| Sunday, 16th May 2021, 10:14 am

ആത്മാര്‍ത്ഥമായ ഫിലിം മേക്കിംഗ്; നായാട്ട്-കര്‍ണന്‍ ടീമിന് ആശംസയുമായി അല്‍ഫോന്‍സ് പുത്രന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ സംവിധാനത്തിലൊരുങ്ങിയ നായാട്ട് ഏറെ വാര്‍ത്താ പ്രാധാന്യം പിടിച്ച് പറ്റിയ ചിത്രമായിരുന്നു. അടുത്തിടെ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത മാരി സെല്‍വരാജ് ചിത്രം കര്‍ണനും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

ഇപ്പോഴിതാ രണ്ട് ചിത്രങ്ങളുടെയും ടീമിനെ പ്രശംസിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ നായാട്ടും മാരി സെല്‍വരാജിന്റെ കര്‍ണനും- ആത്മാര്‍ത്ഥമായ ഫിലിം മേക്കിംഗ്. ഇരു സിനിമകളുടെയും അഭിനേതാക്കള്‍ക്കും ടീമിനും എന്റെ സ്‌നേഹവും ബഹുമാനവും അറിയിക്കുന്നു,’ എന്നാണ് അല്‍ഫോണ്‍സ് എഴുതിയത്.

നായാട്ടില്‍ കുഞ്ചാക്കോ ബോബന്‍, നിമിഷ സജയന്‍, ജോജു ജോര്‍ജ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

പൊലീസിന്റെ ദൈനംദിന പ്രവൃത്തികളും വ്യക്തി ജീവിതവും മുതല്‍ ടെന്‍ഷന്‍ നിറഞ്ഞ ജോലികള്‍ സൃഷ്ടിക്കുന്ന മാനസിക സമ്മര്‍ദവും രാഷ്ട്രീയക്കാരുടെ വെറും കളിപ്പാവകളായി മാറേണ്ടി വരുന്ന അവസ്ഥയുമെല്ലാം ചിത്രത്തില്‍ പറയുന്നുണ്ട്. അതുപോലെ തന്നെ പൊലീസ് നടത്തുന്ന നിയമവിരുദ്ധമായ അറസ്റ്റുകള്‍ മുതലുള്ള പ്രവൃത്തികളും ചിത്രത്തിലുണ്ട്.

നായാട്ട് മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ മുന്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായിരിക്കുമെന്ന് കുഞ്ചാക്കോ ബോബന്‍ നേരത്തെ പറഞ്ഞിരുന്നു. ചിത്രത്തിലെ തന്റെ വേഷമായ മൈക്കിള്‍ പ്രവീണ്‍ ആവാന്‍ കുറച്ചധികം ശ്രമം വേണ്ടിവന്നെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞിരുന്നു.

മാരി സെല്‍വരാജിന്റെ കര്‍ണന്‍ മികച്ച പ്രതികരണം നേടുകയാണ്. ദളിത് പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന ചിത്രത്തില്‍ ധനുഷ് ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

പരിയെരും പെരുമാള്‍ ആണ് മാരി സെല്‍വരാജിന്റെ ആദ്യ ചിത്രം. ഈ ചിത്രവും ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Alphonse Puthren about Nayattu and Karnan movies

We use cookies to give you the best possible experience. Learn more