മലയാളികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അല്‍ഫോണ്‍സ് പുത്രന്റെ ഗോള്‍ഡ്. ഓണത്തിന് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് മാറ്റുകയായിരുന്നു. പ്രേമത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്നത് തന്നെയാണ് സിനിമക്ക് വേണ്ടിയുള്ള കാത്തിരിപ്പിന് കാരണം.
പൃഥ്വിരാജും നയന്‍താരയും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ നിരവധി കഥാപാത്രങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒറ്റ സീന്‍ വേഷങ്ങള്‍ ചെയ്യാന്‍ പോലും പേര് പറഞ്ഞാല്‍ അറിയുന്ന അഭിനേതാക്കളാണ് എത്തിയതെന്നാണ് ഗോള്‍ഡിനെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞത്.
ഈ ഹൈപ്പും കാത്തിരിപ്പുമെല്ലാം തുടരുന്നുണ്ടെങ്കിലും, സിനിമയുടെ ഓരോ അപ്‌ഡേറ്റും ആഘോഷിക്കപ്പെടുന്നുണ്ടെങ്കിലും, ഗോള്‍ഡിന്റെ റിലീസ് എന്നായിരിക്കുമെന്ന കാര്യത്തില്‍ മാത്രം ഒരു വ്യക്തത വന്നിട്ടില്ല.
റിലീസ് ഡേറ്റിനെ കുറിച്ചുള്ള സിനിമാപ്രേമികളുടെ ചോദ്യങ്ങള്‍ക്ക് അല്‍ഫോണ്‍സ് പുത്രന്‍ തന്നെ ചിലപ്പോഴെല്ലാം സോഷ്യല്‍ മീഡിയ വഴി മറുപടി നല്‍കാറുണ്ട്. ഇപ്പോള്‍ കമന്റിലൂടെ അത്തരമൊരു മറുപടി നല്‍കിയിരിക്കുകയാണ് അല്‍ഫോണ്‍സ്.
രോഹിത് മോഹന്‍ എന്ന പ്രൊഫൈലില്‍ നിന്നും റിലീസ് എന്നായിരിക്കുമെന്ന് ചോദിച്ചുകൊണ്ട് വന്ന കമന്റിനാണ് അല്‍ഫോണ്‍സ് പുത്രന്‍ മറുപടി നല്‍കിയിരിക്കുന്നത്.
‘കുറച്ചും കൂടി വര്‍ക്ക് തീരാനുണ്ട് ബ്രോ. കുറച്ച് സി.ജി, കുറച്ച് മ്യൂസിക്, കുറച്ച് കളറിങ്ങ്, കുറച്ച് അറ്റകുറ്റ പണികള്‍ ബാലന്‍സുണ്ട്. അതു തീരുമ്പോള്‍ തന്നെ ഞാന്‍ ഡേറ്റ് പറയാം. അതുവരെ എന്നോട് ക്ഷമിക്കണം ബ്രോ. ഓണമായിരുന്നു തിയേറ്ററില്‍ നിന്നും സജസ്റ്റ് ചെയ്ത ഡേറ്റ്. പക്ഷെ അന്ന് വര്‍ക്ക് തീര്‍ന്നില്ല.
വേവാത്ത ഭക്ഷണം ആര്‍ക്കും ഇഷ്ടമാവില്ല ബ്രോ. അതുകൊണ്ട് നല്ലോണം വെന്തിട്ട് തരാമെന്ന് കുക്കായ ഞാന്‍ തീരുമാനിച്ചു. ഡേറ്റ് അനൗണ്‍സ് ചെയ്ത് റിലീസ് ചെയ്യാതിരുന്നതിന് സോറി,’ അല്‍ഫോണ്‍സ് പുത്രന്റെ റിപ്ലൈയില്‍ പറയുന്നു.
സംവിധായകന്റെ മറുപടി ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. അല്‍ഫോണ്‍സ് പുത്രന്‍ ഒരു മാസ്റ്റര്‍ ഷെഫാണെന്ന് അറിയാമെന്നും അതുകൊണ്ട് എത്ര സമയം വേണമെങ്കിലും കാത്തിരിക്കാന്‍ തയ്യാറാണെന്നുമാണ് മിക്ക കമന്റുകളും. വൈകീട്ടാണെങ്കിലും നല്ലൊരു ഓണസദ്യ തന്നാല്‍ മതിയെന്നും കുക്കിന്റെ കൈപുണ്യത്തെ കുറിച്ച് അറിയാമെന്നുമാണ്
ഒരു കമന്റ്.
സിനിമയുടെ റിലീസിനെ കുറിച്ച് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനാണ് ഒടുവില്‍ സംസാരിച്ചത്. എല്ലാ വര്‍ക്കുകളും പൂര്‍ത്തിയായി ഫസ്റ്റ് കോപ്പി കയ്യില്‍ കിട്ടിയതിനു ശേഷമാകും ഗോള്‍ഡിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിക്കുകയെന്നും നിങ്ങളെപ്പോലെ തന്നെ പ്രതീക്ഷകളോടെ തങ്ങളും കാത്തിരിക്കുകയാണെന്നുമായിരുന്നു ലിസ്റ്റിന്‍ സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞത്.
അതേസമയം ഓണം റിലീസായ മലയാള സിനിമകള്‍ക്ക് തിയേറ്ററില്‍ വലിയ വിജയം നേടാനാകാതിരുന്നതോടെ ഗോള്‍ഡ് റിലീസ് മാറ്റിയതിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. നല്ലൊരു അവസരമാണ് അല്‍ഫോണ്‍സ് പുത്രന്‍ പാഴാക്കിയിതെന്നായിരുന്നു പ്രധാന വിമര്‍ശനം.
Content Highlight: Alphonse Puthren about Gold movie release