| Tuesday, 7th May 2019, 3:12 pm

ദേശീയ പാതാ വികസനം: കേരളത്തെ മുൻഗണനാ പട്ടികയിൽ ഒന്നാമതാക്കണമെന്ന് കേന്ദ്രത്തിന് കണ്ണന്താനത്തിന്റെ കത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ദേശീയപാത വികസനത്തിൽ കേരളത്തെ ഒന്നാമതായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട്‌ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ കത്ത്. കാസർകോട് മുതൽ പാറശ്ശാല വരെയുള്ള ദേശീയപാതയുടെ വികസനം മുൻഗണനാ പട്ടികയിൽ ഒന്നാമതായി പരിഗണിക്കണമെന്നാണ് കണ്ണന്താനം കത്തില്‍ ആവശ്യപ്പെട്ടത്. മാധ്യമങ്ങളിൽ വന്ന വാർത്തകൾ അടിസ്ഥാനമാക്കിയാണ് താൻ ഈ കത്ത് എഴുതുന്നതെന്നും കണ്ണന്താനം സൂചിപ്പിച്ചിട്ടുണ്ട്.

ദേശീയപാതയുടെ വികാസം തടഞ്ഞ് കേരളത്തിന്റെ വികസനം ഇല്ലാതാക്കാനാണ് കേന്ദ്രത്തിന്റെ ഉദ്ദേശ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചിരുന്നു. ദേശീയപാതാ വികസനത്തിനായുള്ള സ്ഥലമെടുപ്പ് തടഞ്ഞ് കേന്ദ്രം വികസനം മുരടിപ്പിക്കുകയാണെന്നും അടുത്ത രണ്ടു വർഷത്തേക്ക് സംസ്ഥാനത്തിന്റെ വികസനം തടയുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ഈ രീതിയിൽ മുന്നോട്ട് പോകുകയാണെങ്കിൽ രണ്ടു വർഷം കഴിഞ്ഞാലും കേരളത്തിൽ വികസനം നടക്കും എന്ന് കരുതുന്നില്ലെന്നും ഇത്തരത്തിൽ സ്ഥലം ഏറ്റെടുക്കുന്നത് കേന്ദ്രം വൈകിപ്പിച്ചാൽ സ്ഥലത്തിന്റെ വില വീണ്ടും വർധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

‘വികസനത്തെ കുറിച്ചുള്ള പരാതികൾ സംസ്ഥാന സർക്കാരിനോട് പറയാതെ രഹസ്യമായി കേന്ദ്രത്തിന് കത്തയച്ച് വികസനം തടയാനാണ് പി.എസ്. ശ്രീധരൻ പിള്ള ശ്രമിക്കുന്നത്. സാഡിസ്റ്റ് മനോഭാവമാണ് ശ്രീധരൻ പിള്ളയ്ക്ക് ഉള്ളത്. നിക്ഷിപ്ത താൽപ്പര്യക്കാർക്ക് ഒപ്പമാണ് കേന്ദ്രം. കേരളത്തിന്റെ വികസനത്തിന്‌ യാതൊരു സംഭാവനയും നൽകാത്തവരാണ് സംഘപരിവാർ. കേരളത്തെ തകർക്കുകയാണ് അവരുടെ ലക്‌ഷ്യം.ദേശീയപാത വികസനമെന്ന കേരളത്തിന്റെ ചിരകാല അഭിലാഷം തടയുകയാണ് കേന്ദ്രം.’ മുഖ്യമന്ത്രി പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more