| Sunday, 3rd December 2017, 6:40 pm

നിലപാടില്‍ മലക്കം മറിഞ്ഞ് കണ്ണന്താനം; മുന്നറിയിപ്പ് നേരത്തെ നല്‍കിയിരുന്നെന്ന് കേന്ദ്ര മന്ത്രി

എഡിറ്റര്‍

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പ് സംസ്ഥാനത്തിനു ലഭിച്ചത് നവംബര്‍ 30 നായിരുന്നെന്ന് പറഞ്ഞ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഒരു മണിക്കൂറിനുള്ളില്‍ തന്റെ വാക്കുകള്‍ മാറ്റി രംഗത്തെത്തി. നവംബര്‍ 30ന് ഉച്ചയ്ക്ക് 12 മണിക്കാണ് മുന്നറിയിപ്പ് ലഭിച്ചിരുന്നതെന്ന് ഉന്നതതല യോഗത്തിനു പിന്നാലെ പറഞ്ഞ മന്ത്രി അല്‍പ്പസമയത്തിനുള്ളില്‍ വിഴിഞ്ഞത്തെത്തിയപ്പോള്‍ നിലപാടില്‍ മലക്കം മറിയുകയായിരുന്നു.

മുന്നറിയിപ്പ് നേരത്തെ നല്‍കിയിരുന്നുവെന്നും ന്യൂനമര്‍ദമുണ്ടെന്നും മുന്‍കരുതലെടുക്കണമെന്നും 29ന് അറിയിച്ചിരുന്നെന്നാണ് വിഴിഞ്ഞത്തെത്തിയ കണ്ണന്താനം പറഞ്ഞത്. മല്‍സ്യതൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കണമെന്ന് കേന്ദ്രം അറിയിച്ചിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.


Also Read: ഒരൊറ്റ പ്രാവശ്യമെങ്കിലും അവളും ഞാനും ഒരുമിച്ച് പറക്കും.. എന്നിട്ടേ ചാകത്തൊള്ളൂ…; പൃഥ്വിയുടെ ‘വിമാന’ത്തിന്റെ ടീസര്‍ കാണാം


നേരത്തെ ചുഴലിക്കാറ്റിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കാന്‍ നേരത്തെ സാധിച്ചില്ലെന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ ആദ്യത്തെ വാദം. എന്നാല്‍ ചുഴലിക്കാറ്റിന്റെ വിവരങ്ങളാണ് 30 ന് ഉച്ചയ്ക്ക് കൈമാറിയതെന്നാണ് നിലപാട് തിരുത്തിയ മന്ത്രി പറയുന്നത്.

അതേസമയം ഓഖി ചുഴലിക്കാറ്റിനെ നേരിടാനുള്ള മുന്നൊരുക്കം നടത്തുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് പറഞ്ഞു. എല്ലാ ചുഴലിക്കാറ്റുകളും മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയുന്നതല്ലെന്നും ഓഖി ചുഴലിക്കാറ്റ് അത്തരത്തിലൊന്നാണെന്നുമായിരുന്നു കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിലെ ചുഴലിക്കാറ്റ് ജാഗ്രതാവിഭാഗം തലവന്‍ മൃത്യുഞ്ജയ് മോഹപത്ര പറഞ്ഞത്.

അതേസമയം ചുഴലിക്കാറ്റില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 23 ആയി ഉയര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്നു 11 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഓഖി ചുഴലിക്കാറ്റില്‍ സംസ്ഥാനത്ത് 8 കോടിയുടെ നാശനഷ്ടമുണ്ടായതായാണ് റവന്യൂ വകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍.

എഡിറ്റര്‍

We use cookies to give you the best possible experience. Learn more