| Wednesday, 3rd April 2019, 10:26 am

ഗൂഗിള്‍ മാപ്പും ഇട്ട് മണ്ഡലത്തിന്റെ അതിര്‍ത്തി നോക്കിയല്ല വോട്ട് ചോദിക്കുന്നത്; ഷൈന്‍ ചെയ്യുന്നവരെ കൊല്ലാനിറങ്ങിയിരിക്കുകയാണ് യുവാക്കള്‍; ട്രോളന്‍മാര്‍ക്കെതിരെ കണ്ണന്താനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കേരളത്തില്‍ യുവാക്കള്‍ രാവിലെ എഴുന്നേറ്റ് കാപ്പിക്കൊപ്പം ആരെയെങ്കിലും കൊല്ലാന്‍ ഇറങ്ങുകയാണെന്ന് കേന്ദ്രമന്ത്രിയും എറണാകുളത്തെ സ്ഥാനാര്‍ത്ഥിയുമായ അല്‍ഫോണ്‍സ് കണ്ണന്താനം.

“ഞാന്‍ എല്ലാ സംസ്ഥാനങ്ങളിലും പോയി എന്‍.ഡി.എയ്ക്ക് വേണ്ടി വോട്ട് ചോദിച്ചിട്ടുണ്ട്. അവിടെയെല്ലാം ഞങ്ങള്‍ക്ക് വോട്ട് ചെയ്യണമെന്നാണ് പറയുന്നത്. ഗൂഗിള്‍ മാപ്പും ഇട്ട് മണ്ഡലത്തിന്റെ അതിര്‍ത്തി നോക്കിയല്ല വോട്ട് പിടിക്കുന്നത്. കണ്ണന്താനം കോടതിയില്‍ കയറി വോട്ട് പിടിച്ചുവെന്നാണ് പ്രചരിപ്പിക്കുന്നത്. ജഡ്ജി ഇരിക്കുമ്പോഴേ കോടതി ആവുന്നുള്ളൂവെന്ന് വക്കീല്‍ ആയ എനിക്ക് അറിയാം. ജവാന്റെ മൃതദേഹത്തോടൊപ്പം നിന്ന് സെല്‍ഫി എടുത്തെന്നായിരുന്നു മറ്റൊരു പ്രചാരണം. എന്നാല്‍ അതൊരു വ്യാജ വാര്‍ത്തയായിരുന്നു”-കണ്ണന്താനം പറഞ്ഞു.

ഏതെങ്കിലും ഒരു മന്ത്രി പ്രളയദുരിതാശ്വാസ ക്യാമ്പില്‍ മൂന്നാഴ്ച താമസിച്ചിട്ടുണ്ടോ? വാചകമടിച്ചും മുദ്രാവാക്യം വിളിച്ചും എത്തിയതല്ല ഞങ്ങള്‍. കഠിനാധ്വാനം ചെയ്താണ് ഞാന്‍ ഇതുവരെ എത്തിയത്. ടൈം മാഗസിന്‍ നൂറു നേതാക്കളില്‍ ഒരാളായി എന്നെ തെരഞ്ഞെടുത്തത് കഠിനാധ്വാനം ചെയ്തിട്ടാണെന്നും കണ്ണന്താനം പറഞ്ഞു.


കോടീശ്വരന്‍ പരിപാടിയിലൂടെ വര്‍ഗ്ഗീയ അജണ്ട തിരുകിക്കയറ്റി; സുരേഷ് ഗോപി സംഘപരിവാര്‍ പാളയത്തിലെത്തിയത് എങ്ങനെയെന്ന് വെളിപ്പെടുത്തി സംവിധായകന്‍ നിഷാദ്


ജനങ്ങള്‍ കുറച്ചുകൂടി ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു. നിസ്സാര കാര്യങ്ങള്‍ പറഞ്ഞുകൊണ്ടുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. എന്നെ ട്രോളുന്നതുകൊണ്ട് വിഷമമൊന്നുമില്ല. ഇടതും വലതും ഭരിച്ച് ഇവിടെ കുളമാക്കി. ചെറുപ്പക്കാരുടെ ഭാവി നശിപ്പിച്ചു. അതുകൊണ്ടാണ് യുവാക്കള്‍ രാവിലെ എഴുന്നേറ്റ് കാപ്പിക്കൊപ്പം ആരെയെങ്കിലും കൊല്ലാന്‍ ഇറങ്ങുന്നത്. ആര് ഷൈന്‍ ചെയ്യുന്നുവോ അവരെ കൊല്ലുകയാണ്- കണ്ണന്താനം പറഞ്ഞു.

ഞങ്ങളുടെ ചിത്രങ്ങള്‍ വെറുതെ കൊടുക്കാതെ ജീവിതം കൊണ്ട് ഞങ്ങള്‍ എന്തുചെയ്തുവെന്ന് ജനങ്ങളോട് പറയൂ. ജനം സത്യം തിരിച്ചറിഞ്ഞ് മികച്ചവര്‍ക്ക് വോട്ട് ചെയ്യട്ടെ- എറണാകുളം പ്രസ് ക്ലബ്ലില്‍ നടത്തിയ പരിപാടിയില്‍ കണ്ണന്താനം പറഞ്ഞു.

We use cookies to give you the best possible experience. Learn more