രജിനി സാറിനൊപ്പമുള്ള സിനിമക്ക് ഞാന്‍ തയ്യാറാണ്; എന്നാല്‍ അന്ന് വന്ന ആ വാര്‍ത്ത സത്യമല്ല: അല്‍ഫോണ്‍സ് പുത്രന്‍
Entertainment
രജിനി സാറിനൊപ്പമുള്ള സിനിമക്ക് ഞാന്‍ തയ്യാറാണ്; എന്നാല്‍ അന്ന് വന്ന ആ വാര്‍ത്ത സത്യമല്ല: അല്‍ഫോണ്‍സ് പുത്രന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 8th July 2024, 9:53 am

താന്‍ ഇതുവരെ രജിനികാന്തിനെ കണ്ടിട്ടില്ലെന്നും നേരില്‍ കാണാനും സ്‌ക്രിപ്റ്റ് പറയാനും ആഗ്രഹമുണ്ടെന്നും പറയുകയാണ് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. കുമുദം എന്ന തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുമ്പ് തനിക്ക് രജിനികാന്തിനെ നായകനാക്കി സിനിമ ചെയ്യാന്‍ താത്പര്യമില്ലെന്ന് പറഞ്ഞുകൊണ്ട് തെറ്റായ ഒരു വാര്‍ത്ത വന്നിരുന്നുവെന്നും സംവിധായകന്‍ പറയുന്നു. എന്നാല്‍ അത് സത്യമല്ലെന്നും അന്നും ഇന്നും തന്റെ കൈയ്യില്‍ താരത്തോട് പറയാനുള്ള സ്‌ക്രിപ്റ്റുണ്ടെന്നും അല്‍ഫോണ്‍സ് കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ ഇതുവരെ രജിനി സാറിനെ കണ്ടിട്ടില്ല. നേരില്‍ കാണണമെന്നും സ്‌ക്രിപ്റ്റ് പറയണമെന്നും ആഗ്രഹമുണ്ട്. അതിനായുള്ള സ്‌ക്രിപ്റ്റ് റെഡിയാണ്. മുമ്പ് എന്നെ കുറിച്ച് തെറ്റായ ഒരു വാര്‍ത്ത വന്നിരുന്നു. എനിക്ക് രജിനി സാറിനെ നായകനാക്കി സിനിമ ചെയ്യാന്‍ താത്പര്യമില്ലെന്ന് പറഞ്ഞായിരുന്നു ആ വാര്‍ത്ത.

അത് സത്യമല്ല. അന്നും ഇന്നും എന്റെ കൈയ്യില്‍ രജിനി സാറിനോട് പറയാനുള്ള സ്‌ക്രിപ്റ്റുണ്ട്. അന്ന് ഒരു സ്‌ക്രിപ്റ്റാണെങ്കില്‍ ഇന്ന് രണ്ടുമൂന്ന് സ്‌ക്രിപ്റ്റുകളുണ്ട്. ഞാന്‍ അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യാന്‍ തയ്യാറായി ഇരിക്കുകയാണ്,’ അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞു.

താന്‍ ഉലകനായകന്‍ കമല്‍ ഹാസന് ജന്മദിനത്തില്‍ ആശംസ നേര്‍ന്ന് പാട്ട് ക്രിയേറ്റ് ചെയ്തിനെ കുറിച്ചും അതിന് കമല്‍ ഹാസന്‍ നല്‍കിയ മറുപടിയെ കുറിച്ചും സംവിധായകന്‍ അഭിമുഖത്തില്‍ പറയുന്നു.

‘ഞാന്‍ പാട്ട് പാടാറുണ്ട്. ഒരു സിനിമക്ക് വേണ്ടി ഞാന്‍ മ്യൂസിക് പഠിച്ചിരുന്നു. അതിന് ശേഷം എനിക്ക് ബീറ്റ്സ് ഒക്കെ ഇഷ്ടമായി തുടങ്ങി. യുവന്‍ സാറിനും (യുവന്‍ ശങ്കര്‍ രാജ) സിമ്പു സാറിനും ഇളയരാജ സാറിനും രജിനി സാറിനും കമല്‍ സാറിനുമൊക്കെ വേണ്ടിയാണ് ആദ്യമായി ഞാന്‍ അങ്ങനെ ബെര്‍ത്ത് ഡേ സ്പെഷ്യല്‍ വിഷ് ചെയ്തത്. കമല്‍ സാറില്‍ നിന്നാണ് ആരംഭിച്ചത്.

പാര്‍ത്ഥിപന്‍ സാറിലൂടെയാണ് അദ്ദേഹം അത് കാണുന്നത്. അതിന് മറുപടിയായി നന്നായിട്ടുണ്ടെന്ന് കമല്‍ സാര്‍ പറഞ്ഞു. ആ സമയത്ത് ഞാന്‍ എനിക്ക് സിനിമ ചെയ്യുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞ് അനൗണ്‍സ്മെന്റ് നടത്തി നില്‍ക്കുകയായിരുന്നു. കമല്‍ സാര്‍ അന്ന് പറഞ്ഞത് ‘സിനിമ നിര്‍ത്തുന്നതൊക്കെ നിങ്ങളുടെ ചോയ്സാണ്. പക്ഷെ ഇത് നന്നായിട്ടുണ്ട്’ എന്നായിരുന്നു. അതില്‍ ഒരുപാട് സന്തോഷം തോന്നി,’ അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞു.


Content Highlight: Alphonse Puthran Talks About Rajinikanth Movie