പറവയിലെയും ട്രാന്‍സിലെയും വില്ലന്‍ വേഷം ചെയ്യേണ്ടത് ഞാനായിരുന്നു: അല്‍ഫോണ്‍സ് പുത്രന്‍
Entertainment
പറവയിലെയും ട്രാന്‍സിലെയും വില്ലന്‍ വേഷം ചെയ്യേണ്ടത് ഞാനായിരുന്നു: അല്‍ഫോണ്‍സ് പുത്രന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 8th July 2024, 2:21 pm

സ്വന്തം സിനിമകളെ പുതുമകളൊന്നുമില്ലാത്ത സിനിമകള്‍ എന്ന് അഭിസംബോധന ചെയ്യുന്ന സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്‍. ആദ്യ ചിത്രമായ നേരം സൂപ്പര്‍ഹിറ്റായപ്പോള്‍ രണ്ടാമത്തെ സിനിമയായ പ്രേമം മലയാളസിനിമയെ ഞെട്ടിച്ച വിജയമായി മാറി. വളരെ സിംപിളായ കഥപറച്ചിലും പ്രേക്ഷരെ ആകര്‍ഷിക്കുന്ന വിഷ്വലുകളുമാണ് അല്‍ഫോണ്‍സ് പുത്രന്‍ സിനിമകളുടെ ഹൈലൈറ്റ്.

ഫഹദ് നായകനായ ട്രാന്‍സിലും സൗബിന്‍ ഷാഹിര്‍ ആദ്യമായി സംവിധാനം ചെയ്ത പറവയിലും അഭിനയിക്കാന്‍ തന്നെ വിളിച്ചിരുന്നെന്നും അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞു. എന്നാല്‍ ആ സമയത്ത് തന്റെ ആരോഗ്യം വളരെ മോശമായിരുന്നെന്നും അതുകൊണ്ട് ആ രണ്ട് സിനിമകളും ഒഴിവാക്കേണ്ടി വന്നെന്നും അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞു.

ട്രാന്‍സില്‍ ഗൗതം വാസുദേവ് മേനോന്റെ സഹായിയായും, പറവയില്‍ സൗബിന്‍ ചെയ്ത വേഷത്തിലേക്കുമാണ് തന്നെ വിളിച്ചതെന്ന് അല്‍ഫോണ്‍സ് പറഞ്ഞു. ഇപ്പോള്‍ തന്റെ ആരോഗ്യം മെച്ചപ്പെട്ടെന്നും ഇനി ആര് വിളിച്ചാലും താന്‍ പോകാന്‍ റെഡിയാണെന്നും അല്‍ഫോണ്‍സ് കൂട്ടിച്ചേര്‍ത്തു. കുമുദം ചാനലിന് നല്‍കിയ മാസ്റ്റര്‍ ക്ലാസിലാണ് അല്‍ഫോണ്‍സ് ഇക്കാര്യം പറഞ്ഞത്.

‘എന്നെ പല സിനിമകളിലേക്കും അഭിനയിക്കാന്‍ വിളിച്ചിരുന്നു. ഫഹദിന്റെ ട്രാന്‍സിലും, സൗബിന്‍ സംവിധാനം ചെയ്ത പറവയിലും എന്നെ വിളിച്ചതായിരുന്നു. പക്ഷേ ആ സമയത്ത് എന്റെ ആരോഗ്യം വളരെ മോശമായിരുന്നു. അതുകൊണ്ട് എനിക്ക് ആ സിനിമകളുടെ ഭാഗമാകാന്‍ സാധിച്ചില്ല. ട്രാന്‍സില്‍ ഗൗതം സാറിന്റെ കൂടെയുള്ള റോളും, പറവയില്‍ സൗബിന്‍ ചെയ്ത റോളിലേക്കുമാണ് എന്നെ വിളിച്ചത്. പക്ഷേ ആരോഗ്യം എന്നെ അനുവദിച്ചില്ല. ഇപ്പോള്‍ എല്ലാം റെഡിയായി. ആര് വിളിച്ചാലും ഞാന്‍ പോകും,’ അല്‍ഫോണ്‍സ് പറഞ്ഞു.

Content Highlight: Alphonse Puthran saying that he rejected to act in Trance and Parava due to his health Conditions