അഹമ്മദാബാദ്: അവിവാഹിതരായ യുവതികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന ഠാക്കൂര്‍ സമുദായത്തിന്റെ നിര്‍ദ്ദേശത്തിനെതിരെ സമുദായംഗവും എം.എല്‍.എയുമായ അല്‍പേഷ് ഠാക്കൂര്‍. തീരുമാനം ആണ്‍കുട്ടികള്‍ക്കും ബാധകമാക്കണമെന്ന് അല്‍പേഷ് ഠാക്കൂര്‍ പറഞ്ഞു.
‘പെണ്‍കുട്ടികള്‍ക്ക് മാത്രം നിയമം ചുരുക്കുന്നത് ശരിയല്ല. ലിംഗഭേദമില്ലാതെ വേണം ഇത് നടപ്പിലാക്കാന്‍’- അല്‍പേഷ് ഠാക്കൂറിനെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
‘വിവാഹത്തിന് ചെലവ് ചുരുക്കുന്നത് പോലെയുള്ള നിര്‍ദ്ദേശം അംഗീകരിക്കാന്‍ പറ്റും. അത് നല്ലതുമാണ്. എന്നാല്‍ അവിവാഹിതരായ പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലായെന്ന തീരുമാനത്തില്‍ പിശകുണ്ട്. ഇത് ആണ്‍കുട്ടികള്‍ക്കും കൂടെ ബാധകമാക്കുമെങ്കില്‍ നല്ലത്. പ്രണയവിവാഹം പാടില്ല എന്ന തീരുമാനത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ എനിക്ക് താല്‍പ്പര്യമില്ല. കാരണം ഞാന്‍ പ്രണയിച്ച് വിവാഹം ചെയ്തയാളാണ്.’
ഗുജറാത്തിലെ ബനാസ്‌കാണ്ഡാ ജില്ലയിലെ ഠാക്കൂര്‍ സമുദായം ഞായറാഴ്ച ചേര്‍ന്ന യോഗത്തിലാണ് വിചിത്രമായ തീരുമാനം കൈക്കൊണ്ടത്.
സമുദായത്തിന് പുറത്തുനിന്ന് വിവാഹം കഴിക്കുന്ന ചെറുപ്പക്കാരുടെ മാതാപിതാക്കള്‍ക്ക് പിഴ ചുമത്താനും സമുദായത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ ചേര്‍ന്ന് പുറപ്പെടുവിച്ച ഉത്തരവില്‍ നിര്‍ദേശിക്കുന്നു.
അവിവാഹിതകളായ സ്ത്രീകള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കരുത്. ഇവരുടെ പക്കല്‍നിന്ന് മൊബൈല്‍ ഫോണുകള്‍ കണ്ടെത്തുന്നത് കുറ്റകരമാണ്. മാതാപിതാക്കളെ ഉത്തരവാദികളാക്കി 1.50 ലക്ഷം പിഴ ഈടാക്കാനും നിര്‍ദ്ദേശമുണ്ട്.
കൂടാതെ സമുദായത്തിന് പുറത്തുനിന്ന് വിവാഹം കഴിക്കുന്ന ചെറുപ്പക്കാരുടെ മാതാപിതാക്കള്‍ക്ക് ഒന്നരലക്ഷം മുതല്‍ രണ്ടുലക്ഷം വരെ പിഴ ഈടാക്കാനും സമുദായത്തിലെ മുതിര്‍ന്ന നേതാക്കള്‍ പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നു.
ജില്ലയിലെ 12 ഗ്രാമങ്ങളില്‍നിന്നുള്ള 14 മുഖ്യന്മാര്‍ ചേര്‍ന്ന് ജൂലൈ 14 ന് ദന്തിവാഡാ താലൂക്കില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
അതേസമയം പെണ്‍കുട്ടികളെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍നിന്ന് വിലക്കാനുള്ള നീക്കത്തില്‍ തെറ്റൊന്നുമില്ലെന്ന് കോണ്‍ഗ്രസ് എം.എല്‍.എ ഗാനിബെന്‍ ഠാക്കൂര്‍ പറഞ്ഞു. പെണ്‍കുട്ടികള്‍ സാങ്കേതികവിദ്യയില്‍നിന്ന് ദൂരംപാലിക്കണമെന്നും കൂടുതല്‍ സമയം പഠനത്തിനു വേണ്ടി ചിലവഴിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
WATCH THIS VIDEO: