| Friday, 31st December 2021, 10:09 am

രജനികാന്തിനൊപ്പമുള്ള സിനിമ നടന്നിരുന്നെങ്കില്‍, 1000 കോടിയിലധികം നേടുമായിരുന്നു, ആ വ്യാജവാര്‍ത്തക്ക് പിന്നിലുള്ള ആള്‍ ഒരിക്കല്‍ എന്റെ മുന്നില്‍ വരും: അല്‍ഫോണ്‍സ് പുത്രന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തെന്നിന്ത്യയിലെ ഏറ്റവും ജനപ്രിയനായ യുവസംവിധായകരില്‍ ഒരാളാണ് അല്‍ഫോണ്‍സ് പുത്രന്‍. ആദ്യ സിനിമയായ നേരം മലയാളത്തിനൊപ്പം തമിഴിലും റിലീസ് ചെയ്തിരുന്നു. ഒപ്പം ചിത്രത്തിന്റെ പിസ്ത എന്ന ഗാനവും തെന്നിന്ത്യ മുഴുവനും തരംഗമായതോടെ അല്‍ഫോന്‍സ് പുത്രനേയും പ്രേക്ഷകര്‍ നെഞ്ചിലേറ്റി.

ഒരിടവേളക്ക് ശേഷം വന്ന പ്രേമവും തെന്നിന്ത്യയിലെ തിയേറ്ററുകളിലാകെ നിറഞ്ഞോടിയതോടെ അല്‍ഫോണ്‍സ് പുത്രന്‍ തന്റെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു.

എന്നാല്‍ രജനികാന്തിന്റെ ചിത്രം അല്‍ഫോണ്‍സ് സംവിധാനം ചെയ്യില്ല എന്ന വാര്‍ത്തകള്‍ അദ്ദേഹത്തെ അസ്വസ്ഥനാക്കിയിരുന്നു. ഇത് വ്യാജവാര്‍ത്തയാണെന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് അല്‍ഫോണ്‍സ്. ഫേസ്ബുക്കിലൂടെയാണ് അല്‍ഫോണ്‍സ് ഇക്കാര്യത്തിലുള്ള സത്യാവസ്ഥ തുറന്ന് പറഞ്ഞത്.

2015 ല്‍ പ്രേമം റിലീസ് ചെയ്തതിന് ശേഷം സംവിധായകനെന്ന നിലയില്‍ രജനീകാന്തിനൊപ്പം സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നതായി അല്‍ഫോണ്‍സ് പറയുന്നു. എന്നാല്‍ തനിക്ക് രജനീകാന്തിനൊപ്പം സിനിമ ചെയ്യാന്‍ താല്‍പര്യമില്ലെന്ന തരത്തില്‍ ഒരു ഓണ്‍ലൈന്‍ പേജില്‍ വാര്‍ത്ത വരുകയും അത് വളരെ വേഗം പരക്കുകകയും ചെയ്തു.

ഇതിന്റെ സത്യാവസ്ഥ അന്വേഷിച്ച് സൗന്ദര്യ രജനികാന്ത് തന്നെ വിളിച്ചിരുന്നുവെന്നും പ്രേമത്തിന് ശേഷം ആര്‍ക്കും അഭിമുഖം നല്‍കിയിട്ടില്ലെന്ന് മറുപടി നല്‍കിയെന്നും അല്‍ഫോണ്‍സ് പറയുന്നു.

പിന്നീട് ഗോള്‍ഡിന്റെ കഥ മറ്റൊരു ആര്‍ട്ടിസ്റ്റിനോട് സംസാരിച്ചപ്പോള്‍ അദ്ദേഹവും ഇതേ കാര്യം തന്നോട് പറഞ്ഞുവെന്നും അല്‍ഫോണ്‍സ് പറയുന്നു. താന്‍ രജനീകാന്തിനൊപ്പം സിനിമ ചെയ്യുകയായിരുന്നുവെങ്കില്‍ ചിത്രം 1000 കോടിയിലധികം നേടുമായിരുന്നു എന്നും നഷ്ടം തനിക്കും സൂപ്പര്‍ സ്റ്റാറിനും സര്‍ക്കാരിനുമാണെന്നും അദ്ദേഹം പറഞ്ഞു.

എന്തായാലും ഈ വ്യാജവാര്‍ത്തക്ക് പിന്നിലുള്ള ആള്‍ ഒരിക്കല്‍ തന്റെ മുന്നില്‍ വരുമെന്നും ആ ദിവസത്തിനായി കാത്തിരിക്കൂ എന്ന് പറഞ്ഞുമാണ് അല്‍ഫോണ്‍സ് ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

നിലവില്‍ പൃഥ്വിരാജിനേയും നയന്‍താരയേയും പ്രധാനകഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുന്ന ‘ഗോള്‍ഡ്’ എന്ന ചിത്രം സംവിധാനം ചെയ്യുകയാണ് അല്‍ഫോണ്‍സ് പുത്രന്‍. പ്രേമം കഴിഞ്ഞുള്ള നീണ്ട ഇടവേളയ്ക്കുശേഷമാണ് അല്‍ഫോണ്‍സ് പുത്രന്‍ ഗോള്‍ഡുമായി എത്തുന്നത്.

അല്‍ഫോണ്‍സ് പുത്രന്‍ ചിത്രത്തില്‍ പൃഥ്വിരാജ് ആദ്യമായാണ് അഭിനയിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മാണം. പൃഥ്വിയുടെ അമ്മ വേഷത്തിലെത്തുന്നത് മല്ലിക സുകുമാരന്‍ ആണെന്ന പ്രത്യേകതയുമുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

2015-ല്‍ പ്രേമം റിലീസിന് ശേഷം, ഒരു ചലച്ചിത്ര നിര്‍മ്മാതാവെന്ന നിലയില്‍ എനിക്ക് രജനികാന്ത് സാറിനൊപ്പം ഒരു സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നു. 99 ശതമാനം സംവിധായകരും അദ്ദേഹത്തോടൊപ്പം ഒരു സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്നു.

ഒരു ദിവസം രജനികാന്ത് ചിത്രം ചെയ്യാന്‍ അല്‍ഫോണ്‍സ് പുത്രന് താല്‍പ്പര്യമില്ലെന്ന് ഒരു ഓണ്‍ലൈന്‍ പേജില്‍ ഒരു ലേഖനം വന്നു. ആ വാര്‍ത്ത എല്ലായിടത്തും പരന്നു. ഈ പോസ്റ്റിനെക്കുറിച്ച് ചോദിച്ച് സൗന്ദര്യ രജനികാന്ത് എനിക്ക് മെസേജ് അയച്ചിരുന്നു. പ്രേമം റിലീസിന് ശേഷം ഞാന്‍ ആര്‍ക്കും അഭിമുഖം നല്‍കിയിട്ടില്ലെന്ന് മറുപടി നല്‍കി. അവര്‍ അത് മനസ്സിലാക്കി രജനി സാറിനോട് ഇക്കാര്യം സംസാരിച്ചു. അപ്പോഴാണ് ആ പ്രശ്‌നം പരിഹരിച്ചത്.

2021 ഓഗസ്റ്റിലെ ഗോള്‍ഡിന്റെ കഥ ഒരു ആര്‍ട്ടിസ്റ്റിനോട് പറയുമ്പോള്‍, രജനികാന്തിന്റെ സിനിമ ചെയ്യുന്നില്ല എന്ന് പറഞ്ഞ ഒരു സംവിധായകനോട് താന്‍ സംസാരിക്കുകയാണെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ഞാന്‍ ഞെട്ടിപ്പോയി, പക്ഷേ അത് കാണിച്ചില്ല.

2015 മുതല്‍ ഇന്നുവരെ ഈ വ്യാജ വാര്‍ത്ത എന്നെ അലട്ടുന്നതായി എനിക്ക് തോന്നുന്നു. എനിക്ക് പറയാനുള്ളത് ഇത്രമാത്രം, രജനികാന്ത് സാറിനൊപ്പമുള്ള എന്റെ സിനിമ ഞാന്‍ ആഗ്രഹിച്ചതുപോലെ നടന്നിരുന്നെങ്കില്‍, പ്രേക്ഷകരെ രസിപ്പിച്ച് 1000 കോടിയിലധികം രൂപ നേടുമായിരുന്നു, സര്‍ക്കാരിനും ധാരാളം നികുതി ലഭിക്കുമായിരുന്നു. നഷ്ടം എനിക്കും സൂപ്പര്‍ സ്റ്റാറിനും പ്രേക്ഷകര്‍ക്കും സര്‍ക്കാരിനുമാണ്.

ഈ ലേഖനം ഇട്ട ആളും ഈ വ്യാജ വാര്‍ത്തയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച തലച്ചോറും ഒരു ദിവസം എന്റെ മുന്നില്‍ പ്രത്യക്ഷപ്പെടും. നിങ്ങള്‍ ആ ദിവസത്തിനായി കാത്തിരിക്കുക. രജനികാന്ത് സാറിനൊപ്പമുള്ള എന്റെ സിനിമ കാണാന്‍ ആഗ്രഹിക്കുന്നവര്‍ എപ്പോഴും ചെയ്യുന്നതുപോലെ എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കണം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: alphonse puthren about fake news regarding rajijikanth

We use cookies to give you the best possible experience. Learn more