ആക്ഷന്‍ ഹീറോ ബിജു പോലെ പോസിറ്റീവ് മെസ്സേജ് ഉള്ള സിനിമ എടുത്തൂടെ; ചോദ്യത്തിന് അല്‍ഫോണ്‍സിന്റെ കലിപ്പ് മറുപടി
Movie Day
ആക്ഷന്‍ ഹീറോ ബിജു പോലെ പോസിറ്റീവ് മെസ്സേജ് ഉള്ള സിനിമ എടുത്തൂടെ; ചോദ്യത്തിന് അല്‍ഫോണ്‍സിന്റെ കലിപ്പ് മറുപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th May 2017, 3:15 pm

ആക്ഷന്‍ ഹീറോ ബിജു പോലെ പോസിറ്റീവ് മെസ്സേജ് നല്‍കുന്ന ഏതെങ്കിലും ഒരു സിനിമ എടുത്തൂടെ എന്ന ആരാധകന്റെ ചോദ്യത്തിന് എട്ടിന്റെ മറുപടിയുമായി സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. പോസിറ്റീവ് മെസ്സേജ് നല്‍കാന്‍ വേണ്ടി ഞാന്‍ സിനിമയെടുക്കില്ലെന്നും പോസിറ്റീവ് മെസ്സേജ് നല്‍കാന്‍ താന്‍ പുണ്യാളനോ ഉപദേശിയോ അല്ലെന്നും വെറും മനുഷ്യനാണെന്നുമായിരുന്നു അല്‍ഫോണ്‍സിന്റെ മറുപടി.

ആക്ഷന്‍ ഹീറോ ബിജു പോലത്തെ പടം എബ്രിഡ് ഷൈന്‍ ചേട്ടന്‍ എടുക്കുന്നുണ്ടല്ലോയെന്നും അത് അദ്ദേഹം ചെയ്യട്ടെ തന്നെ എന്തിനാണ് നന്നാക്കുന്നത് അനിയാ എന്നും അല്‍ഫോണ്‍സ് ചോദിക്കുന്നു.

തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് രണ്ട് മാസത്തിനുള്ളില്‍ ആരംഭിക്കുമെന്നുപറഞ്ഞുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിന് താഴെയായിരുന്നു ആരാധകന്റെ ചോദ്യം.

പ്രേമം എന്ന ചിത്രം ഒരു വലിയ എന്റര്‍ടെയ്ന്‍മെന്റ് ആയിരുന്നെങ്കിലും ഒരു പോസിറ്റീവ് മെസ്സേജും ചിത്രം നല്‍കുന്നില്ല എന്നായിരുന്നു അജിത് തിയാട്ട് എന്നയാളുടെ കമന്റ്. ആക്ഷന്‍ ഹീറോ ബിജു പോലത്തെ ചിത്രങ്ങള്‍ താങ്കളില്‍ നിന്നും പ്രതീക്ഷിക്കുന്നെന്നും യൂത്തിനിടയില്‍ താങ്കളുടെ സ്ഥാനം ഉൂട്ടിയുറപ്പിക്കാന്‍ അതുകൊണ്ട് സാധിക്കുമെന്നുമായിരുന്നു ഇയാളുടെ കമന്റ് .”താങ്കള്‍ ഇഷ്ടപ്പെടുന്ന “ജഗന്നാധന്‍” വെറും വെള്ളമടിച്ചു ഷോ ഓഫ് കാണിച്ചു നടക്കുന്ന ഒരാളല്ലായിരുന്നു” എന്ന് കൂടി ഇദ്ദേഹം കമന്റില്‍ പറഞ്ഞു.

ഇതിനും അല്‍ഫോണ്‍സ് മറുപടി നല്‍കി “ജഗന്നാഥന്‍ വെള്ളമടിച്ചു ഷോ ഓഫ് കാണിച്ചു നടന്ന ആളായതുകൊണ്ടാണല്ലോ കുറേ നാള്‍ പൂട്ടി കിടന്ന ഉത്സവം നടത്തിയത്. ആള്‍ക്കാരെ ഇടിച്ച് ഇടിച്ച് ആയിരിക്കും അയാള്‍ ഹരിമുരളീരവം പാടാന്‍ പഠിച്ചതല്ലേ” എന്നുമായിരുന്നു അല്‍ഫോണ്‍സിന്റെ ചോദ്യം.

ഇതിന് പിന്നാലെ ലാലേട്ടനുമൊന്നിച്ചുള്ള ഒരു ലോകോത്തര ചിത്രം എന്നെന്നത്തുമെന്ന ഷിംജിത് റഹ്നാന്‍ എന്നായാളുടെ ചോദ്യത്തിനും കിടിലന്‍ മറുപടി തന്നെ നല്‍കി അല്‍ഫോണ്‍സ്.

” സിനിമയില്‍ ഞാന്‍ എല്‍.കെ.ജിയും ലാലേട്ടനും മമ്മൂക്കയും പി.എച്ച്.ഡി മൂന്ന് പ്രാവശ്യം വാങ്ങിച്ച പ്രൊഫസര്‍മാരുമാണ്. ഇടയ്ക്ക് ഇടയ്ക്ക് ഈ ചോദ്യം കാണുമ്പോള്‍ ഈ ഉത്തരമാണ് എനിക്ക് തരാന്‍ തോന്നുന്നേ. ഞാന്‍ മിനിമം ഡിഗ്രി എങ്കിലും എത്തട്ട”- അല്‍ഫോണ്‍സ് പറയുന്നു.