| Sunday, 3rd September 2017, 11:04 am

മന്ത്രിസ്ഥാനം വെല്ലുവിളിയല്ല, മനുഷ്യനായി ജീവിക്കുകയാണ് ഏറ്റവും വലിയ വെല്ലുവിളിയെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേന്ദ്രമന്ത്രിസ്ഥാനം വെല്ലുവിളിയല്ലെന്നും ജീവിതത്തില്‍ ഏറ്റവും വലിയ വെല്ലുവിളി മനുഷ്യനായിട്ട് ജീവിക്കുക എന്നാണെന്നാണ് തനിക്ക് തോന്നുന്നതെന്നും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനും ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗവുമായ അല്‍ഫോണ്‍സ് കണ്ണന്താനം. കേന്ദ്രമന്ത്രിയായി സ്ഥാനമേല്‍ക്കുന്നതിന് മുന്നോടിയായാണ് കണ്ണന്താനത്തിന്റെ പ്രതികരണം.

ഏത് വകുപ്പ് കിട്ടിയാലും സന്തോഷമാണെന്നും ഒരിക്കലും മന്ത്രിസ്ഥാനം പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആരുമല്ലാത്ത തന്നെ മന്ത്രിയാക്കിയത് കേരള ജനതയ്ക്കുളള അംഗീകാരമായിട്ടാണ് കാണുന്നതെന്നും അല്‍ഫോണ്‍സ് അഭിപ്രായപ്പെട്ടു.

ഇന്നലെ വൈകിട്ട് ആറരയോടെയാണ് ഇക്കാര്യം പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നറിഞ്ഞതെന്നും ചെറിയ വലിയ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പറഞ്ഞ കണ്ണന്താനം മന്ത്രിസഭയില്‍ കേരളത്തിന്റെ വ്യക്താവായിരിക്കും താനെന്നും പറഞ്ഞു.

അതേസമയം, പുതുതായി സഭയിലെത്തുന്ന കണ്ണന്താനം ഉള്‍പ്പെടെയുള്ള ഒമ്പത് പേരുടെ സത്യപ്രതിജ്ഞ ഉടന്‍ നടക്കും. നരേന്ദ്ര മോദി മന്ത്രിസഭയുടെ മൂന്നാമത്തെ മന്ത്രിസഭാ പുനഃസംഘടനയാണ് ഇന്നു നടക്കുന്നത്.

കേന്ദ്രമന്ത്രിമാരായ നിര്‍മ്മല സീതാരാമന്‍, പിയൂഷ് ഗോയല്‍, ധര്‍മ്മേന്ദ്ര പ്രധാന്‍, മുക്താര്‍ അബ്ബാസ് നഖ്വി എന്നിവര്‍ക്കാണ് ക്യാബിനറ്റ് റാങ്ക് ലഭിക്കുക. ഇന്നു രാഷ്ട്രപതി ഭവനല്‍ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിലാണ് മോദിസഭയിലേക്ക് കേരളത്തിന്റെ പ്രതിനിധിയെത്തുന്നത്.


Also Read:  അദ്ദേഹത്തിന് തോന്നുന്നത് പറയാനുള്ള അധികാരമുണ്ട്; മോദിക്കെതിരായ പ്രസ്താവന വിവാദമായതോടെ ഉരുണ്ട് കളിച്ച് എം.പി


നേരത്തെ മോദി അധികാരത്തിയതിനു പിന്നാലെ തന്നെ കേരളത്തിനു മന്ത്രിസഭയില്‍ പ്രാതിനിധ്യം ഉണ്ടാവുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ഉയര്‍ന്നിരുന്നു. ആദ്യം കേരളത്തിലെ മുതിര്‍ന്ന ബി.ജെ.പി നേതാവ് രാജഗോപാല്‍ മന്ത്രിയാകുമെന്നായിരുന്നു വാര്‍ത്തകള്‍. പിന്നീട് രാജഗോപാല്‍ എം.എല്‍.എയായശേഷം നടന്ന പുന:സംഘടനയില്‍ കുമ്മനത്തിന്റെ പേരുകകളായിരുന്നു ഉയര്‍ന്നു വന്നത്.

മൂന്നാമത്തെ പുന:സംഘടനയെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്ത് വന്നതിനു പിന്നാലെ കേരളത്തിനു പ്രാതിനിധ്യം ഉണ്ടാകുമെന്ന് ബി.ജെ.പി കേന്ദ്രങ്ങളില്‍ നിന്ന് ഉറച്ച സൂചനയുണ്ടായിരുന്നു. കേരള അധ്യക്ഷന്‍ കുമ്മനത്തിന്റെ പേരാണ് ഈ സ്ഥാനത്തേക്ക് ഉയര്‍ന്നു വന്നിരുന്നതെങ്കില്‍ കോഴ വിവാദങ്ങളും പാര്‍ട്ടിക്കുള്ളിലെ ചേരിതിരിവുമാണ് നേതൃത്വത്തെ മറ്റൊരു പേരിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഉീി േങശ:ൈ അല്‍ഫോണ്‍ കണ്ണന്താനം അഴിമതിക്കാരുടെ എക്കാലത്തേയും പേടിസ്വപ്നമെന്ന് കെ. സുരേന്ദ്രന്‍
ആര്‍.എസ്.എസുമായി അടുത്ത നില്‍ക്കുന്ന കുമ്മനത്തിനായി സംഘടനയും രംഗത്തിറങ്ങിയെങ്കിലും മെഡിക്കല്‍കോഴവിവാദമാണ് കുമ്മനത്തിന് തടസ്സമായത്. വിവാദത്തെ തുടര്‍ന്ന് പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് പോര് മൂര്‍ച്ഛിച്ചതും നേതൃത്വത്തെ വിവാദങ്ങളില്‍പ്പെടാത്ത ഒരു പേരിലേക്ക് നയിക്കുകയായിരുന്നു.

ദേശീയ നിര്‍വാഹക സമിതിയംഗമായ അല്‍ഫോണ്‍സ് കണ്ണന്താനം സംസ്ഥാനത്തെ ഗ്രൂപ്പ് പോരില്‍ പെടാത്ത വ്യക്തിയാണെന്നത് തന്നെയാണ് അദ്ദേഹത്തിന് മന്ത്രിസഭയിലേക്കുള്ള പ്രവേശനം എളുപ്പമാക്കിയത്. ക്രൈസ്തവ ന്യൂനപക്ഷവുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗവുമാണ് ബി.ജെ.പി നേതൃത്വത്തിന്റെ ഈ നീക്കം.

We use cookies to give you the best possible experience. Learn more