്തിരുന്ന ഗോള്‍ഡിന് പ്രതീക്ഷക്കൊത്ത് ഉയരാന്‍ കഴിഞ്ഞിട്ടില്ലെന്നായിരുന്നു പ്രേക്ഷക പ്രതികരണം.

കാപ്പയുടെ പ്രസ് മീറ്റില്‍ പൃഥ്വിരാജും ഗോള്‍ഡ് പ്രേക്ഷകരില്‍ വര്‍ക്കായില്ലെന്ന് തന്നെയായിരുന്നു പറഞ്ഞത്. തിയേറ്ററുകളില്‍ വിജയിക്കാതിരുന്നിട്ടും ഗോള്‍ഡ് തങ്ങള്‍ക്ക് ലാഭമാണ് ഉണ്ടാക്കിയതെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.

ജോഷി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ഗോള്‍ഡില്‍ അവതരിപ്പിച്ചത്. സുമംഗലി ഉണ്ണികൃഷ്ണന്‍ എന്ന കഥാപാത്രമായിട്ടാണ് നയന്‍താരയെത്തുന്നത്. ഷമ്മി തിലകന്‍, മല്ലിക സുകുമാരന്‍, വിനയ് ഫോര്‍ട്ട്, അല്‍താഫ് സലീം, സാബുമോന്‍, ചെമ്പന്‍ വിനോദ്,

ബാബുരാജ്, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ്മ, റോഷന്‍ മാത്യു, ലാലു അലക്‌സ്, ജാഫര്‍ ഇടുക്കി, ജഗദീഷ്, അബു സലീം, സുരേഷ് കൃഷ്ണ, ദീപ്തി സതി, സുധീഷ്, അജ്മല്‍ അമീര്‍, പ്രേം കുമാര്‍, സൈജു കുറിപ്പ്, ജസ്റ്റിന്‍ ജോണ്‍, ഫയ്‌സല്‍ മുഹമ്മദ്, എം ഷിയാസ് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അഭിനയിച്ചത്.

content highlight: alphonse puthren gold ott release date anounced