| Wednesday, 4th January 2023, 10:59 am

ഷറഫുദ്ദീന്റെ ചിലവില്‍ ഷവര്‍മയും മയോണൈസും കഴിച്ചു, അന്ന് ആശുപത്രിയില്‍ ചിലവായത് 70000 രൂപ: അല്‍ഫോണ്‍സ് പുത്രന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പതിനഞ്ച് വര്‍ഷം മുമ്പ് താന്‍ ആലുവയിലെ ഒരു കടയില്‍ നിന്നും ഷവര്‍മയും മയോണൈസും കഴിച്ച് തനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടായെന്ന് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. അതിനെ തുടര്‍ന്ന് കടുത്ത വയറുവേദന മൂലം ലേക്ഷോര്‍ ആശുപത്രിയില്‍ ചികിത്സ തേടുകയുണ്ടായെന്നും അദ്ദേഹം പറഞ്ഞു. അന്ന് ചികിത്സക്ക് വേണ്ടി ഏഴുപതിനായിരം രൂപ ചെലവായെന്നും അല്‍ഫോണ്‍സ് പറഞ്ഞു. കഴിഞ്ഞ ദിവസം കോട്ടയത്ത് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് യുവതി മരിച്ച വാര്‍ത്ത പങ്കുവെച്ചാണ് അല്‍ഫോണ്‍സ് ഫേസ്ബുക്കില്‍ ഇങ്ങനെ എഴുതിയത്.

‘സിനിമാ നിരൂപകരേ, ട്രോളന്മാരേ, ഇതുപോലുള്ള പ്രശ്‌നങ്ങളില്‍ നിങ്ങള്‍ വീഡിയോ ചെയ്യൂ. പതിനഞ്ച് വര്‍ഷം മുമ്പ് ആലുവയിലെ ഒരു കടയില്‍ നിന്നും ഞാനൊരു ഷവര്‍മ കഴിക്കുകയുണ്ടായി. അന്ന് ഷറഫുദ്ദീന്റെ ട്രീറ്റായിരുന്നു. വലിയ ആക്രാന്തത്തോടെ ഞാന്‍ ഷവര്‍മയും മയോണൈസും കഴിച്ചു. അടുത്ത ദിവസം കടുത്ത വയറുവേദന മൂലം ലേക്ഷോര്‍ ആശുപത്രിയില്‍ ചികിത്സ തേടുകയുണ്ടായി.

അന്ന് എന്റെ ചികിത്സക്കായി 70000 രൂപയാണ് മാതാപിതാക്കള്‍ ചിലവാക്കിയത്. ആശുപത്രിയിലെ എം.സി.യു വിഭാഗത്തിലാണ് ഞാന്‍ കിടന്നത്. ഒരു കാരണവുമില്ലാതെ ഷറഫുദ്ദീനോടും എനിക്ക് ദേഷ്യമുണ്ടായി. എന്നാല്‍ അണുബാധയേറ്റ പഴകിയ ഭക്ഷണമായിരുന്നു എന്റെ അവസ്ഥയുടെ കാരണം. ആരാണ് ഇവിടെ യഥാര്‍ഥ കുറ്റവാളി. കണ്ണ് തുറന്ന് സത്യം തിരിച്ചറിയു. ജീവിതം അമൂല്യമാണ്,’ അല്‍ഫോണ്‍സ് ഫേസ്ബുക്കില്‍ കുറിച്ചു.

ഭക്ഷ്യസുരക്ഷാ വകുപ്പ് ഇവിടെ ഒന്നും ചെയ്യുന്നില്ല എന്ന് തന്റെ പോസ്റ്റിന് താഴെ വന്ന കമന്റിനും അദ്ദേഹം മറുപടി നല്‍കി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനെ പോലെയുള്ളവര്‍ ഇതിനെതിരെ ശക്തമായ നടപടിയെടുക്കണമെന്നും, ഫുഡ് സേഫ്റ്റിക്ക് വേണ്ടി പുതിയൊരു വകുപ്പ് തന്നെ നിലവില്‍ വരണമെന്നും അല്‍ഫോണ്‍സ് പറഞ്ഞു.

‘ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനെ പോലെയുള്ളവര്‍ ഇതിനു ശക്തമായ നടപടി എടുക്കണം. ”ഫുഡ് സേഫ്റ്റി” എന്ന പുതിയൊരു മിനിസ്ട്രി തന്നെ വരണം . അതിനു കേരളത്തില്‍ നിന്ന് മാത്രം പുതിയ കിടിലം ഫുഡ് ഇന്‍സ്പെക്ഷന്‍ ടീം സ്റ്റാര്‍ട്ട് ചെയ്തു പ്രവര്‍ത്തിക്കണം. എല്ലാരും നല്ല ഭക്ഷണം മാത്രം വിറ്റാല്‍ മതി. ഭക്ഷണം കഴിക്കാന്‍ പണം വേണം, പണമുണ്ടാക്കാന്‍ നല്ല വിദ്യാഭ്യാസത്തിനൊപ്പം നല്ല ഫുഡ് നിര്‍ബന്ധമാണ്. അതിനൊക്കെ എല്ലാ അപ്പന്മാരും , അമ്മമാരും നല്ല പണിയെടുത്തിട്ടാണ് ഭക്ഷണം വാങ്ങാന്‍ പണം ചിലവാക്കുന്നത്.

അതുകൊണ്ടു ഇതിന്റെ കാര്യത്തില്‍ ഒരു തീരുമാനമെടുക്കണം. അന്ന് എന്റെ അപ്പനും അമ്മയും ബന്ധുക്കളോടും കൂട്ടുകാരോടും പലിശക്കാരോടും കെഞ്ചി ചോദിച്ചതുകൊണ്ടും, എന്റെ അപ്പനും അമ്മക്കും അതെങ്ങനെയെങ്കിലും തിരിച്ചു കൊടുക്കുമെന്നുള്ള പ്രതീക്ഷയുള്ളത് കൊണ്ടുമാണ് അന്ന് 70,000 രൂപ കൊടുത്ത് എന്റെ ജീവന്‍ അവിടത്തെ നല്ല ഡോക്ടര്‍മാര്‍ക്ക് രക്ഷിക്കാന്‍ പറ്റിയത്. ഇന്ന് ആണെങ്കില്‍ അത് മിനിമം ഏഴു ലക്ഷം രൂപ വരും. ഈ ഏഴ് ലക്ഷം രൂപ ഒരു വിസ്മയം പോലെ വന്നതാണ് . അത് പോലെ എല്ലാവര്‍ക്കും , എപ്പോഴും വിസ്മയം സംഭവിക്കും എന്ന് ഞാന്‍ ഒട്ടും വിശ്വസിക്കുന്നില്ല,’ അല്‍ഫോണ്‍സ് പുത്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

content highlight: alphonse puthran’s new facebook post

We use cookies to give you the best possible experience. Learn more