സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്‍. രജിനികാന്ത് വര്‍ഷത്തില്‍ മൂന്നോ നാലോ സിനിമകള്‍ ചെയ്താല്‍ നന്നായിരിക്കുമെന്ന് പറയുകയാണ് അദ്ദേഹം. ഓരോ വര്‍ഷവും ചെയ്യുന്ന സിനിമകള്‍ വര്‍ധിച്ചാല്‍ ആ ആര്‍ട്ടിസ്റ്റ് കൂടുതല്‍ സൂപ്പറാകുമെന്നും അല്‍ഫോണ്‍സ് പറയുന്നു. കുമുദം എന്ന തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അല്‍ഫോണ്‍സ് പുത്രന്‍.
‘രജിനി സാര്‍ വര്‍ഷത്തില്‍ മൂന്നോ നാലോ സിനിമകള്‍ ചെയ്താല്‍ നന്നായിരിക്കും. മുള്ളും മലരും, ജോണി, അണ്ണാമലൈ, ബാഷ പോലെയുള്ള നാല് സിനിമകള്‍ ഒരു വര്‍ഷം വന്നാല്‍ എങ്ങനെയുണ്ടാകും. അത് സൂപ്പറാകില്ലേ. ആരോട് ചോദിച്ചാലും ഒരേ വര്‍ഷം രജിനി സാറിന്റെ അത്തരത്തിലുള്ള നാല് സിനിമകള്‍ വന്നാല്‍ സൂപ്പറാകും എന്നാണ് പറയുക. രജിനി സാര്‍ ഒന്നോ രണ്ടോ വര്‍ഷത്തിന് ഇടയില്‍ ഒരു സിനിമ ചെയ്യുമ്പോള്‍ അത് നന്നായി വന്നില്ലെങ്കില്‍ പ്രശ്‌നമാണ്. നന്നായി വന്നാല്‍ എല്ലാവര്‍ക്കും സന്തോഷമുള്ള കാര്യമാണ്. അദ്ദേഹത്തിന്റെ സിനിമകള്‍ നന്നായി വന്നില്ലെങ്കില്‍ നമ്മള്‍ക്ക് എല്ലാവര്‍ക്കും നഷ്ടമല്ലേ ഉണ്ടാവുക. ഓരോ വര്‍ഷവും ചെയ്യുന്ന സിനിമകള്‍ വര്‍ധിച്ചാല്‍ ആ ആര്‍ട്ടിസ്റ്റ് കൂടുതല്‍ സൂപ്പറാകും.
കമല്‍ സാറിനെ നോക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ ഓരോ പടങ്ങളും വ്യത്യസ്തമാണ്. രജിനി സാര്‍ ഒരുപാട് ചൂസിയായി ഹിറ്റാകുമെന്ന് ഉറപ്പുള്ള സിനിമ മാത്രമേ ചെയ്യുകയുള്ളുവെന്ന് കരുതി ഒതുങ്ങുകയാണ്. അദ്ദേഹത്തെ ഒരുപാട് ഇഷ്ടപ്പെടുന്ന ആളുകള്‍ക്ക് പോലും അത് ഇഷ്ടപ്പെടുന്നില്ലെന്ന് തോന്നുന്നു. രജിനി സാര്‍ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്താല്‍ സൂപ്പറാകും. എപ്പോഴും നമ്മള്‍ ബിരിയാണി കഴിച്ചാല്‍ എങ്ങനെയുണ്ടാകും. ഇടക്ക് കഞ്ഞിയും പയറും ദോശയും ഇഡ്ഡലിയും പൊറാട്ടയും ഇടിയപ്പവുമൊക്കെ കഴിക്കണ്ടേ.
ഭക്ഷണം പോലെ തന്നെയാണ് സിനിമയും. എപ്പോഴും ചിക്കന്‍ ബിരിയാണിയും മട്ടന്‍ ബിരിയാണിയും കഴിച്ചാല്‍ എല്ലാവരും എന്താണ് ഇതെന്ന് ചിന്തിക്കും, ഒരു ഇറിട്ടേഷന്‍ വരും. എല്ലാം വലിയ പടങ്ങള്‍ ആണല്ലോയെന്ന ചിന്തവരും. അത് ബിരിയാണി കട വെച്ചത് പോലെയാകും. അവിടെ ബിരിയാണി മാത്രമല്ലേ കിട്ടുള്ളൂ. എന്നാല്‍ ബിരിയാണി തിന്നാന്‍ തോന്നുമ്പോള്‍ മാത്രം തിന്നേണ്ടതാണ്. രജിനി സാറിന്റെ ജയിലറൊക്കെ വലിയ മട്ടന്‍ ബിരിയാണിയാണ്. അത് വന്നു കഴിഞ്ഞു. പിന്നെയും അത് തന്നെ വന്നാല്‍, അതേ ലൂപ്പില്‍ തന്നെ പോയാല്‍ നന്നാകില്ല,’ അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞു.
Content Highlight: Alphonse Puthran Talks About Rajinikanth Movies