തിരുവനന്തപുരം: മീന്‍കൊട്ട തട്ടിത്തെറിപ്പിച്ച സംഭവത്തില്‍ സസ്‌പെന്‍ഷനിലായിരുന്ന ആറ്റിങ്ങല്‍ നഗരസഭാ ജീവനക്കാരെ തിരികെ ജോലിയില്‍ എടുത്ത നടപടിക്കെതിരെ മത്സ്യം വില്‍പ്പന നടത്തിയ അല്‍ഫോന്‍സ.
താന്‍ പരിക്കേറ്റ് വിട്ടിലിരിക്കുമ്പോഴാണ് ജീവനക്കാരെ ജോലിയ്ക്ക് തിരികെയെടുക്കുന്നതും അവര്‍ ജോലി ചെയ്ത് ശമ്പളം വാങ്ങുന്നതും. ഈ നടപടി ശരിയായതല്ല എന്നും അല്‍ഫോന്‍സ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് മീന്‍കൊട്ട തട്ടിത്തെറിപ്പിച്ച സംഭവത്തില്‍ സസ്‌പെന്‍ഷനിലായിരുന്ന ജീവനക്കാരെ തിരികെയെടുക്കാന്‍ തീരുമാനിച്ചത്. ഇവരുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കി ഉത്തരവ് വ്യാഴാഴ്ച പുറത്തിറങ്ങുകയും ചെയ്തിരുന്നു.
നിലവില്‍ സസ്‌പെന്‍ഷനിലായിരുന്ന കാലയളവ് ജീവനക്കാരുടെ ലീവായി കണക്കാക്കാനുമാണ് തീരുമാനം. മുബാറക്ക്, ഷിബു എന്നീ ജീവനക്കാര്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് തീരുമാനമെന്നായിരുന്നു നഗരസഭാ ചെയര്‍പേഴ്‌സണ്‍ന്റെ വിശദീകരണം.
കഴിഞ്ഞ ഓഗസ്റ്റ് 10നായിരുന്ന മീന്‍കച്ചവടം നടത്തുകയായിരുന്ന അല്‍ഫോന്‍സയുടെ മീന്‍ നഗരസഭാ ജീവനക്കാര്‍ തട്ടിത്തെറിപ്പിച്ചത്.
ലോക്ഡൗണ്‍ ലംഘിച്ചെന്ന് ആരോപിച്ചായിരുന്നു വഴിയരികില്‍ കച്ചവടം ചെയ്യുകയായിരുന്ന അല്‍ഫോന്‍സയുടെ മീന്‍ തട്ടിത്തെറിപ്പിച്ചത്.
സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസ് എടുത്തിരുന്നു. കേസില്‍ സെപ്റ്റംബര്‍ 10 നകം റിപ്പോര്‍ട്ട് നല്‍കാന്‍ നഗരസഭാ സെക്രട്ടറിക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.