ന്യൂദല്‍ഹി: ബി.ജെ.പി മുഖപത്രം ജന്മഭൂമിയ്‌ക്കെതിരെ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ജന്മഭൂമി തനിക്കെതിരെ പറയുകയോ പട്ടം പറപ്പിക്കുകയോ ചെയ്താല്‍ ഒരു പ്രശ്‌നവുമില്ലെന്ന് കണ്ണന്താനം പറഞ്ഞതായി ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.
നേരത്തെ യു.എ.ഇയുടെ സഹായ വാഗ്ദാനം കേരളത്തിന് ലഭ്യമാക്കണമെന്ന മന്ത്രിയുടെ അഭിപ്രായം വകതിരിവില്ലാത്തതാണെന്ന് ജന്മഭൂമിയുടെ മുഖപ്രസംഗത്തത്തില്‍ പരാമര്‍ശിച്ചിരുന്നു. ഇതിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തന്നെ തോല്‍പ്പിക്കാമെന്ന് കരുതി ആരും വെറുതെ സമയം കളയേണ്ട. എഴുതുന്നവന്‍ എഴുതട്ടെ പറയുന്നവന്‍ പറയട്ടെ തനിക്ക് ചെയ്യാനുള്ളത് ചെയ്യും. അവര്‍ പറയുകയോ പട്ടം പറപ്പിക്കുകയോ ചെയ്യട്ടെ. സോഷ്യല്‍ മീഡിയ എഴുതിയാലും ഒരു പ്രശ്നവുമില്ല. 50 വര്‍ഷം മുമ്പ് തീരുമാനിച്ചതാണ് എന്റെ രീതികളനുസരിച്ച് ജീവിക്കുമെന്ന്.
മറ്റാരും പറയുന്ന രീതിയിലല്ല താന്‍ ജീവിക്കുന്നതെന്നു ജനങ്ങളുടെ കൂടെയാണ് താനുള്ളതെന്ന് ജീവിതംകൊണ്ട് കാണിച്ചുകൊടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇനി ആര്‍ക്കും അത് തെളിയിച്ച് കൊടുക്കേണ്ട ആവശ്യമില്ലെന്നും കണ്ണന്താനം പറഞ്ഞു.
ദുരിതാശ്വാസ ക്യാമ്പില്‍ രാത്രി ഉറങ്ങിയതിനെ ജന്മഭൂമി പരിഹസിച്ചതും കാര്യമാക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു. “ആദ്യദിവസം പേഴ്സണല്‍ സ്റ്റാഫ് ഒരു പൊട്ടത്തരം കാണിച്ചു. എന്റെ ഫേസ്ബുക്ക് പേജില്‍ ഞാന്‍ ഉറങ്ങുകയാണെന്ന് പോസ്റ്റിട്ടു. അവിടെ മാത്രമല്ല നോര്‍ത്ത് പറവൂരിലെ ക്യാമ്പിലും ഞാന്‍ താമസിച്ചു” കണ്ണന്താനം പറഞ്ഞു.
ക്യാംപില്‍ ഉറങ്ങിക്കിടക്കുന്ന ഫോട്ടോ തന്റെ ഫേസ്ബുക്കില്‍ കണ്ണന്താനം പോസ്റ്റ് ചെയ്തത് നേരത്തെ ചര്‍ച്ചയായിരുന്നു.
WATCH THIS VIDEO: