| Monday, 31st January 2022, 11:45 am

'വര്‍ഷങ്ങള്‍ കഴിഞ്ഞാലും അഭിനയത്തിലെ സ്ഥിരത തുടരാന്‍ മമ്മൂട്ടിക്ക് കഴിയും'; ഫേസ്ബുക്ക് കുറിപ്പിന് വന്ന കമന്റിന് മറുപടിയുമായി അല്‍ഫോണ്‍സ് പുത്രന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടി അഭിനയത്തില്‍ നാല് പി.എച്ച്.ഡി നേടിയ പ്രിന്‍സിപ്പലാണെന്ന് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. രണ്ട് ദിവസം മുമ്പ് അഭിനയത്തെ കുറിച്ച് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിന് വന്ന കമന്റിന് മറുപടി നല്‍കുകയായിരുന്നു അല്‍ഫോണ്‍സ്. അഭിനയം അറിയാമെങ്കിലും പല തരത്തിലുള്ള ഷോട്ടുകള്‍ പഠിച്ചെങ്കിലേ മികച്ച നടനാവാന്‍ സാധിക്കുകയുള്ളൂവെന്ന് അല്‍ഫോണ്‍സ് കുറിച്ചിരുന്നു.

‘രണ്ട് ഷോട്ടുകള്‍ക്കിടയിലുള്ള സ്ഥിരത നിലനിര്‍ത്തുന്നതില്‍ മമ്മൂട്ടി മികച്ചുനില്‍ക്കുന്നു, വര്‍ഷങ്ങള്‍ കഴിഞ്ഞാലും അദ്ദേഹത്തിനത് തുടരാനാവും, അന്തരിച്ച നടന്‍ മുരളി പറഞ്ഞതാണിത്’ എന്നാണ് കമന്റ് വന്നത്.

ഇതിന് മറുപടിയായിട്ടാണ് ‘മമ്മൂക്ക നാല് പി.ച്ച.ഡി എടുത്ത പ്രിന്‍സിപ്പലിനെ പോലെയാണ്’ എന്ന് അല്‍ഫോണ്‍സ് കുറിച്ചത്.

പൃഥ്വിരാജും നയന്‍താരയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഗോള്‍ഡാണ് അല്‍ഫോണ്‍സ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം. അല്‍ഫോണ്‍സ് പുത്രന്‍ ചിത്രത്തില്‍ പൃഥ്വിരാജും നയന്‍താരയും ആദ്യമായാണ് അഭിനയിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മാണം.

പൃഥ്വിയുടെ അമ്മ വേഷത്തിലെത്തുന്നത് മല്ലിക സുകുമാരന്‍ ആണെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

അല്‍ഫോണ്‍സ് ഫോസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ്

ഇത് സിനിമയില്‍ വരാന്‍ ആഗ്രഹിക്കുന്ന അഭിനേതാക്കള്‍ക്ക് വേണ്ടിയുള്ള എന്റെ ചില നിരീക്ഷണങ്ങളാണ്. ഫീച്ചര്‍ ഫിലിമുകളിലോ സീരീസുകളിലോ സീരിയലുകളിലോ എവിടെയുമാകട്ടെ ഒരു നല്ല നടനാകാന്‍ നിങ്ങള്‍ താഴെ പറയുന്ന ചില കാര്യങ്ങള്‍ പഠിക്കേണ്ടതുണ്ട്.

1.ക്ലോസ് അപ്പ് ഷോട്ട്
2. മിഡ് ക്ലോസ് അപ്പ് ഷോട്ട്
3. മിഡ് ഷോട്ട്
4. നീ ഷോട്ട്
5. ഫുള്‍ ഷോട്ട്
6. ലോംഗ് ഷോട്ട്
7. എക്‌സ്ട്രീം ലോംഗ് ഷോട്ട് / വൈഡ് ഷോട്ട്

കൂടാതെ ഒ.എസ്.എസ്. പോലുള്ള മറ്റ് ഷോട്ടുകളെക്കുറിച്ചും അറിഞ്ഞിരിക്കണം.

ചുരുക്കത്തില്‍: സിനിമയില്‍ ലഭ്യമായ എല്ലാ തരം ഷോട്ടുകളിലും നിങ്ങള്‍ അഭിനയിക്കാനും നൃത്തം ചെയ്യാനും ഫൈറ്റ് ചെയ്യാനും പഠിക്കണം.
ഉദാഹരണത്തിന് നിങ്ങള്‍ വൈഡ് ഷോട്ടിന് വേണ്ടി നടന്ന് നീങ്ങുന്നത് പോലെ ക്ലോസ് അപ്പ് ഷോട്ടില്‍ നടന്നാല്‍ ഫ്രെയിമില്‍ നിങ്ങളുടെ മുഖം ഉണ്ടാകില്ല. അതുകൊണ്ട് വൈഡ് ഷോട്ടില്‍ നന്നായി അഭിനയിച്ചാലും ക്ലോസ് അപ്പ് ഷോട്ടില്‍ നിങ്ങള്‍ മികച്ച പ്രകടനം നടത്താതിരുന്നാല്‍ അത് നിങ്ങളുടെ അഭിനയത്തെ ബാധിക്കും.

മുമ്പത്തെ ഷോട്ടിന് ശേഷം 5 മിനിറ്റ് കഴിഞ്ഞ് അടുത്ത ഒരു ഷോട്ട് എടുക്കാം. ആഴ്ചകളോ മാസങ്ങളോ കഴിഞ്ഞും ഇത് എടുക്കാം. അതുകൊണ്ട് ഷോട്ട് എടുക്കുന്ന സമയം കണക്കിലെടുക്കാതെ ഓരോ ഷോട്ടിന്റെയും മൂഡ് കൊണ്ടുവരാന്‍ നടന്‍ തിരക്കഥയെക്കുറിച്ച് കൃത്യമായി അറിഞ്ഞിരിക്കണം.

അതുകൊണ്ടാണ് സിനിമയിലെ മികച്ച നടന്മാര്‍ക്ക് ഉയര്‍ന്ന പ്രതിഫലം ലഭിക്കുന്നത്. നിങ്ങള്‍ ലോകത്തിലെ ഏറ്റവും വലിയ നടനായിരിക്കാം. എന്നാല്‍ സിനിമയില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. ഒരു ഷോട്ടിനും മറ്റൊരു ഷോട്ടിനുമിടയില്‍ സ്ഥിരത നിലനിര്‍ത്തുന്നത് എളുപ്പമുള്ള കാര്യമല്ല. ഇതിന് മനസ്സാന്നിധ്യം ആവശ്യമാണ്. അഭിനയം ഇഷ്ടപ്പെടുന്നവര്‍, നിങ്ങളുടെ ഫോണില്‍ വിവിധ ഭാവങ്ങള്‍ വ്യത്യസ്ത ഷോട്ടുകളില്‍ എടുത്ത് അഭിനയം പരിശീലിക്കണം.


Content Highlight: ALPHONSE PUTHREN ABOUT MAMMOOTTY

We use cookies to give you the best possible experience. Learn more