ന്യൂദല്‍ഹി: ലീഗ് മുസ്‌ലിങ്ങളുടെ മാത്രം പാര്‍ട്ടിയാണെന്നും ലീഗില്‍ ഹിന്ദുക്കളോ ക്രിസ്ത്യാനികളോ ഇല്ലെന്നും ബി.ജെ.പി നേതാവ് അല്‍ഫോണ്‍സ് കണ്ണന്താനം. രാഹുല്‍ ഗാന്ധിയുടെ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ സംവാദത്തിനിടയില്‍ മുസ്‌ലിം ലീഗ് മതേതര പാര്‍ട്ടിയാണെന്ന അദ്ദേഹത്തിന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘തീവ്രവാദത്തെക്കുറിച്ചും മതമൗലിക വാദത്തെക്കുറിച്ചും ലീഗ് നിശബ്ദമാണ്. കേരളം ഐ.എസിന്റെ പരീക്ഷണശാലയായിട്ട് പോലും ആ പാര്‍ട്ടി ഒരക്ഷരം മിണ്ടുന്നില്ല. കാര്യങ്ങള്‍ മനസിലാക്കാനുള്ള കഴിവ് രാഹുല്‍ ഗാന്ധിക്കില്ല,’ കണ്ണന്താനം ദില്ലിയില്‍ പറഞ്ഞു.
ജനാധിപത്യത്തിലെ മതനിരപേക്ഷതയുമായി ബന്ധപ്പെടുത്തി, കേരളത്തില്‍ ലീഗുമായുള്ള കോണ്‍ഗ്രസിന്റെ സഖ്യം സംബന്ധിച്ച ചോദ്യത്തോടുള്ള രാഹുല്‍ ഗാന്ധിയുടെ മറുപടിയാണ് ബി.ജെ.പി വിവാദമാക്കാന്‍ ശ്രമിക്കുന്നത്.
മുസ്‌ലിം ലീഗ് മതേതര പാര്‍ട്ടിയാണെന്നും അല്ലാത്ത ഒരു സമീപനവും ലീഗില്‍ നിന്ന് ഉണ്ടായിട്ടില്ലെന്നും രാഹുല്‍ മറുപടി നല്‍കിയിരുന്നു. അഭിമുഖം നടത്തിയ ആള്‍ ലീഗിനെക്കുറിച്ച് പഠിച്ചിട്ടില്ലെന്നും രാഹുല്‍ നാഷണല്‍ പ്രസ് ക്ലബ്ബില്‍ നടന്ന സംവാദത്തില്‍ പറഞ്ഞിരുന്നു.
കേരളത്തിലെ സാഹചര്യം വിശദീകരിക്കുന്ന രാഹുലിന്റെ മറുപടിയെ ദേശീയ തലത്തില്‍ ബി.ജെ.പിയും സംഘപരിവാറും വിവാദമാക്കി മാറ്റാനാണ് ശ്രമിക്കുന്നത്. ഇന്ത്യയെ വിഭജിച്ച മുഹമ്മദാലി ജിന്നയുടെ പാര്‍ട്ടിയാണ് ലീഗെന്നും ആ വിഭജനം നടന്നത് മതത്തിന്റെ പേരിലാണെന്നും ബി.ജെ.പി വക്താവ് അമിത് മാളവ്യ ട്വിറ്ററില്‍ കുറിച്ചു. ആ ലീഗിനെയാണ് രാഹുല്‍ മതേതര പാര്‍ട്ടിയെന്ന് വിശേഷിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.