| Sunday, 13th August 2023, 8:57 pm

'ഏതാണ്ട് ഈയൊരു ഫീല്‍ കൊണ്ടുവരാന്‍ പറ്റുമെന്നാണ് തോന്നുന്നത് ലാലേട്ടാ': അല്‍ഫോണ്‍സ് പുത്രന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജയിലര്‍ തിയേറ്ററുകളില്‍ വലിയ വിജയം നേടി മുന്നേറുമ്പോള്‍ മോഹന്‍ലാലിന്റെ ജയിലറിലെ മാത്യു ആയിട്ടുള്ള ചിത്രം പങ്കുവെച്ച് അല്‍ഫോണ്‍സ് പുത്രന്‍.

ഏതാണ്ട് ഈയൊരു ഫീല്‍ കൊണ്ടുവരാന്‍ പറ്റുമെന്നാണ് തോന്നുന്നത് ലാലേട്ടാ എന്ന അടികുറിപ്പോടെയാണ് അല്‍ഫോണ്‍സ് ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.

‘നമുക്ക് ശോഭരജ് റിട്ടെണ്‍സ് എടുത്താലോ ലാലേട്ടായെന്നും അങ്ങനെ ആണെങ്കില്‍ അത് ക്ലാസിയും ഏലകന്റും ഉറപ്പായും മാസ് അനുഭവം ആകുമെന്നും പോസ്റ്റിന്റെ കമന്റില്‍ അല്‍ഫോണ്‍സ് കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

മോഹന്‍ലാലുമായി അല്‍ഫോണ്‍സ് ഒന്നിക്കുന്ന ചിത്രത്തെ കുറിച്ചാണോ ഈ പറയുന്നത് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

പോസ്റ്റ് എന്തായാലും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ഒരുപാട് നാളായി ആരാധകര്‍ കാത്തിരിക്കുന്ന കോമ്പോയാണ് അല്‍ഫോണ്‍സ് പുത്രനും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം.


അതേസമയം സകല കളക്ഷന്‍ റെക്കോഡുകളും ഭേദിച്ചാണ് ജയിലര്‍ പ്രദര്‍ശനം തുടരുന്നത്. കേരളത്തില്‍ നിന്ന് മാത്രം 5.5 കോടി രൂപ ആദ്യ ദിനം സ്വന്തമാക്കിയിരുന്നു. വിജയിക്കും കമല്‍ഹാസനും ശേഷം കേരളത്തില്‍ നിന്ന് ആദ്യ ദിനത്തില്‍ 5 കോടിക്ക് മുകളില്‍ കളക്ഷന്‍ സ്വന്തമാക്കുന്ന നടന്‍ എന്ന റെക്കോഡും രജിനികാന്ത് ഇതിലൂടെ സ്വന്തമാക്കി.

രണ്ടാം ദിവസവും കേരളത്തില്‍ നിന്ന് റെക്കോഡ് കളക്ഷന്‍ തന്നെയാണ് ചിത്രത്തിന് ലഭിച്ചത്. ആദ്യ വാരാന്ത്യം കഴിയുമ്പോള്‍ ചിത്രം കേരളത്തില്‍ റെക്കോഡ് തുക സ്വന്തമാക്കുമെന്നാണ് കരുതുന്നത്.

ലോകമെമ്പാടും നിന്ന് ചിത്രം 90 കോടിയോളം രൂപയാണ് ആദ്യ ദിനം സ്വന്തമാക്കിയത്. ആദ്യ വാരന്ത്യം കൂടി കഴിയുമ്പോള്‍ ചിത്രം സകല റെക്കോഡും തിരുത്തി കുറിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ജയിലര്‍ നിര്‍മിച്ചിരിക്കുന്നത്. രജിനിയുടെ 169മത്തെ ചിത്രം കൂടിയാണ് ജയിലര്‍. സിനിമയുടെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്.

രമ്യ കൃഷ്ണന്‍, ജാക്കി ഷ്‌റോഫ്, വിനായകന്‍, ശിവ രാജ്കുമാര്‍ തുടങ്ങിയ വമ്പന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Content Highlight: Alphonse puthran about mathew character of mohanlal in jailer movie
We use cookies to give you the best possible experience. Learn more