റഫീഖ് അഹമ്മദിന്റെ വരികളില്‍ പൊന്നി നദി മലയാളത്തില്‍ പാടി അല്‍ഫോണ്‍സ്; ഇത് പെര്‍ഫെക്റ്റ് ഓകെയെന്ന് തമിഴ് കമന്റുകള്‍
Film News
റഫീഖ് അഹമ്മദിന്റെ വരികളില്‍ പൊന്നി നദി മലയാളത്തില്‍ പാടി അല്‍ഫോണ്‍സ്; ഇത് പെര്‍ഫെക്റ്റ് ഓകെയെന്ന് തമിഴ് കമന്റുകള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 1st August 2022, 8:56 am

ഇന്ത്യന്‍ സിനിമാ ലോകം ഏറെ പ്രതീക്ഷ വെക്കുന്ന ചിത്രമാണ് മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വന്‍. വിക്രം നായകനാവുന്ന ചിത്രം പ്രശസ്ത നോവലിസ്റ്റ് കല്‍ക്കിയുടെ പൊന്നിയിന്‍ സെല്‍വന്‍ എന്ന ചരിത്ര നോവലിനെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.

മുമ്പ് ശ്രദ്ധ നേടിയ മണിരത്‌നം ചിത്രങ്ങളുടെയെല്ലാം ഒരു പ്രധാനഹൈലൈറ്റ് എ.ആര്‍. റഹ്മാന്റെ സംഗീതസംവിധാനമായിരുന്നു. പൊന്നിയിന്‍ സെല്‍വനിലും അതിന് മാറ്റമില്ല. കഴിഞ്ഞ ദിവസമാണ് ചിത്രത്തിലെ ആദ്യ ഗാനമെത്തിയത്.

പൊന്നി നദി എന്ന പാട്ടിന്റെ തമിഴ് വേര്‍ഷനാണ് പുറത്തിറങ്ങിയത്. റഹ്മാന്‍ തന്നെ ആലപിച്ചിരിക്കുന്ന പാട്ടിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ചരിത്രസിനിമക്ക് ഏറ്റവും അനുയോജ്യമായ ഈണമായിരുന്നു പാട്ടിന് റഹ്മാന്‍ നല്‍കിയത്. കാര്‍ത്തിയായിരുന്നു ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെട്ടത്. ഗാനത്തിന്റെ ഹിന്ദി വേര്‍ഷനും റഹ്മാന്‍ തന്നെയാണ് പാടിയത്.

പിന്നാലെ തന്നെ മലയാളം വേര്‍ഷനും പുറത്ത് വന്നിരുന്നു. അല്‍ഫോണ്‍സ് ജോസഫാണ് ഗാനത്തിന്റെ മലയാളം വേര്‍ഷന്‍ പാടിയിരിക്കുന്നത്. ഒറിജിനല്‍ പാട്ടിനോട് നീതി പുലര്‍ത്തുന്നതായിരുന്നു മലയാളം പാട്ടിലെ വരികളും ശബ്ദവും. റഫീഖ് അഹമ്മദാണ് മലയാളം വേര്‍ഷന്റെ വരികളെഴുതിയത്. അതേസമയം ഗാനത്തെ അഭിനന്ദിച്ച് കമന്റ് ബോക്‌സില്‍ ഭൂരിഭാഗവും തമിഴ് കമന്റുകളാണ്.

നകുല്‍ അഭ്യങ്കര്‍, എ.ആര്‍. റൈഹാന, ബംബ ബക്യ എന്നിവര്‍ ചേര്‍ന്നാണ് ഗാനത്തിന്റെ കന്നഡ വേര്‍ഷന്‍ പാടിയിരിക്കുന്നത്.

രണ്ട് ഭാഗങ്ങളിലായി എത്തുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം ഈ വര്‍ഷം സെപ്റ്റംബര്‍ 30ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും. ഐശ്വര്യ റായി ബച്ചന്‍, തൃഷ, പ്രകാശ് രാജ്, ജയറാം, ലാല്‍, റഹ്മാന്‍, റിയാസ് ഖാന്‍, ഖിഷോര്‍, ജയം രവി, ഐശ്വര്യ ലക്ഷ്മി, ശോഭിതാ ധൂലിപാല തുടങ്ങി നിരവധി പേരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

മണിരത്നത്തിന്റെ തന്നെ മഡ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് രണ്ടു ഭാഗങ്ങള്‍ ഉള്ള ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ രണ്ട് ഭാഗങ്ങളുടെയും ഡിജിറ്റല്‍ അവകാശങ്ങള്‍ ആമസോണ്‍ പ്രൈം വീഡിയോ സ്വന്തമാക്കിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. 125 കോടി രൂപയ്ക്കാണ് ആമസോണ്‍ പ്രൈം വീഡിയോ ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശങ്ങള്‍ സ്വന്തമാക്കിയത്.

Content Highlight: Alphonse joseph sings Ponni Nadi in Malayalam from the movie ponniyin selvan with Rafeeq Ahmmed’s lyrics