| Monday, 27th July 2020, 5:11 pm

'ഏത് പാര്‍ട്ടിക്കാരനായാലും ചെയ്തത് തെറ്റാണ്, വിവരക്കേടാണ്'; ശവസംസ്‌ക്കാരം തടസപ്പെടുത്തിയ സംഭവത്തില്‍ കണ്ണന്താനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: കോട്ടയത്ത് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ ശവസംസ്‌ക്കാരം ബി.ജെ.പി കൗണ്‍സിലറുടെ നേതൃത്വത്തില്‍ തടസപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ അല്‍ഫോണ്‍സ് കണ്ണന്താനം.

സംഭവം കോട്ടയത്തിന് തന്നെ അപമാനകരമാണെന്നും വിവരക്കേടാണ് അവിടെ കണ്ടതെന്നും ഏത് രാഷ്ട്രീയപ്പാര്‍ട്ടിയായാലും മൃതദേഹത്തോട് അനാദരവ് കാണിക്കുന്നത് തെറ്റാണെന്നും കണ്ണന്താനം പറഞ്ഞു.

ബി.ജെ.പി കൗണ്‍സിലറുടെ നേതൃത്വത്തിലാണ് ഇതെല്ലാം നടന്നത് എന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ ആരുടെ നേതൃത്വത്തിലായാലും ഏത് പാര്‍ട്ടിക്കാരനായാലും അത് തെറ്റ് തന്നെയാണെന്നായിരുന്നു കണ്ണന്താനത്തിന്റെ മറുപടി.

ലോകത്ത് എവിടെ ചെന്നാലും കോട്ടയെ കുറിച്ച് അഭിമാനത്തോടെയാണ് പറയാറ്. കേരളത്തില്‍ തന്നെ പൂര്‍ണസാക്ഷരത നേടിയ ജില്ലയാണ് കോട്ടയം. അക്ഷരനഗരം എന്നാണ് കോട്ടയം അറിയപ്പെടുന്നത്. പക്ഷേ ഇന്നലെ സംഭവിച്ചത് കോട്ടയത്തെ പേരിനും പ്രശസ്തിക്കും കോട്ടം സംഭവിക്കുന്ന കാര്യമായി പോയി.

ആര് വിവരക്കേട് കാണിച്ചാലും ആര് തെറ്റ് ചെയ്താലും അത് തെറ്റാണ്. ഏത് രാഷ്ട്രീയപാര്‍ട്ടിയായാലും അത് തെറ്റാണ്. ഇതില്‍ സ്ഥലം എം.എല്‍.എയുടെ ഭാഗത്തും തെറ്റുണ്ടായി. ആളുകളെ പറഞ്ഞ് മനസിലാക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായില്ലെന്നും തിരുവഞ്ചൂരിനെ കുറ്റപ്പെടുത്തി കണ്ണന്താനം പറഞ്ഞു.

തിരുവഞ്ചൂര്‍ അവിടെ ഉണ്ടായിരുന്നല്ലോ. മൃതദേഹം ദഹിപ്പിച്ചാല്‍ പുകയില്‍ നിന്ന് വൈറസ് പിടിക്കില്ലെന്ന് പറഞ്ഞുമനസിലാക്കാന്‍ അദ്ദേഹത്തിന് കഴിവില്ലേ, ഏതൊരു ജനപ്രതിനിധിയും ചെയ്യേണ്ട കാര്യമല്ലേ, എന്തുകൊണ്ട് ജനങ്ങളെ പറഞ്ഞ് മനസിലാക്കാന്‍ പറ്റിയില്ല.,എന്നായിരുന്നു കണ്ണന്താനം ചോദിച്ചത്.

എന്നാല്‍ പ്രശ്‌നത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നതിനെ പ്രോത്സാഹിപ്പിക്കരുതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ പ്രതികരിച്ചു. ‘പ്രശ്‌നം ആരംഭിച്ച് രണ്ട് മണിക്കൂറിനുള്ളിലുള്ളില്‍ പ്രദേശത്ത് എത്തി വിഷയത്തിലിടപെട്ടിരുന്നു.

പാവപ്പെട്ട ആളുകളാണ് അവിടെ താമസിക്കുന്നത്. അവരോട് സംസാരിച്ച് മൃതദേഹം അടക്കം ചെയ്യുന്നത് സംബന്ധിച്ച് അവര്‍ക്ക് തടസ്സമില്ലെന്ന നിലയിലേക്ക് കാര്യങ്ങളെത്തിച്ചു. എന്നാല്‍ ആ സമയത്താണ് തഹസില്‍ദാര്‍ മൃതദേഹം ഇങ്ങോട്ടേക്ക് എത്തിക്കുന്നില്ലെന്ന് അറിയിച്ചത്. അത് കൊണ്ടാണ് അവിടെനിന്നും തിരികെ പോയതെന്നും’ തിരുവഞ്ചൂര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

അതേസമയം മുട്ടമ്പലത്ത് പ്രദേശവാസികളെ സംഘടിപ്പിച്ച് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാരം തടഞ്ഞ ബി.ജെ.പി കൗണ്‍സിലര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കൗണ്‍സിലര്‍ ടി.എന്‍ ഹരികുമാറിനെതിരെയും, കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെയുമാണ് കേസ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more