തിരുവനന്തപുരം: കൊല്ലത്ത് മത്സരിക്കാന്‍ തനിക്ക് മേല്‍ സമ്മര്‍ദ്ദമുള്ളതായി കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ അല്‍ഫോണ്‍സ് കണ്ണന്താനം. കൊല്ലത്ത് മത്സരിക്കുന്നതിനേക്കാള്‍ ഭേദം മലപ്പുറത്ത് പോയി മത്സരിക്കുന്നതാണെന്നും കണ്ണന്താനം പറഞ്ഞു.
മത്സരിക്കാന്‍ ഇല്ലെന്നാണ് തന്റെ നിലപാട്. നിര്‍ബന്ധമാണെങ്കില്‍ പത്തനംതിട്ടയോ തൃശൂരോ കോട്ടയമോ ലഭിക്കണം. കൊല്ലത്ത് മത്സരിക്കാന്‍ താത്പര്യമില്ല. എന്നാല്‍ വലിയ സമ്മര്‍ദ്ദമാണ് വരുന്നത്. കൊല്ലത്ത് ആരേയും പരിചയം പോലുമില്ലെന്നും കണ്ണന്താനം പറഞ്ഞു.
മത്സരിക്കാന്‍ താത്പര്യമില്ലെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നു. തന്റെ മണ്ഡലം പത്തനംതിട്ടയാണ്. അതുകൊണ്ട് തന്നെ അവിടെ മത്സരിക്കണമെന്നാണ് ആഗ്രഹം. മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പ്രദേശത്തെ സഭകളുമായും എന്‍.എസ്.എസുമായും തനിക്ക് നല്ല ബന്ധമാണ് ഉള്ളത്.
ഡി.സി.സി പ്രസിഡന്റിനെ മാറ്റാതെ പ്രചരണം സാധ്യമല്ല; കാസര്‍ഗോഡ് പ്രചരണം നിര്‍ത്തിവെച്ച് ഉണ്ണിത്താന്‍
“എന്നെ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രിയോടും പാര്‍ട്ടി പ്രസിഡന്റിനോടും പറഞ്ഞു. എനിക്ക് സീറ്റ് വേണ്ട. അപ്പോള്‍ അവര്‍ പറഞ്ഞു. അങ്ങനെയെല്ല നിങ്ങള്‍ മത്സരിക്കണം. കാരണം കേരളത്തില്‍ നിന്നുള്ള ഏക കേന്ദ്രമന്ത്രിയാണ് ഞാന്‍ എന്ന് പറഞ്ഞ് അവര്‍ നിര്‍ബന്ധം പിടിക്കുകയാണ്.
കാഞ്ഞിരപ്പള്ളി പൂഞ്ഞാറും എന്റെ മേഖലായിരുന്നു. ഞാന്‍ ഈ മണ്ഡലംകാരനാണ്. പക്ഷേ പത്തനംതിട്ടയില്‍ പാര്‍ട്ടി വേറെ ആര്‍ക്കെങ്കിലും എന്നേക്കാള്‍ വിജയസാധ്യത കാണുന്നുണ്ടെങ്കില്‍ അവര്‍ക്ക് കൊടുക്കണം എന്ന് ഞാന്‍ പാര്‍ട്ടിയോട് പറഞ്ഞിട്ടുണ്ട്. എവിടെയെങ്കിലും മത്സരിക്കണമെന്ന് പറഞ്ഞ് നിര്‍ബന്ധിക്കുകയാണ് പാര്‍ട്ടി. എനിക്ക് തൃശൂര്‍ കണക്ഷന്‍ ഉണ്ട്. പക്ഷേ അത് തുഷാറിന് കൊടുത്തു. കൊല്ലത്ത് ആരേയും അറിയില്ല. കൊല്ലം കിട്ടുന്നതിനേക്കാള്‍ നല്ലത് എനിക്ക് മലപ്പുറം കിട്ടുന്നതാണ് എന്നാണ് തോന്നുന്നത്.
കേന്ദ്രനേതൃത്വത്തിനാണ് ഞാന്‍ മത്സരിക്കണമെന്ന് നിര്‍ബന്ധമുള്ളത്. പാര്‍ട്ടി പ്രസിഡന്റും പ്രധാനമന്ത്രിയും പറയുകയും അത് ചെയ്തു. ഏത് മണ്ഡലം തന്നാലും മത്സരിക്കണമെന്നാണ് പറഞ്ഞത്. എന്നെ ഒഴിവാക്കണമെന്നാണ് ഇന്ന് രാവിലേയും പറഞ്ഞത്. നിര്‍ബന്ധിക്കുകയാണെങ്കില്‍ പിന്നെ എന്തുചെയ്യാനാണ്. കേന്ദ്രം പറഞ്ഞാല്‍ മറ്റ് നിവൃത്തിയില്ല. ബി.ജെ.പിയില്‍ ഇപ്പോള്‍ കളത്തിലുള്ളവരെല്ലാം മുതിര്‍ന്ന നേതാക്കളാണ്. പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചവരാണ്. അവര്‍ക്ക് കൂടുതല്‍ പരിഗണന കൊടുക്കേണ്ടിവരും.
പത്തനംതിട്ടയില്‍ ശ്രീധരന്‍പിള്ളയാണോ സുരേന്ദ്രനാണോ മത്സരിക്കാന്‍ അനുയോജ്യന്‍ എന്ന ചോദ്യത്തിന് അതൊക്കെ പാര്‍ട്ടി തീരുമാനിക്കേണ്ട കാര്യങ്ങളാണെന്നായിരുന്നു കണ്ണന്താനത്തിന്റെ മറുപടി.
കെ. സുരേന്ദ്രന് മണ്ഡലം കിട്ടാത്ത സാഹചര്യം ഉണ്ടല്ലോ എന്ന ചോദ്യത്തിന് ഇതിന് മറുപടി പറയാനുള്ള രാഷ്ട്രീയബുദ്ധി തനിക്ക് ഇല്ലെന്നായിരുന്നു കണ്ണന്താനത്തിന്റെ മറുപടി.