സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്‍. ഇപ്പോള്‍ ഇന്ത്യന്‍ സിനിമാ ലോക സിനിമയുടെ നിലയിലേക്ക് ഉയര്‍ന്നിട്ടുണ്ടെന്ന് പറയുകയാണ് അദ്ദേഹം. ഹോളിവുഡില്‍ പോലും നൂറ് ദിവസങ്ങള്‍ ഓടുന്ന നിലയിലേക്ക് ഇന്ത്യന്‍ സിനിമ വളര്‍ന്നിട്ടുണ്ടെന്നും സംവിധായകന്‍ പറഞ്ഞു.
കുമുദം എന്ന തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അല്‍ഫോണ്‍സ് പുത്രന്‍. തനിയെ സിനിമകള്‍ ചെയ്യുന്ന നായകന്മാര്‍ ഒന്നിച്ച് ഒരു പടത്തില്‍ വന്നാല്‍ തമിഴ് സിനിമ ബാഹുബലിയെ ഒക്കെ തൂക്കിയെറിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഇപ്പോള്‍ ഇന്ത്യന്‍ സിനിമ ലോക സിനിമയുടെ നിലയിലേക്ക് ഉയര്‍ന്നിട്ടുണ്ട്. ഹോളിവുഡില്‍ പോലും നൂറ് ദിവസങ്ങള്‍ ഓടുന്ന നിലയിലേക്ക് നമ്മള്‍ വളര്‍ന്നിട്ടുണ്ട്. രജിനി സാറും കമല്‍ സാറും ഒന്നിച്ച് അഭിനയിച്ചാല്‍ നന്നായിരിക്കുമെന്ന് തോന്നിയിട്ടുണ്ട്. പിന്നെ അജിത്ത് സാറും വിജയ് സാറും ഒന്നിച്ച് ഒരു സിനിമ വരണം.
അതുപോലെ വിജയ് സാര്‍ – കമല്‍ സാര്‍, അജിത്ത് സാര്‍ – രജിനി സാര്‍ ഒരുമിച്ച് സിനിമകള്‍ വന്നാല്‍ സൂപ്പറാകും. വിക്രം സാറും സൂര്യ സാറും ഒരുമിച്ച് മുമ്പ് പിതാമഗനില്‍ അഭിനയിച്ചിരുന്നു. അതുപോലെ ഒരു സിനിമയില്‍ അവര്‍ വീണ്ടും അഭിനയിക്കണം. പിന്നെ സിമ്പു സാറും ധനുഷ് സാറും സിനിമക്കായി ഒരുമിക്കണം.
അതിന് പുറമെ ഈ ആളുകളൊക്കെ രജിനി സാറിന്റെയോ കമല്‍ സാറിന്റെയോ അജിത്ത് സാറിന്റെയോ കൂടെ പെയര്‍ ചെയ്ത് സിനിമകള്‍ വന്നാല്‍ തമിഴ് സിനിമ ബാഹുബലിയെയൊക്കെ തൂക്കിയെറിയും. അവര്‍ക്കൊക്കെ പറ്റിയ നല്ല സ്‌ക്രിപ്റ്റുകളുമായി ആളുകള്‍ വരണം. അങ്ങനെ വന്നാല്‍ ലോകസിനിമക്ക് തന്നെ നല്ല സിനിമ ലഭിച്ചത് പോലെയാണ്. ഇപ്പോള്‍ ഇവരൊക്കെ തനിയെയാണ് സിനിമകള്‍ ചെയ്യുന്നത്. അവരൊക്കെ ചേര്‍ന്നാല്‍ അത് നന്നാകുമെന്ന് തോന്നുന്നു,’ അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞു.
Content Highlight: Alphonse Puthran Talks About The Success That Comes When Two Stars Come Together In Tamil Movie